Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനു വേണ്ടി വിവരങ്ങൾ ചോർത്തി; ബ്രിട്ടിഷ് കമ്പനിയെ ഫെയ്‌സ്ബുക് പുറത്താക്കി

Facebook loescht falsche Profile

ന്യൂയോർക്ക്∙ തിരഞ്ഞെടുപ്പുകാലത്തു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിച്ച രാഷ്ട്രീയവിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയെ ഫെയ്‌സ്‌ബുക് പുറത്താക്കി. 

സ്വകാര്യതാനിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫെയ്‌സ് ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ബ്രിട്ടിഷ് സ്വകാര്യസ്ഥാപനം ചോർത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലാബോറട്ടറീസിനും (എസ്‌സിഎൽ) വിലക്കു ബാധകമാണ്. സ്വകാര്യത സംബന്ധിച്ച ഫെയ്‌സ് ബുക് അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞെന്നും ഫെയ്‌സ് ബുക് സിഇഒ മാർക് സുക്കർബർഗിനെ യുഎസ് കോൺഗ്രസ് ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നും  ഡമോക്രാറ്റിക് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. 

2016 ലെ യുഎസ് തിരഞ്ഞെടുപ്പു കാലത്തു ട്രംപ് പ്രചാരകർക്കുവേണ്ടി വോട്ടർമാരുടെ വിവരശേഖരണത്തിന്റെ ഭാഗമായാണു 2014 മുതൽ ഫെയ്‌സ് ബുക്കിൽനിന്ന് അഞ്ചു കോടിയോളം പേരുടെ വ്യക്തിവിവരങ്ങൾ എടുത്തത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയാണിത്.

ട്രംപിന്റെ പ്രചാരണത്തിനായി സമൂഹമാധ്യമം ദുരുപയോഗം ചെയ്തതായി നേരത്തെ ആരോപണം ഉയർന്നിരുന്നുവെങ്കിലും വ്യക്തിവിവരങ്ങൾ ചോർന്നതു ഫെയ്‌സ് ബുക് ഇതാദ്യമാണു വെളിപ്പെടുത്തുന്നത്. റഷ്യൻ ഏജൻസികൾ ഫെയ്‌സ്ബുക് സങ്കേതങ്ങൾ ഉപയോഗിച്ച്  യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതായും ആരോപണമുള്ളതാണ്.

ബ്രിട്ടനിലെ ‘ബ്രെക്സിറ്റ്’ പ്രചാരണ കാലത്തും കേംബ്രിജ് അനലിറ്റിക്ക സമാനമായ രീതിയിൽ സ്വകാര്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ യുകെ പാർലമെന്റ്–സർക്കാർ സമിതികൾ അന്വേഷണം നടത്തുന്നുണ്ട്.

ലണ്ടൻ ആസ്ഥാനമായ എസ്‌സിഎൽ, യുഎസ് തിരഞ്ഞെടുപ്പു വിശകലനത്തിനു വേണ്ടിയാണു 2013 ൽ കേംബ്രിജ് അനലിറ്റിക്ക സ്ഥാപിച്ചത്.