Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്ക് പർദ നിർബന്ധമല്ല: സൗദി കിരീടാവകാശി

റിയാദ്∙ സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പർദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

‘മാന്യവും സഭ്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിർദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കിലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കു നൽകുകയാണു വേണ്ടത്.’ – യുഎസ് ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നും എല്ലാ രംഗങ്ങളിലും സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു.

1979ലെ ഇറാൻ വിപ്ലവത്തിനു മുൻപു സൗദി, മിതവാദ ഇസ്‍ലാമിന്റെ പാതയിലായിരുന്നു. സ്ത്രീകൾക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തിയറ്ററുകൾ അടക്കമുള്ള വിനോദോപാധികളും സജീവമായിരുന്നു. പിന്നീടു സംഭവിച്ച പിഴവുകളെല്ലാം തിരുത്താനുള്ള ശ്രമത്തിലാണ് – അദ്ദേഹം പറഞ്ഞു. 

‘ഞാൻ ഗാന്ധിയോ മണ്ടേലയോ അല്ല’

സൗദി കിരീടാവകാശിയുടെ അഭിമുഖം അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകൾ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി. എല്ലാ ചോദ്യങ്ങൾക്കും കൃത്യവും സുതാര്യവുമായ മറുപടികൾ. ‘മനുഷ്യാവകാശം സൗദിക്ക് ഏറെ പ്രധാനമാണ്. എന്നാൽ സൗദിയിലെയും അമേരിക്കയിലെയും മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ വ്യത്യസ്തമാണ്. കൂടുതൽ മെച്ചപ്പെട്ട അവസ്ഥകളിലേക്കു ഞങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.’

സ്വകാര്യ സ്വത്തുക്കളെക്കുറിച്ചു ചോദിച്ചപ്പൾ ‘ഞാൻ ഗാന്ധിയോ മണ്ടേലയോ അല്ല’ എന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാൻ പണക്കാരനായാണു ജനിച്ചത്. പക്ഷേ, സമ്പത്തിൽ 51 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. സ്വകാര്യതകളെ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ടം’ – അദ്ദേഹം നയം വ്യക്തമാക്കി.