Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ബിൽ പാസായാൽ ഇന്ത്യൻ കോൾ സെന്റർ മേഖല തകരും

വാഷിങ്ടൻ∙ കോൾ സെന്റർ മേഖലയിലെ ജോലികൾ രാജ്യത്തിനു പുറത്തേക്കു പോകുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള യുഎസ് ബിൽ ഇന്ത്യയ്ക്കു തിരിച്ചടിയാകും. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റർ ഷെറോഡ് ബ്രൗൺ ആണു കോൺഗ്രസിൽ ഈ ബിൽ അവതരിപ്പിച്ചത്.

കോൾ സെന്ററുകളിലെ ജീവനക്കാർ കോൾ എടുക്കുമ്പോൾ ഏതു രാജ്യത്താണു കോൾ സെന്റർ പ്രവർത്തിക്കുന്നതെന്നു പറയണം. വിദേശത്താണെങ്കിൽ അമേരിക്കയിൽ തന്നെയുള്ള സർവീസ് ഏജന്റിനു കോൾ കൈമാറാൻ ആവശ്യപ്പെടണം. രാജ്യത്തിനു പുറത്ത് ഇത്തരം ജോലികൾ നൽകിയിട്ടുള്ള കമ്പനികളുടെ പട്ടിക തയാറാക്കുകയും അങ്ങനെ ചെയ്യാത്ത കമ്പനികൾക്കു കരാർ നൽകുന്നതിനു മുൻഗണന നൽകുകയും ചെയ്യണം.

ഒഹായോ സംസ്ഥാനത്തുള്ള കമ്പനികൾ അവടുത്തെ കോൾ സെന്ററുകൾ അടച്ചുപൂട്ടിയശേഷം അവ മുഴുവൻ പ്രവർത്തിപ്പിക്കുന്നത് ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പീൻസ്, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അതിനാൽ ഒഹായോയിലുള്ള ജീവനക്കാരുടെ തൊഴിൽ അവസരങ്ങളാണു നഷ്ടപ്പെടുന്നതെന്നു ഷെറോഡ് ബ്രൗൺ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഈ രംഗത്തു പ്രതിവർഷം 2800 കോടി ഡോളറിന്റെ വരുമാനമാണു ലഭിക്കുന്നത്.

ഇതിനിടെ, എച്ച്–1ബി വീസ വിരുദ്ധ പരസ്യം സാൻഫ്രാൻസിസ്കോയിലെയും കലിഫോർണിയയിലെയും വിവിധ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇന്ത്യൻ ഐടി പ്രഫഷനലുകൾ അടക്കമുള്ളവർ തൊഴിൽ വീസയ്ക്ക് അപേക്ഷ നൽകുന്ന സമയമായതോടെയാണ് ഇവ രംഗപ്രവേശം ചെയ്തത്. കുടിയേറ്റ നയപരിഷ്കരണം ആവശ്യപ്പെടുന്ന സംഘടനയാണ് 80,000 ഡോളർ മുടക്കി ഇതു നൽകിയിരിക്കുന്നത്.

‘എച്ച്–1ബി നിയമം പരിഷ്കരിക്കൂ, അമേരിക്കക്കാരെ തന്നെ ജോലിക്കെടുക്കൂ’ തുടങ്ങിയ ആവശ്യങ്ങളാണു പരസ്യത്തിലുള്ളത്. എച്ച്–1ബി വീസ ദുരുപയോഗമുണ്ടായിട്ടുണ്ടെങ്കിൽ തന്നെ, ഇത്തരത്തിൽ പരസ്യം നൽകുന്നതു ശരിയല്ലെന്ന വിമർശനവുമുയർന്നിട്ടുണ്ട്.