Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈജീരിയ: ബൊക്കോ ഹറാം 76 പെൺകുട്ടികളെ മോചിപ്പിച്ചു

Nigeria Kidnapped Schoolgirls Representative Image

അബുജ∙ ഫെബ്രുവരി 19നു വടക്കുകിഴക്കൻ നൈജീരിയയിലെ ദാപ്ചിയിൽ ഗേൾസ് സ്കൂൾ ആക്രമിച്ചു ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയ 110 പെൺകുട്ടികളിൽ 76 പേരെ മോചിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചു പെൺകുട്ടികൾ മരിച്ചെന്നും ഒരു കുട്ടിയെ ഇപ്പോഴും തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും മോചിതരായ പെൺകുട്ടികൾ അറിയിച്ചു.

നൈജീരിയൻ സർക്കാർ ഭീകരരുമായി നടത്തിയ സന്ധിസംഭാഷണങ്ങൾക്കു ശേഷമാണു പെൺകുട്ടികളെ മോചിപ്പിച്ചതെന്നു മന്ത്രി ലായ് മുഹമ്മദ് പറഞ്ഞു. എന്നാൽ ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഒൻപതു വാഹനങ്ങളിൽ പുലർച്ചെ സ്കൂൾ കവാടത്തിൽ ഭീകരർ കുട്ടികളെ കൊണ്ടുവന്നിറക്കുകയായിരുന്നു.

‘ഞങ്ങളിൽ അഞ്ചുപേർ മരിച്ചു. ക്രിസ്ത്യാനിയായ ഒരു പെൺകുട്ടി മതപരിവർത്തനത്തിനു വിസ്സമ്മതിച്ചതിനാൽ ഇപ്പോഴും തടവിലാണ്’– മോചിപ്പിക്കപ്പെട്ട കുട്ടികളിലൊരാളായ ഖദീജ ഗ്രെമ റോയിട്ടേഴ്സിനോടു പറഞ്ഞു. 2014ൽ ചിബോക്കിലെ സ്കൂളിൽ നിന്ന് 276 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു.

ഇവരിൽ 82 പേരെ മോചനദ്രവ്യം വാങ്ങിയും ഭീകരനേതാക്കളെ വിട്ടയച്ചതിനു പകരമായും കൈമാറി. 60 പേർ സ്വയം രക്ഷപ്പെട്ടതായി പറയപ്പെടുന്നു. 2016ൽ 20 പേരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു.