Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി നഗരങ്ങൾക്കു നേരെ മിസൈൽ ആക്രമണം; റിയാദിൽ ഒരു മരണം

റിയാദ്∙ വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതർ തൊടുത്ത ഏഴു മിസൈലുകൾ സൗദി വ്യോമസേന തകർത്തു. മിസൈലുകളിലൊന്നു വീടിനു മുകളിൽ തകർന്നുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിൽനിന്നു ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

വടക്കുകിഴക്കൻ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് എത്തിയത്. വ്യോമസേന തകർത്ത ഇവയിലൊന്നിന്റെ അവശിഷ്ടങ്ങൾ നഗരത്തിലെ വീടിനു മുകളിൽ പതിക്കുകയായിരുന്നു. മരിച്ചയാളും പരുക്കേറ്റവരും ഈജിപ്ത് പൗരൻമാരാണ്. സൗദിയുടെ തെക്കൻനഗരങ്ങളായ നജ്റാൻ, ജിസാൻ, ഖമീസ് മുഷൈത് എന്നിവയെ ലക്ഷ്യമിട്ടും തുടർന്ന് ആക്രമണമുണ്ടായി.

യെമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യം മൂന്നുവർഷമായി സൈനിക നടപടി തുടരുകയാണ്. ഇതിനിടെ ആദ്യമായാണു സൗദി തലസ്ഥാനത്ത് ആക്രമണത്തിൽ ജീവഹാനിയുണ്ടാകുന്നത്. അഞ്ചു മാസത്തിനിടെ മൂന്നാമത്തെ തവണയാണു റിയാദിനെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു സഖ്യസേന അറിയിച്ചു. അതേസമയം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തെയും തെക്കൻ നഗരങ്ങളിലെ മറ്റു വിമാനത്താവളങ്ങളെയുമാണു ലക്ഷ്യമിട്ടതെന്നു ഹൂതി നിയന്ത്രണത്തിലുള്ള സബ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.