Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് വീസ അപേക്ഷാഫോം പരിഷ്കരിച്ചു

വാഷിങ്ടൻ∙ എല്ലാ യുഎസ് വീസ അപേക്ഷകരും മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകളും ഇ മെയിൽ വിലാസങ്ങളും സമൂഹമാധ്യമ വിവരങ്ങളും കൂടി നൽകണമെന്നു ട്രംപ് ഭരണകൂടം നിർദേശിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവരുടെ പ്രവേശനം തടയാനുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായാണു വീസ അപേക്ഷാഫോമുകൾ പരിഷ്കരിച്ചത്.

പുതിയ ചട്ടപ്രകാരം, ഒരു കൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അപേക്ഷകർ നൽകണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉപയോഗിച്ച ഫോൺ നമ്പരുകൾ, ഇമെയിൽ വിലാസങ്ങൾ, വിദേശയാത്രാ വിവരങ്ങൾ, സമൂഹമാധ്യമ വിലാസങ്ങൾ എന്നിവയാണു സമർപ്പിക്കേണ്ടത്. ഒന്നിലധികം എച്ച്1ബി വീസ അപേക്ഷകൾ സമർപ്പിച്ചാൽ നിരസിക്കപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

ഉയർന്ന തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ യുഎസ് തൊഴിലുടമകൾക്കു വിദേശ ജോലിക്കാരെ നിയമിക്കുന്നതിനു വേണ്ടിയുള്ള താൽക്കാലിക വീസ സമ്പ്രദായമാണ് എച്ച് 1ബി. 2019 ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എച്ച്1ബി വീസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത് ഏപ്രിൽ രണ്ടു മുതലാണ്. പ്രത്യേക സാഹചര്യങ്ങളിൽ ഒന്നിലധികം അപേക്ഷകൾ നൽകേണ്ടി വന്നാൽ പോലും ആദ്യ അപേക്ഷ അംഗീകരിച്ചശേഷം മാത്രമേ അനുബന്ധ അപേക്ഷ നൽകാവൂ.

അതേസമയം, എച്ച് 1ബി വീസ ജോലിക്കാരുടെ പങ്കാളികൾക്കും തൊഴിൽവീസ അനുവദിക്കുന്ന വ്യവസ്ഥ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശുപാർശ യുഎസിലേക്കുള്ള വിദേശ തൊഴിൽ വിദഗ്ധരുടെ വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. 2015ലാണു സ്ഥിരതാമസാനുമതിക്കു കാത്തിരിക്കുന്ന എച്ച്1ബി ജോലിക്കാരുടെ പങ്കാളികൾക്കും തൊഴിൽ അനുമതി (എച്ച് 4 വീസ) നൽകിത്തുടങ്ങിയത്. 2015നു ശേഷം ഒരു ലക്ഷത്തിലധികം പേർക്ക് എച്ച് 4 വീസ ലഭിച്ചിട്ടുണ്ട്. ഇതിലേറെയും ഇന്ത്യക്കാരാണ്.

ഏറ്റവുമധികം എച്ച്1 ബി വീസ ജോലിക്കാരുള്ളത് ഈസ്റ്റ്‌ കോസ്റ്റ്, ടെക്‌സസ് നഗരമേഖലയിലാണെന്നു യുഎസ് ഏജൻസിയായ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010–16 വർഷങ്ങളിൽ യുഎസ് സർക്കാർ 8,59,600 വീസ അപേക്ഷകളാണ് അംഗീകരിച്ചത്.