Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ സിനിമാ തിയറ്ററുകൾ തുറക്കുന്നു; അരങ്ങേറ്റം ‘ബ്ലാക്ക് പാന്തർ’

black-panther

റിയാദ് ∙ മൂന്നര പതിറ്റാണ്ടായി നിലനിന്ന സിനിമാ നിരോധനത്തിനു വിരാമമിട്ട് സൗദി അറേബ്യയിലെ ആദ്യ തിയറ്ററിൽ 18നു പ്രദർശനം നടക്കും. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ തിയറ്ററിൽ ഹോളിവുഡ് സിനിമ ‘ബ്ലാക്ക് പാന്തറാ’ണ് ആദ്യമായി പ്രദർശിപ്പിക്കുക. സിനിമാ നിരോധനം നീക്കി സൗദി ഭരണകൂടം ഉത്തരവിറക്കിയതു ഡിസംബറിലാണ്. തുടർന്നു ചില ഹാളുകളിലും മറ്റും സിനിമാ പ്രദർശനങ്ങൾ നടന്നിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയായ യുഎസിലെ എഎംസി എന്റർടെയ്ൻമെന്റിനാണു സൗദിയിൽ തിയറ്ററിനുള്ള ആദ്യ ലൈസൻസ് ലഭിച്ചത്. റിയാദിലെ ഒരു സിംഫണി ഹാൾ തിയറ്ററാക്കി പുനർനിർമിക്കുകയായിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകൾ നിർമിക്കാനാണ് എഎംസി ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും രാജ്യത്തു 2500 സ്ക്രീനുകളുള്ള 350 സിനിമാ തിയറ്ററുകൾ നിർമിക്കാനാണു സൗദിയുടെ പദ്ധതി.

100 കോടിയോളം ഡോളറിന്റെ വാർഷിക ടിക്കറ്റ് വിൽപനയാണു പ്രതീക്ഷ. സൗദിയിലെ മൂന്നു കോടിയോളം ജനങ്ങളിൽ ഭൂരിഭാഗവും 25ൽ താഴെയുള്ള യുവാക്കളാണ്. 1970കളിൽ സൗദിയിൽ ഏതാനും തിയറ്ററുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അടച്ചുപൂട്ടി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നയംമാറ്റങ്ങളാണു സിനിമാ നിരോധനം നീക്കിയതിനു പിന്നിൽ. എണ്ണവ്യാപാരത്തെ മാത്രം ആശ്രയിക്കുന്ന നിലയിൽനിന്നു രാജ്യം ഭിന്നവ്യവസായങ്ങളിലേക്കും പുതിയ തൊഴിൽമേഖലയിലേക്കും നീങ്ങണമെന്നതും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്നതും ഇതിനു പിന്നിലെ ലക്ഷ്യങ്ങളാണ്. സ്ത്രീകൾക്കു വാഹനമോടിക്കാൻ അനുമതി നൽകിയതും ചരിത്രപരമായ തീരുമാനമായിരുന്നു.