Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കുന്നതിനിടെ എൻജിൻ പൊട്ടിത്തെറിച്ചു; തകർന്ന ജനാലയിലൂടെ വിമാന യാത്രക്കാരി പുറത്തേക്ക്

Jennifer-Riordan 1. വിമാനം ലാൻഡു ചെയ്ത ശേഷം. 2. ജെന്നിഫർ

ന്യൂയോർക്ക് ∙ ജീവിതത്തിൽനിന്നു മരണത്തിലേക്കു കടക്കുന്ന വാതിൽപ്പടിയിലായിരുന്നു ആ നിമിഷം ജെന്നിഫർ. കാറ്റ് അതിന്റെ ഭീമാകാരമായ കരങ്ങൾകൊണ്ട് അവരെ മരണത്തിലേക്കു വലിച്ചുകൊണ്ടേയിരുന്നു; ആ ശക്തിക്കു മുന്നിൽ ദുർബലരെങ്കിലും രണ്ടു മനുഷ്യർ അവരെ ജീവിതത്തിലേക്ക് തിരികെപ്പിടിക്കാനും. 

ബലാബലത്തിൽ ജയിച്ചതു മനുഷ്യനാണ്. ഭൂമിയിൽനിന്ന് 32,000 അടി ഉയരത്തിൽ പറക്കവേ അടർന്നുപോയ വിമാനജനാലയിലൂടെ പാതിദേഹം പുറത്തായ ജെന്നിഫർ റിയോർഡനെ രണ്ടു സഹയാത്രികർ അകത്തേക്കു വലിച്ചിട്ടു, പ്രഥമശുശ്രൂഷ നൽകി. പക്ഷേ, വിമാനത്തിന്റെ പൊട്ടിത്തെറിച്ച എൻജിൻ ഭാഗങ്ങൾ ദേഹത്തുകൊണ്ട് അതീവഗുരുതരമായി പരുക്കേറ്റ ജെന്നിഫർ (43) പിന്നീടു മരണത്തിനു കീഴടങ്ങി. 

148 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്നു ഡാലസിലേക്കു പറന്ന സൗത്ത്‍വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലാണ് ഹോളിവുഡ് സിനിമയിലേതെന്നു തോന്നിക്കുന്ന ഈ രംഗങ്ങൾ ചൊവ്വാഴ്ച സംഭവിച്ചത്. 

വിമാനത്തിന്റെ എൻജിനുകളിലൊന്ന് യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച് ഫാൻ ബ്ലെയ്ഡ് അതിവേഗത്തിൽ ജനാലയിൽ വന്നിടിക്കുകയായിരുന്നു. തകർന്ന ജനാലയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ജെന്നിഫർ പുറത്തേക്കു വലിച്ചെടുക്കപ്പെട്ടു. അതിശക്തമായ കാറ്റിൽ അരയ്ക്കു മുകളിലുള്ള ഭാഗം വിമാനത്തിന്റെ പുറത്തായി ഉടക്കിനിന്നു. മറ്റു യാത്രക്കാർ അന്ധാളിച്ചു നിൽക്കെ, സാഹസികരായ രണ്ടു സഹയാത്രികർ അവരെ ഏറെ പണിപ്പെട്ടു വിമാനത്തിനുള്ളിലേക്കു വലിച്ചിട്ടു. പക്ഷേ, അപ്പോഴേക്കും ജെന്നിഫറിന് മാരകമായി പരുക്കേറ്റിരുന്നു. 

Tammie Jo Shults പൈലറ്റ് ടമി ജോ ഷുൾട്സ്

ഗുരുതരമായി കേടുപാടുപറ്റിയ വിമാനം ക്യാപ്റ്റനായ വനിതാ പൈലറ്റ് ടമി ജോ ഷുൾട്സിന്റെ നേതൃത്വത്തിൽ ഉടൻ ഫില‍ഡൽഫിയ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. 

യുഎസ് നാവികസേനയിൽ യുദ്ധവിമാന പൈലറ്റ് ആയിരുന്ന ടമിയുടെ മനസ്സാന്നിധ്യമാണു മറ്റു യാത്രക്കാരുടെ ജീവൻ കാത്തത്. ഏഴു യാത്രക്കാർക്കു നിസ്സാര പരുക്കുകളുണ്ട്.  

യുഎസിലെ പ്രമുഖ രാജ്യാന്തര ബാങ്കായ വെൽസ് ഫർഗോയുടെ കമ്യൂണിറ്റി റിലേഷൻസ് വൈസ് പ്രസിഡന്റായ ജെന്നിഫർ ഔദ്യോഗിക യാത്രയിലായിരുന്നു. ന്യൂമെക്സിക്കോയിലെ അൽബുഖർക്കിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്.