Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസയുടെ ‘ടെസ്’ ദൗത്യം: വിക്ഷേപണം വിജയം

Transiting Exoplanet Survey Satellite (TESS)

ഫ്ലോറിഡ‍∙ സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) കണ്ടെത്താനുള്ള പഠന ദൗത്യമായ ‘ടെസ്’ വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശ ഗവേഷണമേഖലയിലെ നിർണായക കാൽവയ്പുകളിലൊന്നെന്നു കണക്കാക്കപ്പെടുന്ന ദൗത്യത്തിന്റെ വിക്ഷേപണം കേപ്പ് കാനവറലി‍ലെ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് ഇന്നലെ പുലർച്ചെയോടെയായിരുന്നു. വിക്ഷേപണദൗത്യം ഏറ്റെടുത്തത് അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സാണ്. ചൊവ്വാഴ്ച പുലർച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം ചില സാങ്കേതിക കാരണങ്ങളാൽ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. 

ടെസ് എന്തു ചെയ്യും?

അണ്ഡാകൃതിയിലുള്ള പ്രത്യേക ഭ്രമണപഥത്തിലേക്കാണ് ഒരു ഫ്രിജിന്റെ വലുപ്പമുള്ള ടെസ് എത്തുക. ഭൂമിയോട് ഒരുലക്ഷം കിലോമീറ്റർ അടുത്തും മൂന്നേമുക്കാൽലക്ഷം കിലോമീറ്റർ അകലെയുമായുള്ള രീതിയിലാണ് ഈ ഭ്രമണപഥം. രണ്ടു മാസം സമയമെടുത്ത് പലതവണ ഗതിമാറിയതിനുശേഷമാണ് അവസാന ഭ്രമണപഥത്തിൽ ടെസ് എത്തുക. വികിരണങ്ങളിൽ നിന്നും ബഹിരാകാശ അവശിഷ്ടങ്ങളിൽ നിന്നും താരതമ്യേന സുരക്ഷിതമാണ് ഈ ഭ്രമണപഥം. ഭൂമിയിലേക്കു പെട്ടെന്നു വിവരങ്ങൾ അയയ്ക്കാനും ഇതു സഹായിക്കും. രണ്ടുവർഷം ടെസ് ഈ ഭ്രമണപഥത്തിൽ നിലനിൽക്കും. കെപ്ലർ തുടങ്ങിയ ദൗത്യങ്ങൾ കണ്ടുപിടിച്ചതിനു പുറമേ ആയിരത്തോളം പുതിയ പുറംഗ്രഹങ്ങളെ കണ്ടെത്തുമെന്നാണു പ്രതീക്ഷ. 

നിതാന്ത ജാഗ്രത

ഭൂമിയിൽ നിന്നു 30 മുതൽ 300 പ്രകാശവർഷങ്ങൾ അകലെ വരെയുള്ള താരാപഥമാണു ടെസ് നിരീക്ഷിക്കുക. ടെസ് കണ്ടുപിടിക്കുന്ന ഗ്രഹങ്ങളിൽ 300 എണ്ണത്തോളം ഭൂമിയുമായി സാമ്യം പുലർത്തുന്നവയാകുമെന്നാണു നാസയുടെ പ്രതീക്ഷ. വടക്കും തെക്കുമായി ആകാശത്തെ 26 മേഖലകളായി തിരിച്ചാണ് ടെസിന്റെ പ്രവർത്തനം. കരുത്തുറ്റ ക്യാമറകൾ വഴി 85 ശതമാനം ആകാശവും ടെസ് നിരീക്ഷിക്കും. 

മികവ് തെളിയിച്ച് സ്പെയ്സ് എക്സ്

രണ്ടു ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൺ ഒൻപതാണ് വിക്ഷേപണത്തിനായി സ്പെയ്സ് എക്സ് ഉപയോഗിച്ചത്. നിശ്ചിത ഉയരത്തിൽ ടെസിനെ എത്തിച്ചശേഷം വേർപെട്ട ആദ്യഘട്ടം ബൂസ്റ്റർ റോക്കറ്റുകൾ കടലിൽ പതിക്കാതെ സ്പെയ്സ് എക്സിന്റെ ഡ്രോൺകപ്പൽ ‘മിസ്റ്റർ സ്റ്റീവൻ’ പിടിച്ചെടുത്തു. ഒറ്റത്തവണ വിക്ഷേപണമല്ലാതെ പലതവണ വിക്ഷേപിക്കാൻ ഊന്നൽ നൽകുന്ന കമ്പനിക്ക് മുതൽ‌ക്കൂട്ടായി ഇന്നലത്തെ സംഭവം. ഇന്നലത്തേതുൾപ്പെടെ 24 തവണ ഫാൽക്കൺ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകൾ പിടിച്ചെടുക്കാൻ സ്പെയ്സ് എക്സ് ശ്രമിച്ചിട്ടുണ്ട്. 12 തവണ വിജയിച്ചു.