Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിലിസെന്റ് ഫോസെറ്റിന്റെ പ്രതിമ ലണ്ടൻ സ്ക്വയറിൽ

statue of Millicent Fawcett

ലണ്ടൻ∙ ബ്രിട്ടിഷ് സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ തുടക്കക്കാരി മിലിസെന്റ് ഫോസെറ്റിന്റെ പ്രതിമ പാർലമെന്റ് സ്ക്വയറിൽ ഇന്നലെ അനാവരണം ചെയ്തു. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി വാദിച്ച ഫോസെറ്റിന്റെ പ്രതിമ സ്ഥാപിച്ച് ആദരിച്ചതു വനിതകൾക്കു രാജ്യത്ത് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വർഷത്തിലാണ്.

നാഷനൽ യൂണിയൻ ഓഫ് വിമൻസ് സഫ്രേജ് സൊസൈറ്റീസ് എന്ന സംഘടന സ്ഥാപിച്ച ഫോസെറ്റ് 1866ൽ 19–ാം വയസ്സിൽ വനിതകളുടെ വോട്ടവകാശത്തിനായി ഒപ്പുശേഖരിച്ച് പാർലമെന്റിനു നിവേദനം നൽകി. ഗിലിയൻ വിയറിങ് എന്ന വനിതാ ശിൽപിയാണു വെങ്കലപ്രതിമ നിർമിച്ചത്.

‘ധീരത എവിടെയും ധീരതയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു’ എന്നെഴുതിയ ബാനർ പിടിച്ച നിലയിലാണു പ്രതിമ. മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല, ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ എന്നിവർ അടക്കം 11 പ്രമുഖ വ്യക്തികളുടെ പ്രതിമകൾ പാർലമെന്റ് സ്ക്വയറിൽ മുൻപേ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വനിതയുടെ പ്രതിമ ആദ്യമാണ്.

സ്ത്രീപക്ഷ പ്രവർത്തകയും എഴുത്തുകാരിയുമായ കരോലിൻ ക്രിയാഡോ പെരസ് നടത്തിയ ശ്രമങ്ങളെ തുടർന്നാണു ഫോസെറ്റിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.

മിലിസെന്റ് ഗാരെറ്റ് ഫോസെറ്റ്

സ്ത്രീപക്ഷ പ്രവർത്തകയായിരുന്ന മിലിസെന്റ് ഗാരെറ്റ് ഫോസെറ്റ് (1847 ജൂൺ 11 – 1929 ഓഗസ്റ്റ് 5) എഴുത്തുകാരി, രാഷ്ട്രീയപ്രവർത്തക, തൊഴിലാളി സംഘടനാ നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയയായി. സ്ത്രീകൾക്കു വോട്ടവകാശത്തിനും ഉന്നത വിദ്യാഭ്യാസരംഗത്തു കൂടുതൽ അവസരങ്ങൾക്കുമായി പ്രയത്നിച്ച അവർ കേംബ്രിജിലെ ന്യൂൻഹാം കോളജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

വോട്ടവകാശത്തിനായുള്ള മിതവാദ പ്രവർത്തനങ്ങൾ ഫോസെറ്റിനെ ജനപ്രിയയാക്കി. രണ്ടാം ബോയർ യുദ്ധകാലത്തു തടവറകളിലെ സ്ഥിതിയെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദക്ഷിണാഫ്രിക്കയിലേക്കു പോയ ബ്രിട്ടിഷ് സംഘത്തെ നയിച്ചതു ഫോസെറ്റാണ്.

കോൺസെൻട്രേഷൻ ക്യാംപുകളിലെ കൊടിയ ദുരിതങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ച എമിലി ഹോബ്‍ഹൗസ് എന്ന മനുഷ്യാവകാശ പ്രവർത്തകയുടെ വാദങ്ങൾ ശരി വയ്ക്കുന്ന റിപ്പോർട്ടാണു ഫോസെറ്റ് സമർപ്പിച്ചത്.