Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫ്ലോറൻസ് ’: മരണം 13; പ്രളയക്കെടുതി തുടരുന്നു

florencel ഫ്ലോറൻസ് ചുഴലിക്കാറ്റിൽപെട്ട് കടപുഴകിയ വൃക്ഷം വീടിനു സമീപത്തായി കിടക്കുന്നു.യുഎസ്സിലെ നോർത്ത് കാരലൈനയിലുള്ള ന്യൂബേണിൽ നിന്നുള്ള ദൃശ്യം ചിത്രം:എപി

വാഷിങ്ടൻ∙ യുഎസ് തീരത്ത് കനത്ത നാശം വിതച്ച ‘ഫ്ലോറൻസ്’ ചുഴലിക്കാറ്റിലും പ്രളയത്തിലും മരണം 13. ചുഴലിക്കാറ്റ് ദുർബലമായെങ്കിലും പ്രളയക്കെടുതികൾ തുടരുന്നു. കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും നാശമുണ്ടായത് നോർത്ത് കാരലൈനയിലാണ്. എട്ടുപേർ മരിച്ചത് ഇവിടെയാണ്.

നദികളെല്ലാം കരകവിഞ്ഞു. വീടുകളും റോഡുകളും മുങ്ങി. 7.61 ലക്ഷം വീടുകളിൽ വൈദ്യുതിയില്ല. ഏറ്റവും കൂടുതൽ മഴ പെയ്തതും കാരലൈനയിലാണ്. ഒഴിയാൻ നിർദേശം നൽകിയിട്ടും വീടുകളിൽ തുടർന്നവരാണു വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. ഹെലികോപ്റ്റർ എത്തി 50 പേരെ രക്ഷിച്ചു. രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ സൈന്യവും ഇറങ്ങിയിട്ടുണ്ട്.

വെള്ളം പൊങ്ങിയ റോഡുകളിലൂടെ വാഹനമോടിക്കുന്നതിനെതിരെ അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പ്രളയബാധിത മേഖലയിലെ കടകളിൽ മോഷണശ്രമം നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.