Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലക്സാൻഡ്രിയ: പാർലമെന്റിലെ ബേബി ഗേൾ

alexandria അലക്സാൻഡ്രിയ

വാഷിങ്ടൻ∙ ഡെമോക്രാറ്റ് പ്രൈമറിയിൽ ജയിച്ചപ്പോൾ മുതൽ താരമാണ് കഴിഞ്ഞ മാസം 29 വയസ്സു തികഞ്ഞ അലക്സാൻഡ്രിയ ഒകാസിയോ കോർട്ടെസ്. ഇപ്പോഴിതാ, ന്യൂയോർക്കിൽനിന്നു ജയിച്ച്, പാർലമെന്റിലെ ബേബി ഗേൾ എന്ന ചരിത്രനേട്ടവും. പ്രമുഖ ഡെമോക്രാറ്റ് നേതാവ് ജോ ക്രോലിയെയാണു പ്രൈമറിയിൽ അലക്സാൻഡ്രിയ പരാജയപ്പെടുത്തി എല്ലാവരെയും ഞെട്ടിച്ചത്.

പോർട്ടറീക്കോക്കാരായ ദമ്പതികളുടെ മകളായ ഇവർ ഒരു വർഷം മുൻപുവരെ തുച്ഛ ശമ്പളത്തിൽ ജോലി ചെയ്തു കുടുംബം പോറ്റുകയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആന്റണി പപാസായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പിൽ എതിരാളി.

ജാറേദ് പോളിസ് അഭിമാനപൂർവം വ്യത്യസ്തൻ

കൊളറാഡോ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട് ജാറേദ് പോളിസ് ചരിത്രനേട്ടത്തിലേക്ക്. യുഎസ് സംസ്ഥാനങ്ങളുടെ ചരിത്രത്തിലെ സ്വവർഗാനുരാഗിയായ ആദ്യ ഗവർണറെന്ന വിശേഷണമാണു ഡെമോക്രാറ്റുകാരൻ പോളിസ് കൂടെ കൂട്ടുന്നത്. ജോൺ ഹികെൻലൂപറിന്റെ പിൻഗാമിയായാണു ഗവർണർ പദവി ഏറ്റെടുക്കുന്നത്. പോളിസ് ഉൾപ്പെടെ ഭിന്നലിംഗക്കാരായ 7 സ്ഥാനാർഥികളാണു വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പിനുണ്ടായിരുന്നത്. 

വനിതാ വിപ്ലവം കോൺഗ്രസിലേക്ക്

ഏറ്റവുമധികം വനിതകളെയെത്തിച്ച് ഈ ഇടക്കാല തിരഞ്ഞെടുപ്പ് ശ്രദ്ധേമാകുന്നു. 435 അംഗ ജനപ്രതിനിധി സഭയിൽ 95 വനിതകൾ. ഇതിൽ 31 പേർ പുതുമുഖങ്ങൾ. നിലവിലെ സഭയിൽ 85 വനിതകൾ ഉണ്ടായിരുന്നു.

ആദ്യം റഷീദ

പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം വനിതയെന്ന ഖ്യാതി റഷീദ താലിബിനാണ്. കാരണം, റഷീദയുടെ ഫലമാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. ഏതാനും മണിക്കൂറിനു ശേഷമായിരുന്നു ഇൽഹാൻ ഉമറിന്റെ വിജയപ്രഖ്യാപനം. റഷീദയുടെ മാതാപിതാക്കൾ പലസ്തീനിൽ നിന്നു യുഎസിലേക്കു കുടിയേറിയവരാണ്. പിതാവ് ഫോഡ് വാഹനക്കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.