Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് മേനി പറയാൻ ഇനി സെനറ്റ് മാത്രം

Donald-Trump

ജനപ്രതിനിധി സഭ കൈവിട്ടുപോയെങ്കിലും സെനറ്റിൽ നിലവിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം മെച്ചപ്പെടുത്തിയതിന്റെ കരുത്തിൽ റിപ്പബ്ലിക്കൻ പാർട്ടി. സെനറ്റിലെ വിജയം ഉയർത്തിക്കാട്ടി, സ്വയം പ്രശംസിച്ചുള്ള ഡോണൾഡ് ട്രംപിന്റെ ട്വീറ്റും ശ്രദ്ധിക്കപ്പെട്ടു. ‘ട്രംപ് മാജിക്കി’ന്റെ ഫലമാണു സെനറ്റ് വിജയമെന്നാണു ട്രംപു തന്നെ ട്വീറ്റ് ചെയ്തത്.

100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ബിൽ നെൽസൻ (ഫ്ലോറിഡ), ജോ ഡോനെലി (ഇന‍ന), ഹെയ്ഡി ഹെയ്റ്റ്‌കാംപ് (നോർത്ത് ഡെക്കോഡ) ക്ലെയ്ർ മകാസ്കിൽ (മിസോറി) എന്നീ ഡെമോക്രാറ്റുകൾക്കു നിലവിലെ സീറ്റ് പോയി. ജനപ്രതിനിധിസഭ തിരിച്ചുപിടിച്ചതോടെ ഡെമോക്രാറ്റുകൾക്ക് ആത്മവിശ്വാസവും പോരാട്ടവീര്യവും വർധിച്ചു.

വിവിധ അന്വേഷണസമിതികളുടെ തലപ്പത്ത് ഡെമോക്രാറ്റ് നേതാക്കളെത്തുന്നതോടെ ട്രംപിനു വഴിയിൽ തടസ്സങ്ങളേറെയാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വിവാദത്തിൽ ട്രംപിനെതിരെ അന്വേഷണം തുടങ്ങിയാൽ ഇംപീച്മെന്റ് നടപടികളിൽ കലാശിക്കാം. പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കത്തിനു റിപ്പബ്ലിക്കൻ ആധിപത്യമുള്ള സെനറ്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെങ്കിലും ഇത്തരം നീക്കങ്ങൾ യുഎസ് രാഷ്ട്രീയത്തെ കലുഷിതമാക്കും. മെക്സിക്കൻ അതിർത്തിയിൽ മതിലുപണിയുന്നതുൾപ്പെടെ ട്രംപിന്റെ വിവാദ നീക്കങ്ങൾക്കു തടയിടാൻ ഡെമോക്രാറ്റുകൾ ശ്രമിക്കാതിരിക്കില്ല. 

40 വർഷത്തിനിടെ 2 തവണ മാത്രം

അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുക എന്നതാണ് യുഎസിലെ പതിവ്. കഴിഞ്ഞ 40 വർഷത്തിനിടയിൽ പ്രസിഡന്റിന്റെ പാർട്ടിക്കു തിരിച്ചടി ഉണ്ടാകാത്ത 2 ഇടക്കാല തിരഞ്ഞെടുപ്പുകൾ മാത്രമേയുള്ളൂ– 1978 ലും 2002 ലും. ജിമ്മി കാർട്ടർ (ഡെമോക്രാറ്റ്) പ്രസിഡന്റ് പദമേറ്റു 2 വർഷത്തിനു ശേഷം നടന്ന (1978) തിരഞ്ഞെടുപ്പിൽ യുഎസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ തന്നെ ഭൂരിപക്ഷം നേടി. പക്ഷേ, 2 വർഷം കൂടി കഴിഞ്ഞ് 1980 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർട്ടർ തോറ്റു. ജനപ്രിയ നേതാവായിട്ടും രണ്ടാം അവസരം ലഭിക്കാതെ പോയ അപൂർവം പ്രസിഡന്റുമാരിലൊരാളാണ് അദ്ദേഹം.

2000 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജ് ഡബ്ല്യു ബുഷിന്റെ (റിപ്പബ്ലിക്കൻ) വിജയം കഷ്ടിച്ചായിരുന്നെങ്കിലും അദ്ദേഹം അധികാരമേറ്റ ശേഷമുള്ള ആദ്യ ഇടക്കാല തിരഞ്ഞെടുപ്പിൽ (2002) സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി മേൽക്കൈ നേടി. 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബുഷ് രണ്ടാം തവണയും ജയിക്കുകയും ചെയ്തു. പ്രസിഡന്റായ ശേഷം രണ്ടാം അവസരം ലഭിക്കാതെ പോയത് കാർട്ടർക്കു പുറമേ മറ്റൊരാൾക്കു കൂടി മാത്രമാണ്– ജോർജ് ഡബ്ല്യു ബുഷിന്റെ പിതാവ് ജോർജ് ബുഷ് സീനിയറിന്. ഒരാൾക്കു പരമാവധി രണ്ടു തവണ മാത്രമേ യുഎസ് പ്രസിഡന്റ് പദം വഹിക്കാൻ സാധിക്കൂ.