ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം. 

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം. 

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡോണൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണു സൂചന. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്. 

ഭരണത്തുടർച്ച ലഭിക്കാത്തതിൽ ക്ഷുഭിതനും നിരാശനുമായ ട്രംപ് ഈ ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഫ്ലോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ എന്നിവർ കുടുംബസമേതം ചടങ്ങിനെത്തും. 

ചടങ്ങ് ഇങ്ങനെ (ബ്രാക്കറ്റിൽ ഇന്ത്യൻ സമയം)

രാവിലെ 10:00 (രാത്രി 8:30): ആഘോഷച്ചടങ്ങുകൾ തുടങ്ങുന്നു. കലാപരിപാടികളും സന്ദേശങ്ങളും മറ്റും. ദേശീയഗാനം. 

12.00 (രാത്രി 10.30): സത്യപ്രതിജ്ഞ. സ്ഥാനാരോഹണ പ്രസംഗം. 

English Summary: Joe Biden, Kamala Harris swearing in today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com