ADVERTISEMENT

വാഷിങ്ടൻ ∙ പുതുയുഗപ്പിറവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ ബൈഡൻ– കമല ഹാരിസ് സ്ഥാനാരോഹണച്ചടങ്ങിന്റെ പ്രമേയം ‘അമേരിക്ക യുണൈറ്റഡ്’. അമേരിക്കയുടെ 46–ാം പ്രസിഡന്റായി ബൈഡൻ അധികാരമേൽക്കുന്ന ഇന്നത്തെ ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ ചിട്ട തെറ്റാതെ നടക്കുമെങ്കിലും ആഘോഷമെല്ലാം വെർച്വൽ. 

ഡെലവെയർ സംസ്ഥാനത്തെ വിൽമിങ്ടനില്‍ നിന്നു വൈറ്റ്ഹൗസിലേക്കു മാറുന്ന ചരിത്രമുഹൂർത്തത്തിൽ, സെനറ്ററായിരുന്ന കാലത്തേതു പോലെ ട്രെയിനിൽ വരാനായിരുന്നു ബൈഡന്റെ പദ്ധതി. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ അവസാനനിമിഷം ഈ ട്രെയിൻ യാത്ര ‌റദ്ദാക്കേണ്ടി വന്നു. 

സ്ഥാനാരോഹണച്ചടങ്ങിനു ശേഷമുള്ള പ്രത്യേക വിരുന്നും പരേഡും ഒഴിവാക്കി. സ്ഥാനമൊഴിയുന്ന ഡോണൾഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുൻ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാൽ ജിമ്മി കാർട്ടർ വിട്ടുനിന്നേക്കും. ഇവരെക്കൂടാതെ കോൺഗ്രസിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. 

സ്ഥാനാരോഹണച്ചടങ്ങ് സമയക്രമം

10.00  ലൈവ്സ്ട്രീം 

(ഇന്ത്യൻ സമയം ഇന്നു രാത്രി 8.30 ) 

രാവിലെ 10 മുതൽ പ്രത്യേക പരിപാടികൾ. യുവാക്കൾക്കായി ലൈവ്സ്ട്രീം പരിപാടി, പ്രഥമ വനിത ഡോ. ജിൽ ബൈഡന്റെ സന്ദേശം, ചരിത്രവിദഗ്ധരെ പങ്കെടുപ്പിച്ചുള്ള പരിപാടി, പ്രസിഡന്റുമാരുടെ ഓമനമൃഗങ്ങളെക്കുറിച്ച് പ്രത്യേക വിഡിയോ പരിപാടി എന്നിവ കാണാം. 

12.00  സത്യപ്രതിജ്ഞ 

(ഇന്ത്യൻ സമയം ഇന്നു രാത്രി 10.30 ) 

യുഎസ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിൽ ഉച്ചയ്ക്ക് 12നാണു ജോ ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ. തൊട്ടു പിന്നാലെ പ്രസംഗങ്ങൾ. 

ദേശീയഗാനം ആപലിക്കുന്നത് പോപ്പ് സൂപ്പർതാരം ലേഡി ഗാഗ. കവിതാവായന അമാൻഡ ഗോർമാൻ. സംഗീതപരിപാടി ജെനിഫർ ലോപെസ്. 

ബൈഡൻ കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കളായ ഫാ. ലിയോ ജെ. ഒഡൊനൊവനും റവ. ഡോ. സിൽവസ്റ്റർ ബീമാനുമാണു പ്രാർഥനാ ശുശ്രൂഷകൾ നയിക്കുന്നത്. 

പാസ് – ഇൻ– റിവ്യൂ 

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പാസ് – ഇൻ– റിവ്യൂ എന്ന പരമ്പരാഗതമായ ചടങ്ങ്. പാർലമെന്റ് മന്ദിരത്തിന്റെ കിഴക്കുവശത്താണിത്. യുഎസ് സേനകളുടെ പുതിയ കമാൻഡർ ഇൻ ചീഫായി ബൈഡനിലേക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകാത്മകച്ചടങ്ങാണിത്. 

പ്രസിഡന്റ് ബൈഡനെ കൂടാതെ പ്രഥമ വനിത‌ ഡോ. ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സെക്കൻഡ് ജന്റിൽമാൻ എന്ന സ്ഥാനപ്പേരു വഹിക്കുന്ന ഭർത്താവ് ഡഗ്ലസ് എംഹോഫും സൈനിക ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുക്കും.

ആർലിങ്ടൻ സെമിട്രിയിൽ പുഷ്പചക്രം

സൈനികസ്മാരകമായ ആർലിങ്ടൻ നാഷനൽ സെമിട്രിയിൽ പുഷ്പചക്രം സമർപ്പിക്കുന്നതാണു മറ്റൊരു പരിപാടി. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യൂ ബുഷ്, ബിൽ ക്ലിന്റൻ, മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൻ എന്നിവരും പങ്കെടുക്കും. 

പ്രസിഡൻഷ്യൽ എസ്കോർട്ട്

പ്രസിഡന്റായി അധികാരമേറ്റ ബൈഡനെ വൈറ്റ്ഹൗസിലേക്ക് ആനയിക്കുന്ന ചടങ്ങ്. 

15–ാം സ്ട്രീറ്റിൽ നിന്ന് വൈറ്റ്ഹൗസിലേക്ക് സൈനിക അകമ്പടിയോടെയാണു ബൈഡൻ എത്തുന്നത്. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകും. 

3.15  വെർച്വൽ പരേഡ്

(ഇന്ത്യൻ സമയം 21നു പുലർച്ചെ 1.45 ) അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ ജനവിഭാഗങ്ങളുടേതായി ആഘോഷപരിപാടികൾ ഉൾക്കൊള്ളിച്ചുള്ള ‘പരേഡ് എക്രോസ് അമേരിക്ക’ സ്ഥാനാരോഹണചടങ്ങ്. 

8.30 സെലിബ്രേറ്റിങ് അമേരിക്ക 

(ഇന്ത്യൻ സമയം  21നു പുലർച്ചെ 7.00 ) 

ഹോളിവുഡ് താരം ടോം ഹാങ്ക്സ് അവതാരകനാകുന്ന ഒന്നര മണിക്കൂർ പ്രത്യേക പരിപാടി 

നാഷനൽ മാൾ പതാകപ്പാടം

അമേരിക്കൻ സംസ്ഥാനങ്ങളെയും ഭരണപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന പതാകകൾ അണിനിരത്തി പാർലമെന്റ് മന്ദിരത്തിനു മുന്നിലെ നാഷനൽ മാൾ മൈതാനം അലങ്കരിക്കും. കോവിഡ് മൂലം സ്ഥാനാരോഹണച്ചടങ്ങിനെത്താൻ കഴിയാത്ത പൊതുജനങ്ങളെ പ്രതിനിധാനം ചെയ്താണിത്.

Biden Inauguration Flags

English Summary: Joe Biden and Kamala Harris swearing in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com