Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് നികുതിവെട്ടിപ്പ് നടത്തിയെന്ന് ചാനൽ; മാധ്യമങ്ങൾ അതിരുവിടുന്നെന്ന് വൈറ്റ് ഹൗസ്

Donald Trump

വാഷിങ്ടൺ ∙ ട്രംപ് നികുതിവെട്ടിപ്പു നടത്തിയോ? വരുമാനം കുറച്ചുകാണിച്ചെന്നും അതിന്റെ രേഖ തങ്ങളുടെ കയ്യിലുണ്ടെന്നും ചാനൽ. മാധ്യമങ്ങൾ അതിരുവിടുന്നെന്നു വൈറ്റ് ഹൗസ്. മാധ്യമങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൊമ്പുകോർക്കാൻ പുതിയവിവാദം.

വൻവ്യവസായി കൂടിയായ ട്രംപ് നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നു തിരഞ്ഞെടുപ്പു പ്രചാരണസമയത്ത് ആവശ്യമുയർന്നിരുന്നു. എന്നാൽ ഓഡിറ്റിങ് പൂർത്തിയായശേഷം വിവരങ്ങൾ പുറത്തുവിടും എന്നായിരുന്നു ട്രംപിന്റെ വിശദീകരണം. ഇതിനിടെ കഴിഞ്ഞദിവസം 2005ൽ ട്രംപ്  നികുതിയടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ രണ്ടുപേജ് തങ്ങൾക്കു കിട്ടിയെന്ന് എംഎസ്എൻബിസി ടിവി ചാനൽ അവകാശപ്പെട്ടു. നഷ്ടത്തിന്റെ പേരിൽ പത്തുകോടി ഡോളർ എഴുതിത്തള്ളിയ ശേഷമാണു ട്രംപ് നികുതിയടച്ചതെന്നു രേഖ വ്യക്തമാക്കുന്നതായി ചാനൽ അവതാരക റേച്ചൽ മാഡോ പറഞ്ഞു.

ഇതോടെയാണ് ശക്തമായ ഭാഷയിലുള്ള പത്രക്കുറിപ്പു പുറത്തിറങ്ങിയത്. 2005ൽ 15 കോടി ഡോളർ ആയിരുന്നു വരുമാനമെന്നും 3.8 കോടി ഡോളർ (250 കോടി രൂപ) നികുതി നൽകിയിരുന്നു എന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു. പത്തുവർഷം മുൻപത്തെ സംഭവങ്ങൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നതിനെ ശക്തമായഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇത്രവലിയ തുക നികുതി നൽകിയശേഷവും നികുതി നൽകുന്നതിന്റെ രേഖകൾ മോഷ്ടിച്ചു പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതു നിയമവിരുദ്ധമാണ്. ആവശ്യത്തിലേറെ നികുതി കൊടുക്കേണ്ട കാര്യമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. ട്രംപ് നികുതിവെട്ടിപ്പു നടത്തിയതായി തിരഞ്ഞെടുപ്പു വേളയിൽ ന്യൂയോർക്ക് ടൈംസ് ദിനപത്രവും ആരോപിച്ചിരുന്നു.

Your Rating: