Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിലൻ: തലമുറകളെ വരുതിയിലാക്കിയ പാട്ടുകാരൻ

FILES-SWEDEN-US-NOBEL-LITERATURE ബോബ് ഡിലൻ. 1978ലെ ചിത്രം.

സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേൽ സംഗീതത്തിന്! സംശയമൊന്നുമില്ല. ബോബ് ഡിലൻ സംഗീതരംഗത്തെ ഇതിഹാസ നായകനാണ്. ആ മേഖലയിലുള്ള ഏതൊരു പരമോന്നത പുരസ്കാരത്തിനും അർഹനുമാണ്. ഓരോ സാഹിത്യരൂപവും വ്യത്യസ്തമെന്നു പറയാനാവാത്ത ഒരുകാലത്ത്, കലാരംഗത്തു കലർപ്പുകൾ സ്വാഭാവികമാകുന്ന ഒരുകാലത്ത്, അതിന്റെ പ്രസക്തിയെ ചോദ്യം ചെയ്യേണ്ടതില്ല.

നാടകകൃത്തിനും മാധ്യമപ്രവർത്തകയ്ക്കും നൊബേൽ കൊടുത്തുകൊണ്ടു നേരത്തേതന്നെ നയം വ്യക്തമാക്കിയിട്ടുള്ള സ്വീഡിഷ് അക്കാദമി ഒരു പടികൂടിക്കടന്ന് അതിന്റെ വ്യത്യസ്തമായ മാനദണ്ഡം ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. 1950കളിൽ റോക്ക് ആൻഡ് റോൾ സംഗീതം ഉരുവംകൊള്ളുന്ന കാലംവരെ പോപ് സംഗീതരംഗത്ത് അമേരിക്കൻ സാന്നിധ്യം ശക്തമായിരുന്നു. ഈ സംഗീതശൈലിയുടെ അപചയകാലത്ത് വ്യവസ്ഥാപിത സംഗീതശൈലിക്കെതിരേ കലാപം തീർത്ത നാടോടി ഗായകരാണ് ആ കുറവു പരിഹരിച്ചത്.

വിയറ്റ്നാം യുദ്ധത്തെയും പുതുതലമുറയുടെ ജീവിതശൈലിയെയും കുറിച്ചു പാടിയ അവരുടെ ഗാനങ്ങൾ അമേരിക്കൻ യുവത്വത്തിന് ആവേശമായി. അങ്ങനെ അറുപതുകളിൽ സംഭവിച്ച ഫോക്ക് റോക്ക് സംഗീതം സമകാലികമായ സംഗീതശൈലിയെ പരമ്പരാഗതമായ നാടോടിസംഗീതവുമായി കൂട്ടിയിണക്കി അതിന്റെ ആവിഷ്കാരത്തിൽ പുതുമകൾ വരുത്തി. നാടിന്റെ വേരുകൾ പൊട്ടി ഒഴുകിനടക്കാൻ വിസമ്മതിച്ച ആ സംഗീതശൈലിയുടെ നായകനായിരുന്നു ബോബ് ഡിലൻ.

സാമൂഹികമായ പ്രതിരോധത്തിലും യുദ്ധവിരുദ്ധതയിലും ഊന്നൽ നൽകിയ ബോബ് ഡിലന്റെ ഗാനങ്ങൾ അക്കാലത്തെ അമേരിക്കൻ യുവത്വം ഗിറ്റാറുകളിൽ താലോലിച്ചു. ഫോക്ക് സ്വഭാവമുള്ളതും ബ്ലോവിങ് ഇൻ ദ വിൻഡ് പോലെ സാമൂഹികപ്രതിരോധത്തെ കുറിക്കുന്നതുമായ ഗാനങ്ങളിലൂടെ ഡിലൻ അമേരിക്കൻ യുവത്വം സാക്ഷാത്കരിക്കാനാഗ്രഹിച്ച വിപ്ലവാവേശത്തിന്റെ സംഗീതരൂപമായി.

ഒരു തലമുറ മുഴുവൻ അദ്ദേഹത്തിന്റെ സംഗീതത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ സാമൂഹിക സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്തു. പോപ് സംഗീതം ഡിലനിലൂടെ അതിന്റെ യുവത്വം വീണ്ടെടുക്കുകയാണുണ്ടായത്.1964–ൽ ഇംഗ്ലണ്ടിലെ സംഗീതബാൻഡ് ആയ ബീറ്റിൽസ് കടൽകടന്ന് അമേരിക്കയിലെത്തുന്നതോടെ പോപ് സംഗീതരംഗത്ത് ആവേശഭരിതമായ മറ്റൊരു മുന്നേറ്റത്തിനു തുടക്കമാവുന്നു.

ബ്രിട്ടിഷ് റോക്ക് ബാൻഡുകളുടെ സംഭാവനയായ ഇലക്ട്രിക് ഗിറ്റാറിനെ അമേരിക്കൻ യുവത്വം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഈ ബ്രിട്ടിഷ് വൈദ്യുതിയുടെ പ്രവാഹം അവരുടെ സംഗീതബോധത്തെ പ്രകമ്പനം കൊള്ളിച്ചു. നാടാകെയുള്ള കൗമാരക്കാർ ഇലക്ട്രിക് ഗിറ്റാറുകൾ കൈയിലേന്തി ബ്ലൂസ് സംഗീതം വായിക്കാൻ തുടങ്ങി. ഈ സംഗീതാവേശത്തിനു നേതൃത്വം കൊടുത്തതു ബോബ് ഡിലനായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യ ഇലക്ട്രിക് അവതരണങ്ങൾ ആരാധകർക്കു പ്രിയങ്കരമായില്ലെങ്കിലും ബൈർഡ്സ്, സിമോൺ ആൻഡ് ഗാർഫങ്കൽ എന്നീ ബാൻഡുകളിലൂടെ പുറത്തുവന്ന ഫോക്ക് റോക്ക് ഗാനങ്ങൾ വമ്പൻ ഹിറ്റുകളായി. ബൈർഡ്സിന്റെ സംഗീതസജ്ജീകരണത്തിലൂടെ പുറത്തുവന്ന മിസ്റ്റർ ടാംബൊറിൻമാൻ ഇന്നും ആർക്കാണു മറക്കാനാവുക? ഇലക്ട്രിക് ഗിറ്റാർ തരംഗത്തെയും അങ്ങനെ ബോബ് ഡിലൻ സ്വന്തം വരുതിയിലാക്കുകയാണല്ലോ ചെയ്തത്.

അറുപതുകളിൽ അദ്ദേഹം അവതരിപ്പിച്ച ലൈക്ക് എ റോളിങ്സ്റ്റോൺ എക്കാലത്തെയും മികച്ച പോപ് ഗാനമായി കണക്കാക്കുന്നവർ ഏറെയാണ്. നോക്കിങ് ഓൺ ഹെവൻസ് ഡോർ തുടങ്ങി വേറെയുമുണ്ട് അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങൾ. സംഗീതാലാപനത്തിലും ഉപകരണസംഗീതത്തിലും മാത്രമല്ല, ഗാനരചനയിലും ബോബ് ഡിലൻ ഒന്നാംനിരക്കാരനാണ്. അറുപതുകളിൽ അദ്ദേഹമെഴുതിയ ബാലഡ് ഫോർ എ ഫ്രണ്ട്, ബാലഡ് ഓഫ് എ തിൻ മാൻ തുടങ്ങിയ ബാലഡുകൾ ഉദാഹരണം.

ഒരുപക്ഷേ ഗാനരചനയിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യമാവാം സ്വീഡിഷ് അക്കാദമി ഇക്കുറി പരിഗണിച്ചത്. ഗാനരചനയിലുൾപ്പെടെ സംഗീതാവിഷ്കാരങ്ങളിൽ അദ്ദേഹം ഇപ്പോഴും സജീവമാണുതാനും. ലവ് ആൻഡ് തെഫ്റ്റ്, മോഡേൺ ടൈംസ് തുടങ്ങി എത്ര ആൽബങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്!

2016 ലെ ഫാളൻ എയ്ഞ്‌ജൽസിൽ എത്തിനിൽക്കുന്നു അത്. പിന്നെയുള്ളത് ക്രോണിക്കിൾസ് എന്ന ആത്മകഥയാണ്. ബോബ് ഡിലന്റെ സംഗീതത്തിനു വഴിപ്പെടാത്ത മറ്റു സംഗീതജ്ഞരില്ല എന്നു പറയാറുണ്ട്. മറ്റു സംഗീതജ്ഞരിൽനിന്നു പലതും സ്വീകരിക്കാൻ അദ്ദേഹവും മടികാണിച്ചിട്ടില്ല.

ബീറ്റിൽസിന്റെ ജോൺ ലെനണും ബോബ് ഡിലനും പരസ്പരം സ്വാധീനിച്ചിരുന്നു എന്ന് അത്ര പ്രസിദ്ധമാണല്ലോ. ബോബ് ഡിലൻ ജനങ്ങളുടെ സംഗീതകാരനാണ്; അതിനേക്കാൾ അദ്ദേഹം സംഗീതജ്ഞരുടെ സംഗീതകാരനാണ്. അതേ, ഇത്തവണ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സംഗീതത്തിനാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.