Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യ നൊബേൽ: ഇനി മറുപടിപാട്ടിന് കാതോർത്ത്

Obama Medal of Freedom ബോബ് ഡിലൻ. 2012ലെ ചിത്രം.

സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാക്കൾ പുരസ്കാരം സ്വീകരിച്ചു പ്രസംഗിക്കുന്ന പതിവുണ്ട് എല്ലാ വർഷവും. ഇത്തവണ പ്രസംഗത്തിനു പകരം ലോകം ഒരു പാട്ടായിരിക്കും കേൾക്കുക. സ്റ്റോക്കോമിലെ റോയൽ അക്കാദമി ഹാളിൽ പുരസ്കാര പ്രഖ്യാപനം അത്ഭുതത്തോടെ കേട്ടിരുന്ന മാധ്യമപ്രവർത്തകരിലൊരാൾ സ്വീഡിഷ് അക്കാദമി അംഗം വാസ്റ്റ്ബെർഗിനോടു സംശയം തുറന്നുചോദിച്ചു: പ്രസംഗത്തിനു പകരം സംഗീതസദസ്സായിരിക്കുമോ ഇത്തവണ? അങ്ങനെതന്നെ നമുക്കു പ്രതീക്ഷിക്കാം എന്നു വാസ്റ്റ്ബർഗിന്റെ മറുപടി.

ജീവിതത്തിലും പാട്ടിലും എന്നും വ്യത്യസ്തനായിരുന്നു ബോബ് ഡിലൻ. യഥാർഥപേര് റോബർട്ട് അലൻ സിമ്മർമാൻ. കോളജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് അദ്ദേഹം തന്റെ പേരു മാറ്റുന്നത്. ‘നാം ഓരോരുത്തരും നമുക്കിഷ്ടപ്പെട്ട പേരുകളിൽത്തന്നെ വിളിക്കപ്പെടണം, അറിയപ്പെടണം, ഓർമിക്കപ്പെടണം. സ്വാതന്ത്ര്യത്തിന്റെ നാടാണു നമ്മുടേത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ നമുക്കാവണം’ എന്നാണു തന്റെ പേരുമാറ്റത്തെക്കുറിച്ച് അദ്ദേഹം പിന്നീടു വിശദീകരിച്ചത്.

പതിറ്റാണ്ടുകളായി ഹിറ്റ് ചാർട്ടുകളിൽ ആദ്യസ്ഥാനം അലങ്കരിക്കുന്നു ബോബിന്റെ ആൽബങ്ങൾ. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആൽബങ്ങൾ ഏറെ സൃഷ്ടിച്ച ബോബിന്റെ ഏറെ പ്രശസ്തമായ പാട്ടാണ് ബ്ളോയിങ് ഇൻ ദ് വിൻഡ്; നൂറു ദശലക്ഷത്തിലധികം റിക്കോർഡുകൾ വിറ്റു റെക്കോർഡ് സൃഷ്ടിച്ച ഗാനം.

അമേരിക്കയിലെ മിനസോട്ടയിൽ 1941 മേയ് 24ന് ഒരു യഹൂദ കുടുംബത്തിൽ ജനിച്ച ബോബ് എഴുപതുകളിൽ ക്രിസ്ത്യൻ മതത്തിലേക്കു മാറി. എന്നാൽ താൻ ഒരു വ്യവസ്ഥാപിത മതവും പിന്തുടരുന്നില്ലെന്നും പ്രഖ്യാപിച്ചു. റോക്ക് ആൻഡ് റോൾ സംഗീത പാരമ്പര്യത്തിൽനിന്ന് അമേരിക്കൻ നാടോടി സംഗീതത്തിലേക്കു മാറുന്നതു കൗമാരകാലത്താണ്.

ദുഃഖം, നിരാശ, വിജയോൻമാദം, ആഴത്തിലുള്ള സങ്കടങ്ങൾ എന്നിവയൊക്കെ ആവിഷ്കരിക്കാൻ നാടോടി പാട്ടുകളാണ് ഏറെ സഹായകമെന്നും ബോബ് പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തെക്കുറിച്ചു ബോബ് പ്രതികരിച്ചിട്ടില്ല. എന്നും ആരാധകരെയും വിമർശകരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ബോബ് ഒരുപക്ഷേ തന്റെ മറുപടി ഒരു പാട്ടിലൂടെയായിരിക്കാം പ്രകടിപ്പിക്കുക.

അതിനുള്ള വേദി ലാസ് വേഗാസിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത വ്യാഴാഴ്ച ലാസ് വെഗാസിൽ ബോബ് പാടുന്നുണ്ട്. പുരസ്കാരത്തെ താൻ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ഒരുപക്ഷേ അന്നു ബോബ് വെളിപ്പെടുത്തിയേക്കാം. കാത്തിരിക്കാം ആ പാട്ടിനായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.