Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലറി–ട്രംപ് അവസാന സം‌വാദം ഇന്ന്; ഹിലറി വൻ അഴിമതിക്കാരിയെന്ന് ട്രംപിന്റെ ആരോപണം

Italy US Campaign 2016 ഹിലറിയുടെയും ട്രംപിന്റെയും പ്രതിമകൾ ഇറ്റലിയിലെ നേപ്പിൾസിലുള്ള ഒരു സ്റ്റോറിൽ.

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ മൂന്നാമത്തെ സംവാദം ഇന്നു നടക്കും. ഇന്നു രാത്രി ഒൻപതിന് (ഇന്ത്യൻ സമയം നാളെ രാവിലെ 6.30 മുതൽ) ആണ് അവസാനത്തേതു കൂടിയായ സംവാദം നടക്കുക. ലാസ്‌വേഗസിലെ നെവേദ യൂണിവേഴ്സിറ്റിയാണു വേദി. ഫോക്സ് ന്യൂസിലെ അവതാരകനായ ക്രിസ് വാലസ് ആയിരിക്കും മോഡറേറ്റർ.

അതേസമയം പ്രചാരണം അന്തിമഘട്ടത്തിലേക്കു കടക്കവേ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റനെ വ്യക്തിപരമായി ആക്രമിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഉന്നയിച്ചു. ‘സ്വന്തം നേട്ടത്തിനായി അമേരിക്കൻ സർക്കാരിനെ വശത്താക്കാൻ ‘ക്രിമിനൽ സംഘ’ത്തെ നിയോഗിച്ചിരിക്കുകയാണു ഹിലറി.

മാധ്യമങ്ങളെ ഉപയോഗിച്ചു വോട്ടർമാരുടെ മനസ്സ് വിഷലിപ്തമാക്കി അട്ടിമറി നടത്താനുള്ള സാഹചര്യമുണ്ടാക്കുകയാണു ലക്ഷ്യം. ഇതിനായാണു മാധ്യമങ്ങൾ കള്ളക്കഥകൾ ചമയ്ക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളവരിൽ ഏറ്റവും വലിയ അഴിമതിക്കാരിയാണു ഹിലറി’– ട്രംപ് ആരോപിച്ചു.

ഹിലറിയുമായി ബന്ധപ്പെട്ട രേഖകൾ വിക്കിലീക്സ് പുറത്തുവിട്ട സാഹചര്യത്തിലാണു ട്രംപിന്റെ ആരോപണം. അതേസമയം വിക്കിലീക്സ് രേഖകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു സംവാദത്തിനിടെ ഹിലറി ഉത്തരം പറയേണ്ടിവരുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ രണ്ടു സംവാദങ്ങൾക്കു ശേഷം ആറുമുതൽ ഏഴുവരെ പോയിന്റിനു ഹിലറി മുന്നിട്ടുനിൽക്കുന്നതായാണു സർവേകൾ സൂചിപ്പിക്കുന്നത്. ഈ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

സിഖുകാരനെ മുസ്‌ലിം ആക്കി; വെട്ടിലായി

ഷിക്കാഗോ ∙ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിനിറക്കിയ ലഘുലേഖയിൽ സിഖ് നേതാവിനെ മുസ്‌ലിം ആയി വിശേഷിപ്പിച്ചതു വിവാദമായി. സിഖ് പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി സ്ഥാപകൻ കൂടിയായ ഗുരീന്ദർ സിങ് ഖൽസയുടെ ചിത്രത്തിനു താഴെ ട്രംപിനെ പിന്തുണയ്ക്കുന്ന മുസ്‌ലിം എന്ന് എഴുതിയതാണു വിവാദമായത്.

മുസ്‌ലിംകൾ പിന്തുണയ്ക്കുന്നു എന്നു സ്ഥാപിക്കാനാണ് ഒഹായോയിൽ ഈ ലഘുലേഖ വിതരണം ചെയ്തത്. താൻ ട്രംപിനെ പിന്തുണയ്ക്കുന്ന വ്യക്തി അല്ലെന്നു ഗുരീന്ദർ വ്യക്തമാക്കി. തന്നോടു ചോദിക്കാതെയാണു പടം അച്ചടിച്ചതെന്നും സിഖുകാരനെയും മുസ്‌ലിമിനെയും ട്രംപിനു തിരിച്ചറിയില്ലെന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും ഗുരീന്ദർ പറഞ്ഞു.

ട്രംപിന്റെ നേരമ്പോക്കിനെ ന്യായീകരിച്ച് ഭാര്യ

ന്യൂയോർക്ക് ∙ സ്ത്രീകളെക്കുറിച്ചു ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾ ‘ആൺകുട്ടികളുടെ നേരമ്പോക്ക് വർത്തമാനം മാത്ര’മായി കണ്ടാൽ മതിയെന്നു മെലാനിയ ട്രംപ്. സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന 2005ലെ വിഡിയോ പ്രചരിക്കുന്ന സാഹചര്യത്തിലാണു ട്രംപിന്റെ ഭാര്യയുടെ വിശദീകരണം.

‘ചിലപ്പോഴൊക്കെ വീട്ടിൽ രണ്ട് ആൺകുട്ടികളുണ്ടാവും. ഒന്ന് എന്റെ മകൻ. രണ്ടാമൻ എന്റെ ഭർത്താവ്’– സിഎൻഎൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ മുൻ മോഡൽ കൂടിയായ മെലാനിയ പറഞ്ഞു. അനുമതിയില്ലാതെ സ്ത്രീകളെ ചുംബിക്കുന്നതും തൊടുന്നതും ലൈംഗിക പീഡനമാണെന്ന മിഷേൽ ഒബാമയുടെ പ്രസ്താവനയോടു താൻ യോജിക്കുന്നു.

എന്നാൽ ആരോപണവുമായി സ്ത്രീകൾ വരുന്നതു തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു മാത്രമാണ്. ഇക്കാര്യത്തിൽ ഭർത്താവിനെയാണ് എനിക്കു വിശ്വാസം – മെലാനിയ കൂട്ടിച്ചേർത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.