Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ ഏപ്രിൽ മുതൽ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്

visa

മനാമ ∙ ബഹ്റൈനിലെ അനധികൃത താമസക്കാർക്കു നിയമവിധേയമായി ജോലിചെയ്യാൻ അവസരം ഒരുക്കുന്ന ‘ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്’ സൗകര്യം ഏപ്രിൽ മുതൽ നടപ്പാക്കും. തൊഴിലാളികൾക്കു സ്വയം സ്പോൺസർ ചെയ്യാനും ഒന്നിലേറെ സ്പോൺസർമാരുടെ കീഴിൽ‌ ജോലിചെയ്യാനും കഴിയും.

സന്ദർശക വീസയിലുള്ളവർ, സ്പോൺ‌സറിൽനിന്ന് ഒളിച്ചോടിയവർ, ക്രിമിനൽ കേസ് പ്രതികൾ തുടങ്ങിയവർക്ക് സൗകര്യം പ്രയോജനപ്പെടുത്താനാകില്ല. ഏപ്രിൽ മുതൽ രണ്ടുവർഷത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു പദ്ധതി. 2016 സെപ്റ്റംബർ 20 വരെ അനധികൃത താമസക്കാരായി പ്രഖ്യാപിക്കപ്പെട്ടവർക്ക് അപേക്ഷ നൽകാം.

പെർമിറ്റ് കിട്ടുന്നവർക്ക് ആരുടെ കീഴിലും ജോലി ചെയ്യാം. വേതനം മണിക്കൂറോ ദിവസമോ കണക്കാക്കിയാകാം. താമസം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ഉത്തരവാദിത്തങ്ങൾ തൊഴിലാളിക്കായിരിക്കും. പ്രതിമാസം 2000 പേർക്കു വീതം രണ്ടു വർഷത്തിനുള്ളിൽ 48,000 പേർക്കു വർക്ക് പെർമിറ്റ് അനുവദിക്കും.

200 ദിനാർ (ഏകദേശം 33,700 രൂപ) ആണു ഫീസ്. ആരോഗ്യപരിരക്ഷയ്ക്കായി 144 ദിനാറും (ഏകദേശം 24,260 രൂപ) പ്രതിമാസ ഫീസായി 30 ദിനാർ വീതവും (5,000 രൂപയിലേറെ) ഈടാക്കും. മധ്യപൗരസ്ത്യ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. നിയമവിരുദ്ധമായ ഫ്രീ വീസ സമ്പ്രദായം നിയന്ത്രിക്കാനാണിത്.

Your Rating: