Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയതന്ത്ര ഉദ്യോഗസ്ഥൻ ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ്: മലേഷ്യ

Kim Jong Nam കിം ജോങ് നാം

ക്വാലലംപുർ∙ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം മലേഷ്യൻ വിമാനത്താവളത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാത്ത പക്ഷം ഉത്തര കൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥന് അറസ്റ്റ് വാറന്റ് നൽകുമെന്നു മലേഷ്യ മുന്നറിയിപ്പു നൽകി. നിരോധിത വിഎക്സ് രാസായുധം ഉപയോഗിച്ചാണു നാമിനെ വധിച്ചതെന്നു മലേഷ്യ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നാമിനെ ഉത്തര കൊറിയൻ ചാരസംഘടന ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണു നിഗമനം.

കൊറിയൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിയായ ഹൂൺ ക്വാങ് സോങ്ങിനെ കേസിൽ ചോദ്യം ചെയ്യണമെന്ന് ഏതാനും ദിവസംമുൻപു മലേഷ്യൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നയതന്ത്രപരിരക്ഷ ഉണ്ടെങ്കിലും ഉദ്യോഗസ്ഥനു പൊലീസിനു മുൻപാകെ ഹാജരാകാൻ ആവശ്യത്തിനു സമയം നൽകുമെന്നും ഹാജരാകുന്നില്ലെങ്കിൽ അറസ്റ്റ് വാറന്റ് നൽകുമെന്നുമാണു മലേഷ്യയുടെ പൊലീസ് മേധാവി വ്യക്തമാക്കിയത്.

കുസൃതിയാണെന്നു കരുതി; പ്രതിഫലം തന്നതു 90 ഡോളർ എന്ന് യുവതി

ക്വാലലംപുർ∙ കിം ജോങ് നാം കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ ഇന്തൊനീഷ്യൻ യുവതിക്കു ലഭിച്ച പ്രതിഫലം 90 ഡോളർ (ഏകദേശം ആറായിരം രൂപ). സംഭവം ഒരു കുസൃതിയാണെന്നാണു താൻ കരുതിയതെന്നും സിതി ഐഷ (25) പറഞ്ഞതായി ഇന്തൊനീഷ്യയുടെ ഡപ്യൂട്ടി അംബാസഡർ അറിയിച്ചു. കൊടുംവിഷമായ ‘വിഎക്സ്’ രാസവസ്തു ഉപയോഗിച്ചാണു നാമിനെ വധിച്ചതെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു കൃത്യം നിർവഹിച്ച യുവതികളിലൊരാളുടെ മൊഴിയും പുറത്തുവിട്ടത്. ദ്രവാവസ്ഥയിലുള്ള രാസവിഷം കൈകകളിൽ പുരട്ടിയശേഷം യുവതികൾ നാമിന്റെ മുഖത്തു തേയ്ക്കുകയായിരുന്നു.

മലേഷ്യൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള യുവതിയുമായി അരമണിക്കൂർ സംസാരിച്ചശേഷമാണ് ഇന്തൊനീഷ്യയുടെ നയതന്ത്ര പ്രതിനിധി മാധ്യമങ്ങളെ കണ്ടത്. ആക്രമണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നു യുവതികൾ നേരത്തേ പൊലീസിനോടു പറഞ്ഞിരുന്നു. കസ്റ്റഡിയിലുള്ള വിയറ്റ്നാം യുവതിക്കും പ്രവൃത്തിയുടെ ഉദ്ദേശ്യം അറിയില്ലായിരുന്നുവെന്നാണു സൂചന. ദ്രവരൂപത്തിലുള്ള പദാർഥം മുഖത്തു പുരട്ടിക്കഴിഞ്ഞാലുടൻ കൈകൾ കഴുകാനും നിർദേശമുണ്ടായിരുന്നതായി യുവതികൾ മൊഴി നൽകിയിരുന്നു.

related stories
Your Rating: