Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം സംവാദത്തിലും ഹിലറിക്കു ജയം

US-HILLARY-CLINTON-CAMPAIGNS-AT-VOTER-REGISTRATION-EVENT-IN-DETR

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ രണ്ടാം സംവാദത്തിലും വിജയിയായത് ഹിലറി ക്ലിന്റൻ. പരസ്പരം ചെളിവാരിയെറിയൽ കൊണ്ട് അരോചകമായി 90 മിനിറ്റ് നീണ്ട രണ്ടാം സംവാദം. ഹിലറിയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റന്റെ സ്വഭാവദൂഷ്യങ്ങൾ എണ്ണിപ്പറഞ്ഞ ഡോണൾ‍ഡ് ട്രംപ്, താൻ അധികാരത്തിൽ വന്നാൽ ഹിലറിയെ ജയിലിലടയ്ക്കുമെന്നും പ്രഖ്യാപിച്ചു.

വാഷിങ്ടൻ സർവകലാശാലയിലെ വേദിയിലേക്കു കയറി വന്നപ്പോൾ ഹിലറിയും ട്രംപും പരസ്പരം ഹസ്തദാനം പോലും ചെയ്തില്ല. വ്യക്തിപരമായി ആക്ഷേപിക്കാൻ കിട്ടിയ ഒരവസരവും ഇരുവരും പാഴാക്കിയില്ല. ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത തിരഞ്ഞെടുപ്പ് സംവാദം എന്ന് അഭിപ്രായസർവേ കണ്ടെത്തിയെങ്കിലും ഇത്തവണ ടിവിയിൽ തൽസമയം കാണാൻ ആളു കുറഞ്ഞു. ഇത്തവണ ട്രംപ് പ്രതീക്ഷകൾക്കപ്പുറം പോയെങ്കിലും വിജയി ഹിലറി തന്നെയെന്നും സർവേ നിരീക്ഷിച്ചു.

നവംബർ എട്ടിന്റെ തിരഞ്ഞെടുപ്പിനു മുൻപേയുള്ള അവസാന സംവാദം 19നു ലാസ് വേഗാസിൽ നടക്കും. ട്രംപ് നടത്തിയ വംശീയാധിക്ഷേപങ്ങളും സ്ത്രീവിരുദ്ധപ്രസ്താവനകളും ചൂണ്ടിക്കാട്ടിയാണു ഹിലറി ആക്രമണം അഴിച്ചുവിട്ടത്. 2005ലെ വിഡിയോയിലെ ആഭാസകരമായ പരാമർശങ്ങൾ ട്രംപിന്റെ സ്വഭാവം തുറന്നുകാട്ടിയെന്നു ഹിലറി പറഞ്ഞു. ഏഴു ദശകമായി ലൈംഗികപീഡനങ്ങൾ തുടരുന്ന വ്യക്തിയാണു ഹിലറിയുടെ ഭർത്താവ് ബിൽ ക്ലിന്റൻ എന്നായിരുന്നു ട്രംപ് തിരിച്ചടിച്ചത്.

TOPSHOT-US-POLITICS-ELECTION-TRUMP-VOTE-REPUBLICANS

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഹിലറി ക്ലിന്റൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തു സ്വകാര്യ ഇ മെയിലുകൾ ഉപയോഗിച്ചതു സംബന്ധിച്ചു പ്രത്യേകം അന്വേഷണം നടത്തുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ‘ട്രംപിന്റെ മാനസികാവസ്ഥയുള്ള ഒരാൾ രാജ്യത്തു നിയമനിർവഹണത്തിന്റെ ചുമതലയിലില്ലാത്തതു വളരെ നല്ലതാണ്’ എന്ന് ഹിലറി പറഞ്ഞപ്പോൾ ‘ഞാനായിരുന്നുവെങ്കിൽ നിങ്ങൾ ജയിലിൽ കിടന്നേനെ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ബിൽ ക്ലിന്റനെതിരെ മുൻപ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ഒരു സംഘം സ്ത്രീകളെ സംവാദത്തിനു മുൻപേ വാർത്താസമ്മേളനത്തിൽ ട്രംപ് ഹാജരാക്കിയിരുന്നു. ഇതിലൊരു സ്ത്രീക്കു ട്രംപിന്റെ സ്ഥാപനം 2500 ഡോളർ നൽകിയതായും പിന്നീടു പുറത്തുവന്നു. രണ്ടാം സംവാദത്തിനുശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ക്ലിന്റനെ 47 ശതമാനം പിന്തുണച്ചപ്പോൾ ട്രംപിനു 42 ശതമാനം പിന്തുണ കിട്ടി. ആദ്യസംവാദം 8.4 കോടി അമേരിക്കക്കാർ ടിവിയിൽ തൽസമയം കണ്ടുവെന്നാണു കണക്ക്.

അതേസമയം രണ്ടാം സംവാദം കണ്ടത് 6.6 കോടി മാത്രം. അതേസമയം, മുതിർന്ന റിപ്പബ്ലിക്കൻ നേതാവും യുഎസ് ജനപ്രതിനിധിസഭ സ്പീക്കറുമായ പോൾ റയാൻ തിങ്കളാഴ്ച ട്രംപിനുള്ള പിന്തുണ പിൻവലിച്ചു. ട്രംപിനുവേണ്ടി പ്രചാരണത്തിനില്ലെന്നും ഹിലറി ജയിക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിഷയങ്ങളിൽ ആധികാരിക സ്രോതസ്സായ പ്രശസ്തമായ ഫോറിൻ പോളിസി മാഗസിനും ഹിലറിക്കു പിന്തുണ പ്രഖ്യാപിച്ചു. ഇതാദ്യമായിട്ടാണു മാഗസിൻ ഒരു സ്ഥാനാർഥിയെ പിന്തുണച്ചു രംഗത്തെത്തുന്നത്. ട്രംപ് അധികാരത്തിൽ വരുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നു മാഗസിൻ വിലയിരുത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.