Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശിതവിമർശനവുമായി മെറിൽ സ്ട്രീപ്: ട്രംപിന്റേത് ‘തെമ്മാടിത്തം’

AWARDS-GOLDENGLOBES/ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുന്ന മെറിൽ സ്ട്രീപ്.

ലോസ് ആഞ്ചലസ്∙‍ ഡോണൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഗോൾഡ് ഗ്ലോബ് അവാർഡ് നിശയിൽ ഹോളിവുഡ് താരം മെറിൽ സ്ട്രീപ്. മൂന്നുവട്ടം ഓസ്കർ പുരസ്കാരം നേടിയ മെറിൽ സ്ട്രീപ്, വിഭാഗീയതയും വംശീയവിദ്വേഷവും സൃഷ്ടിക്കുന്ന ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ, ട്രംപിന്റെ പേരെടുത്തു പറയാതെ നിശിത വിമർശനമാണു നടത്തിയത്.

ശക്തരായ ആളുകൾ, തങ്ങളുടെ പദവി മറ്റുള്ളവരെ അപമാനിക്കാനും ഉപദ്രവിക്കാനും വേണ്ടി ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നു നടി പറഞ്ഞു. ഹോളിവുഡിന്റെ വൈവിധ്യവും സമന്വയസ്വഭാവവും ചൂണ്ടിക്കാട്ടിയ നടി, വിദേശികളെയെല്ലാം പുറത്താക്കുകയാണെങ്കിൽ അമേരിക്കയിൽ ഫുട്ബോൾ അല്ലാതെ കലയുണ്ടാകില്ലെന്നു മുന്നറിയിപ്പു നൽകി.

‘ഈ ഹോളിവുഡ് എന്നു പറയുന്നത് എന്താണ്? മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ ഒരുപിടി ആളുകൾ ചേർന്ന ഒരിടമാണിത്. ആമി അദംസം ഇറ്റലിയിലാണ് ജനിച്ചത്. നടാലി പോർട്മാൻ ജറുസലേമിൽ. അവരുടെയെല്ലാം ജനനസർട്ടിഫിക്കറ്റ് എവിടെയാണ്? (ഇന്ത്യൻ വംശജനായ) ദേവ് പട്ടേൽ കെനിയയിലാണു ജനിച്ചത്. അദ്ദേഹം വളർന്നതു ലണ്ടനിലും.

അന്യൻമാരും വിദേശികളും നിറഞ്ഞതാണു ഹോളിവുഡ്. നിങ്ങൾ ഞങ്ങളെയെല്ലാം തൊഴിച്ചു പുറത്താക്കിയാൽ നിങ്ങൾക്കു കാണാൻ ഫുട്ബോളും മാർഷ്യൽ ആർട്സുമല്ലാതെ കലയുണ്ടാവില്ല.’– സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം നടത്തിയ പ്രസംഗത്തിൽ മെറിൽ സ്ട്രീപ് പറഞ്ഞു.

പോയവർഷത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം കാഴ്ച വച്ചത് ഒരു നടൻ അല്ലെന്നും, ദ് ടൈംസിന്റെ ഭിന്നശേഷിക്കാരനായ റിപ്പോർട്ടറെ പരസ്യമായി അധിക്ഷേപിച്ച ട്രംപ് ആണെന്നും സ്ട്രീപ് പറഞ്ഞു–‘അതിലൊരു നന്മയും ഇല്ലാതിരുന്നിട്ടും ആരെ ഉദ്ദേശിച്ച് അതു ചെയ്തുവോ അവരെല്ലാം അതു കണ്ടു വാ തുറന്നു ചിരിച്ചു.

നമ്മുടെ രാജ്യത്തെ ഏറ്റവും ആദരണീയമായ കസേരയിലിരിക്കാൻ കച്ച കെട്ടിയ മനുഷ്യൻ, ഭിന്നശേഷിക്കാരനായ ഒരു റിപ്പോർട്ടറെ അനുകരിച്ചപ്പോഴായിരുന്നു അത്. അതു കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു. ഇപ്പോഴും എനിക്കതു വിട്ടുകളയാൻ കഴിയുന്നില്ല. അതു സംഭവിച്ചതു സിനിമയിലായിരുന്നില്ല. യഥാർഥ ജീവിതത്തിലായിരുന്നു.

അനാദരവ് അനാദരവിനെ കൊണ്ടുവരും. അക്രമം ഉണർത്തുന്നത് അക്രമത്തെയും. ശക്തരായവർ അവരുടെ പദവി തെമ്മാടിത്തം കാട്ടാൻ ഉപയോഗിക്കുമ്പോൾ, പരാജയപ്പെടുന്നതു നമ്മളാണ്’– മെറിൽ സ്ട്രീപ് പറഞ്ഞു.

ഹിലറിയുടെ ‘ഇഷ്ടക്കാരി’യായ മെറിൽ സ്ട്രീപിന്റെ പരാമർശങ്ങളിൽ തനിക്ക് അദ്ഭുതമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സിനിമക്കാർ തന്നെ ഇതിനു മുൻപും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Your Rating: