Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയ X യുഎസ് മുഖാമുഖം: യുദ്ധഭീതി

NORTHKOREA-USA ഭീഷണിക്ക് ഉത്തരം: ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന ആയുധ പരേഡിൽ ഭൂഖണ്ഡാന്തര മിസൈലായ കെഎൻ 8 പ്രദർശിപ്പിച്ചപ്പോൾ. അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തര കൊറിയ നിർമിച്ചതാണ് ഈ മിസൈൽ.

പ്യോങ്ങ്യാങ് (ഉത്തര കൊറിയ) ∙ ഉപരോധങ്ങളും സമ്മർദങ്ങളും അവഗണിച്ച് ഉത്തര കൊറിയ നടത്തിയ ആയുധ പരേഡിനു പിന്നാലെ യുഎസ് നാവികവ്യൂഹം മേഖലയിലേക്കു നീങ്ങിത്തുടങ്ങിയതോടെ ലോകമാകെ വീണ്ടും യുദ്ധഭീതിയിൽ. ഉത്തര കൊറിയയുടെ സ്ഥാപക ഭരണാധികാരിയും ഇപ്പോഴത്തെ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇൽ സുങ്ങിന്റെ 105–ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്നലെയാണു ‌തലസ്ഥാന നഗരിയിൽ മിസൈലുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം വഹിച്ചുള്ള സൈനിക പരേഡ് അരങ്ങേറിയത്.

യുഎൻ ഉപരോധത്തെയും യുഎസ് സമ്മർദത്തെയും മറികടന്നു കഴിഞ്ഞയാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതിനു പിന്നാലെയുള്ള ഈ പ്രകോപനത്തെത്തുടർന്ന്, ഓസ്ട്രേലിയൻ തീരത്തേക്കു പോവുകയായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ വ്യൂഹം ഉത്തര കൊറിയൻ മേഖലയിലേക്കു തിരിച്ചു നീങ്ങിത്തുടങ്ങി. ഏതു സമയത്തും അടുത്ത ആണവപരീക്ഷണത്തിന് ഉത്തര കൊറിയ മുതിർന്നേക്കാം എന്ന വിലയിരുത്തലിലാണു സമ്മർദം ശക്തമാക്കുന്നതെന്നു യുഎസ് പറഞ്ഞു.

പ്യോങ്ങ്യാങ് കിം ഇൽ സുങ് ചത്വരത്തിലായിരുന്നു ഉത്തര കൊറിയൻ സൈനികശേഷിയുടെ ശക്തിപ്രകടനമായി മാറിയ പരേഡ് നടന്നത്. പട്ടാള ബാൻഡുകളുടെ അകമ്പടിയോടെ നടന്ന മാർച്ചിൽ, യുഎസും മറ്റു രാജ്യങ്ങളും ഭയക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കപ്പെട്ടു. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഉല്ലാസവാനായെത്തിയ കിങ് ജോങ് ഉൻ ചടങ്ങിനെ അഭിസംബോധന ചെയ്തില്ലെന്നതും ശ്രദ്ധേയമായി. എന്നാൽ ചടങ്ങിൽ പ്രസംഗിച്ച, കിങ് ജോങ് ഉന്നിന്റെ അടുത്ത അനുയായി ചോ റ്യോങ് ഹെയി ഏതു വിധത്തിലുള്ള ആക്രമണത്തിനും മറുപടി നൽകാൻ രാജ്യം തയാറാണെന്നു പ്രഖ്യാപിച്ചു.

usa

കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്നു ചോ റ്യോങ് ഹെയി പറഞ്ഞു. യുഎസിന്റെ പ്രകോപനത്തെ ഞങ്ങൾ ഭയക്കുന്നില്ല. യുദ്ധം ഉൾപ്പെടെ എന്തിനും തയാറാണ് – ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പരാമർശത്തിനു മറുപടി എന്ന നിലയ്ക്കായിരുന്നു, രാജ്യത്തെ രണ്ടാമനായി വിലയിരുത്തപ്പെടുന്ന ചോ റ്യോങ് ഹെയിയുടെ പ്രതികരണം. രാജ്യത്തിന്റെ സൈനിക ശക്തിയുടെ പരസ്യപ്രകടനം എന്ന വിശേഷണത്തോടെയാണ് ഉത്തര കൊറിയൻ ടെലിവിഷൻ പരിപാടി തൽസമയം സംപ്രേഷണം ചെയ്തത്.

ഏതുനിമിഷവും യുദ്ധമെന്ന് ചൈന

ഉത്തര കൊറിയയുടെ സഖ്യരാജ്യമായ ചൈന നിലപാടു മാറ്റി. ഉത്തരവാദിത്തരഹിതമായ നടപടികളിൽനിന്ന് ഉത്തര കൊറിയ പിൻമാറണമെന്നു പരസ്യമായി ആവശ്യപ്പെട്ട ചൈന, പ്യോങ്ങ്യാങ് ഭരണകൂടത്തെ തണുപ്പിക്കാൻ റഷ്യയുടെ സഹായം തേടി.
ഉത്തര കൊറിയ വീണ്ടും ആണവപരീക്ഷണത്തിനു മുതിരുന്നത് അപകടകരവും ഉത്തരവാദിത്തരഹിതവുമായ നടപടിയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രഖ്യാപിച്ചു. ഏതു നിമിഷവും യുദ്ധം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു യുദ്ധത്തിലും ഇന്നുവരെ ‘ജേതാക്കൾ’ഉണ്ടായിട്ടില്ല. ലോകത്തിനാകെ ഇതുവഴി നഷ്ടമാണുണ്ടാവുക. – വാങ് യി പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ഫോണിൽ സംസാരിച്ച വാങ് യി, എല്ലാവരെയും ഒത്തുതീർപ്പിന്റെ വഴിയിലെത്തിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു.

Your Rating: