Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഭൂമിപോൽ’ അതുല്യം ഈ തേജസ്

THAILAND-KING/ ഭൂമിബോൽ അതുല്യതേജിന്റെ മരണവാർത്തയറിഞ്ഞ് കണ്ണീരോടെ ജനങ്ങൾ.

തായ്‌ലൻഡിൽ ദൈവതുല്യനാണു രാജാവ്. രാജ്യത്ത് ഒട്ടേറെ പട്ടാളവിപ്ലവങ്ങൾ നടന്നിട്ടും 30 പ്രധാനമന്ത്രിമാർ മാറിമാറി അധികാരത്തിൽ വന്നിട്ടും രാജാവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല; ജനങ്ങളുടെ സ്നേഹത്തിനും. ആ സ്നേഹമാണു ഭൂമിബോൽ അതുല്യതേജിനെ 70 വർഷക്കാലം സിംഹാസനത്തിലിരുത്തിയത്. ‌

പട്ടാളവിപ്ലവങ്ങളുടെ നാട് എന്ന പേരിലറിയപ്പെടുന്ന തായ്‌ലൻഡിലെ ആഭ്യന്തരപ്രശ്നങ്ങളിൽ മുൻ രാജാക്കന്മാർ ഇടപെടാറില്ലായിരുന്നു. എന്നാൽ ഭൂമിബോൽ ആ പതിവു തെറ്റിച്ചു. തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ പ്രധാനമന്ത്രിയായി അധികാരമേറ്റ ജനറൽ സുചീന്ദ്രക്രാപ്രയൂണിനെതിരെ വൻ പ്രക്ഷോഭം രൂപപ്പെട്ടപ്പോൾ ഭൂമിബോൽ അദ്ദേഹത്തെ പുറത്താക്കി പാർലമെന്റ് പിരിച്ചുവിട്ടു. രാജാവിന്റെ ഏതു നടപടിയിലും പിന്തുണയേകി തായ് ജനത എന്നും ഒപ്പമുണ്ടായിരുന്നു.

വിദേശത്തു ജനിച്ച ഏക തായ് രാജാവാണു ഭൂമിബോൽ. ഹാർവഡ് സർവകലാശാലയിൽ വൈദ്യശാസ്ത്ര അധ്യാപകനായിരുന്നു പിതാവ്. യുഎസിലും സ്വിറ്റ്സർലൻഡിലും വേഗം കൂടിയ കാറുകളിലും ജാസ് സംഗീതത്തിലും ഭ്രമിച്ചു നടന്ന അദ്ദേഹം 1946ൽ നാട്ടിലേക്കു മടങ്ങി; സഹോദരന്റെ മരണത്തെ തുടർന്ന് അധികാരം ഏൽക്കാൻ. അന്നുമുതൽ തായ് ദേശീയ ഐക്യത്തിന്റെ തിളങ്ങുന്ന പ്രതീകമായി മാറി.

ചിത്രകാരനും ഫൊട്ടോഗ്രഫറും ഗാനരചയിതാവും സംഗീതജ്ഞനും വാസ്തുശിൽപിയും എൻജിനീയറും ശാസ്ത്രജ്ഞനും കൃഷിക്കാരനുമെല്ലാമായിരുന്നു ഭൂമിബോൽ. സൈനിക ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കാനായി രാജാവ് കണ്ടുപിടിച്ച ഇലക്ട്രിക് മെഷീൻ ഗൺ പ്രസിദ്ധമാണ്. കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചതിന്റെ പേറ്റന്റ് രാജാവിനുള്ളതാണ്.

ഏറ്റവും സമ്പന്നനായ രാജാവ് എന്ന പേരും തായ് രാജാവിനു സ്വന്തം.
രാജാവിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ തായ്‌ലൻഡിൽ കർക്കശ നിയമങ്ങളാണുണ്ടായിരുന്നത്. രാജവാഴ്ചയെ വിമർശിച്ചതിന്റെ പേരിൽ 2300 വെബ്സൈറ്റുകൾക്കു തായ്‌ലൻഡിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജാവിനെ അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർക്കു പത്തു വർഷം തടവു ലഭിച്ചിരുന്നു.

കുട്ടിത്തം വിടാത്ത മുഖവും സ്വർണ ഫ്രെയിമുള്ള കണ്ണടയും ഭംഗിയായി തുന്നിയ സ്യൂട്ടും ധരിച്ച് ഭാര്യ സിരികിതുമൊത്തു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ദമ്പതിമാരായാണു തായ് ജനത അവരെ കണക്കാക്കിയിരുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.