Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ മരുമകൻ ജറിദ് കഷ്‌നർ ട്രംപിന്റെ സീനിയർ അഡ്‌വൈസർ

FILES-US-POLITICS-TRUMP-KUSHNER ട്രംപ്, മകൾ ഇവാൻകയ്ക്കും മരുമകൻ ജറിദ് കഷ്‌നറുമൊപ്പം

വാഷിങ്ടൻ ∙ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജറിദ് കഷ്‌നറെ (36) തന്റെ മുതിർന്ന ഉപദേശകനായി നിയമിച്ചു. ഇതോടെ വൈറ്റ് ഹൗസിൽ ഏറ്റവും ശക്തനായ വ്യക്തികളിലൊരാളായി ജറിദ് മാറും. സ്വജനപക്ഷപാതവിരുദ്ധ നിയമമനുസരിച്ചു ചോദ്യംചെയ്യപ്പെട്ടേക്കാവുന്ന നിയമനമാകും ഇത്.

മകൾ ഇവാൻകയുടെ ഭർത്താവും പ്രമുഖ ബിസിനസുകാരനുമായ ജറിദ് കഷ്നനർ ആയിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനി. കഷ്‌നറുടെ നിയമനത്തിൽ നിയമപ്രശ്നങ്ങളില്ലെന്നും 1967ൽ കൊണ്ടുവന്ന സ്വജനപക്ഷപാതവിരുദ്ധ നിയമം പ്രസിഡന്റിന്റെ സ്റ്റാഫിനു ബാധകമല്ലെന്നും നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്‌ൻസ് പ്രിബസ് പറഞ്ഞു. കഷ്‌നറുടെ നിയമനത്തിനെതിരെ ഡമോക്രാറ്റിക് പാർട്ടി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിലെ ഉന്നതപദവി ഉപയോഗിച്ചു തന്റെ ബിസിനസ് താൽപര്യങ്ങൾക്കായി കഷ്നർക്കു ഭരണനയങ്ങളെ സ്വാധീനിക്കാനാവുമെന്നും ഡമോക്രാറ്റുകൾ ആരോപിച്ചു.

ട്രംപ് വിരുദ്ധ വനിതാറാലി; പ്രമുഖ പോപ് ഗായികമാരും

ലോസ് ആഞ്ചലസ്∙ ട്രംപ് അധികാരമേൽക്കുന്ന 20നു വാഷിങ്ടനിൽ നടക്കുന്ന വനിതാറാലിയിൽ പോപ് ഗായികമാരായ കെരി പെറി, ഷേർ എന്നിവരും നടി അമേരിക്ക ഫെറാറയും പങ്കെടുക്കും. കുടിയേറ്റക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സിനിമയിലെയും ഫാഷൻ രംഗത്തെയും പ്രശസ്തർ തെരുവിലിറങ്ങുന്നത്. ആർടിസ്റ്റ് ടേബിൾ എന്ന സംഘടനയാണു ട്രംപ് വിരുദ്ധ പ്രകടനം സംഘടിപ്പിക്കുന്നത്.

‘കറുത്തവർക്കു ടിപ്പില്ല !’

വാഷിങ്ടൻ∙ ‘നല്ല സേവനം. പക്ഷേ, കറുത്തവർക്കു ടിപ് നൽകില്ല’ – യുഎസിലെ ഒരു റസ്റ്ററന്റിൽ ജീവനക്കാരിക്കു ദമ്പതികൾ വച്ചുപോയ സന്ദേശമാണിത്. ഡോണൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം വർധിച്ച കറുത്തവർക്കും വിദേശികൾക്കുമെതിരായ വംശീയവിദ്വേഷസംഭവങ്ങളിൽ ഒടുവിലത്തേതാണ്.

വെർജീനിയയിലെ ആഷ്ബേണിൽ അനിതാസ് ന്യൂ മെക്സിക്കോ സ്റ്റൈൽ കഫേയിലാണു സംഭവം. ബില്ലിനു താഴെയാണു സന്ദേശം എഴുതിയിരുന്നത്. സന്ദേശം വായിച്ച കെല്ലി കാർട്ടർ ഞെട്ടിപ്പോയി. താൻ പ്രഭാതഭക്ഷണം വിളമ്പിയ ചെറുപ്പക്കാരായ ദമ്പതികളാണ് ഇതു ചെയ്തതെന്നു കെല്ലി പറഞ്ഞു.

Your Rating: