ADVERTISEMENT

ഭക്ഷണത്തോടും ബുള്ളറ്റിനോടും ഒരുപോലെ ‘കൊതി’യുണ്ടെങ്കിൽ മാത്രം തുടർന്ന് വായിക്കുക. വിഭവസമൃദ്ധമായ താലി തളികയും പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റും ഒരുമിച്ചു നീട്ടിയാൽ ഏതാവും തിരഞ്ഞെടുക്കുക? ബുള്ളറ്റിന്റെ കുടു... കുടു.. ശബ്ദം കൊതിപ്പിക്കുന്നെങ്കിൽ പുണെ വരെ ഒന്നു പോയിട്ട് വരാം. കൊറോണക്കാലത്ത് ഹോട്ടൽ ബിസിനസ് നേരിട്ട തകർച്ചയിൽനിന്നു കരകയറാൻ പുണെയിലെ  ശിവരാജ് ഹോട്ടലുടമ അതുൽ വെയ്ക്കറാണ് പുതുമയുള്ള ‘ഹെവി’ തീറ്റമൽസരം പ്രഖ്യാപിച്ചത്. 

എത്ര തീറ്റമൽസരം കണ്ടതാ എന്ന ചിന്തയിൽ പുണെയ്ക്കു വണ്ടി കയറിയാൽ നിരാശയാകും ഫലം. കാരണം നാലു കിലോ തൂക്കമുള്ള നോൺ വെജ് താലി മീൽസ് ഒരു മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കണം. മൽസരത്തിൽ ജയിച്ചാൽ പുത്തൻ ബുള്ളറ്റിൽ വീട്ടിൽ പോകാം. സംശയമുണ്ടെങ്കിൽ പുണെ വാഡ്ഗൺ മാവൽ ഏരിയായിലെ ഹോട്ടലിന്റെ മുൻവശത്ത് നോക്കിയാൽ മതി. താലി പാത്രത്തിൽ കൃത്യമായി അകലം പാലിച്ചിരിക്കുന്നതു പോലെ ഇനി അഞ്ച് ബുള്ളറ്റ് കൂടി തീറ്റമൽസര വിജയികളെ കാത്തിരിക്കുന്നു. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ബുള്ളറ്റ് താലി ഒരു തരി പോലും ബാക്കിവയ്ക്കാതെ കഴിച്ച മഹാരാഷ്ട്രയിലെ സോലപൂർ സ്വദേശി സോമനാഥ് പവാറാണ് ആദ്യ വിജയി.

ബുള്ളറ്റ് താലിയിൽ എന്തൊക്കെയാണ് കഴിക്കേണ്ടത്?

പന്ത്രണ്ട് തരം നോൺ വെജ് വിഭവങ്ങൾ അടങ്ങിയതാണ് താലി. നാലു കിലോ മട്ടൻ, വറുത്ത മീൻ, ചിക്കൻ തന്തൂരി, മട്ടൻ ഡ്രൈ, ഗ്രേ മട്ടൻ, ചിക്കൻ മസാല, ചെമ്മീൻ ബിരിയാണി എന്നീ വിഭവങ്ങൾ താലിയിലെ താരങ്ങൾ. 

ഭീമൻ താലി മീൽസാണ് മെയിൻ

കുറച്ച് അളവിൽ മാത്രം ഭക്ഷണം കഴിക്കാമെന്ന് കരുതി ശിവരാജ് ഹോട്ടലിൽ ആരും വരേണ്ട. മെനു മുഴുവൻ ‘താലി’ മയമാണ്. ഒന്നല്ല,  65 ൽ അധികം വ്യത്യസ്തമായ താലി വിഭവങ്ങൾ ഇവിടെ ലഭ്യം. താലികളുടെ പേരുകൾ കേട്ടാലും കൗതുകമുണ്ട്. രാവൺ താലി, ബുള്ളറ്റ് താലി, മാൽവാനി താലി, ഫയൽവാൻ മട്ടൻ താലി, ബകാസുർ ചിക്കൻ താലി, സർക്കാർ മട്ടൻ താലി... താലിയുടെ കനം പോലെ വിലയുടെ കാര്യത്തിലും കനമുണ്ട്. ഓരോ താലി മീൽസിനും 2500 രൂപയാണ് വില. എട്ടു വർഷം മുൻപാണ് ശിവരാജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. സവിശേഷമായി തീറ്റമത്സരങ്ങൾ ഇടയ്ക്കിടെ നടത്തും. കുറച്ചു നാൾ മുൻപു നടത്തിയ 8 കിലോ രാവൺ താലി തീറ്റമത്സരം നടത്തിയിരുന്നു. നാലു പേർ ചേർന്ന് ഒരു മണിക്കൂറിനുളളിൽ രാവൺ താലി കഴിക്കണമെന്നായിരുന്നു മൽസര നിയമം. വിജയിക്ക്  5000 രൂപ സമ്മാനത്തുകയും രാവൺ താലിയുടെ പൈസയും ഒഴിവാക്കിയിരുന്നു.

ഇത്രയും അറിഞ്ഞ് സ്ഥിതിക്ക് പുണെ വരെ ഒന്നു പോയാലോ? കിട്ടിയാൽ ഒരു ബുള്ളറ്റ്, പോയാൽ... അല്ല, പോകാനെന്തിരിക്കുന്നു. ‘ഹെവി’ താലി രുചിക്കാമല്ലോ. കുറഞ്ഞ പക്ഷം താലിയോടൊപ്പം ഒരു ‘സെൽഫി’ എങ്കിലും സമൂഹമാധ്യമത്തിൽ പങ്കുവച്ച് മിനിമം 2500 ലൈക്ക് വാങ്ങരുതോ!.

Englsih Summary : Finish 4kg thali and win Royal Enfield Bullet at this Pune eatery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com