ADVERTISEMENT

ചരിത്രത്തിന്റെ രുചി കൂടി ചേർത്തു തയാറാക്കിയ ഒരു സ്പെഷൽ ‌മട്ടൻ കറി; അതാണ് റെയിൽവേ മട്ടൻ. നമ്മുടെ നാട്ടിലെ ബ്രിട്ടീഷ് ഭരണ കാലത്തോളം പഴക്കമുള്ള ഒരു വിശേഷപ്പെട്ട രുചിക്കൂട്ടാണു റെയിൽവേ മട്ടൻ കറിയുടേത്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ്, ബ്രിട്ടീഷ് ഭരണ കാലത്തു റെയിൽവേ കാന്റീനിൽ ഉണ്ടാക്കിയിരുന്നതും ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്മെന്റിൽ മാത്രം വിളമ്പിയിരുന്നതുമായ ഒരു കറിയാണിത്. അതു കൊണ്ടു തന്നെ ഫസ്റ്റ് ക്ലാസ് റെയിൽവേ മട്ടൻ കറിയെന്നും ഇതിനെ വിളിക്കാറുണ്ട്. ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽപ്പെട്ടവർ ഇപ്പോഴും റെയിൽവേ മട്ടൻ കറി ചില രൂപഭേദങ്ങളോടെ തയാറാക്കാറുണ്ട്. ഇത് ആദ്യമായി ഗോൾഡൻ ടെംപിൾ മെയിൽ എന്ന ട്രെയിനിലാണ് ഇതു വിളമ്പിയത്. ആദ്യത്തെ രുചിക്കൂട്ടിൽ നിന്ന് ഇന്ത്യൻ പാചക വിദഗ്ധർ ചില കൂട്ടിച്ചേർക്കലുകൾക്കൂടി നടത്തിയ ശേഷമാണ് ഇന്നത്തെ റെയിൽവേ മട്ടൻ കറിയുടെ രുചി ഒരുങ്ങിയത്. അങ്ങനെയെങ്കിൽ ഇൗ ചരിത്ര രുചി നമുക്കുമൊന്ന് അറിയണ്ടേ..? വളരെയെളുപ്പം തയാറാക്കാവുന്ന ഇൗ കറി ബ്രെഡിന്റെയും ചപ്പാത്തിയുടെയും റൊട്ടി ,പൊറോട്ട ഇതിന്റെ ഒക്കെ കൂടെ ഒരു ഉഗ്രൻ കോമ്പിനേഷനാണ്.

ചേരുവകൾ

  • മട്ടൻ- 1/2 കിലോഗ്രാം
  • ഉണക്ക മുളക് - 6 എണ്ണം 
  • ഗ്രാമ്പു -3
  • ജീരകം പൊടിച്ചത് - 1 ടീസ്പൂൺ
  • സവാള വലുത് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • തക്കാളി -1
  • ഉരുളകിഴങ്ങ് വലുത് - 1
  • ഏലക്കായ - 2 എണ്ണം
  • കുരുമുളക് - 6 എണ്ണം
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കറുവപ്പട്ട - ചെറിയ കഷണം
  • മുളകുപൊടി - 2 ടീസ്പൂൺ
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • ഓയിൽ - 3 ടേബിൾസ്പൂൺ
  • വാളൻ പുളി പിഴിഞ്ഞത് - 2 ടേബിൾസ്പൂൺ
  • തേങ്ങാപ്പാ‌ൽ - 1/4 കപ്പ്‌ 

 

തയാറാക്കുന്ന വിധം

മട്ടൻ ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. 

ശേഷം ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ഒഴിച്ച് ചൂടായതിന് ശേഷം സവാള വഴറ്റിയ ശേഷം കറുവപ്പട്ട, ഗ്രാമ്പു, ഏലക്കായ, കുരുമുളക്, ഉണക്ക മുളക് എന്നിവ ചേർത്ത് വഴറ്റുക. അതിന് ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റണം. അത് കഴിഞ്ഞു തക്കാളി ചേർത്ത് നന്നായി വഴറ്റണം. 

ഈ സമയം വേറൊരു പാത്രത്തിൽ മുളകുപൊടിയും മല്ലിപ്പൊടിയും ജീരകപ്പൊടിയും അൽപം വെള്ളം ചേർത്ത് പേസ്റ്റാക്കി വഴറ്റിയ സവാളയിലേക്ക് ചേർത്ത് നന്നായി മൂപ്പിക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടൺ വെള്ളത്തോടെ ചേർത്ത് കൊടുക്കുക. എന്നിട്ട് 5 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം കഷണങ്ങളായി മുറിച്ചു വേവിച്ചു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ്, പുളി വെള്ളം  ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും 2 മിനിറ്റ് അടച്ചു വയ്ക്കണം. അത് കഴിഞ്ഞ് തീ കുറച്ച് തേങ്ങ പാൽ കൂടി ചേർത്ത് നന്നായി ഇളക്കി  യോജിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com