ADVERTISEMENT

വന്‍കിട കോര്‍പറേറ്റുകളുടെ കാലമാണിത്. FAANGs  എന്നറിയപ്പെടുന്ന ഫെയ്‌സ് ബുക്ക്, ആപ്പിള്‍, ആമസോണ്‍, നെറ്റ് ഫ്‌ളിക്‌സ്, ഗൂഗിള്‍ എന്നിവയുടെ മൊത്തം വിപണി മൂല്യം  5 ട്രില്യണ്‍ ഡോളറിനു മുകളിലാണ്. ഭീമമായ സമ്പത്തും വിപണിയിലെ പ്രമുഖ സ്ഥാനവും ചേരുമ്പോള്‍ മെഗാ കോര്‍പറേഷനുകള്‍ മത്സരത്തിന്റെ ഗുണം തന്നെ ഇല്ലാതാക്കുന്ന കുത്തകകളായിത്തീര്‍ന്നേക്കാം. ഇത്തരം കുത്തകകള്‍ ഉയര്‍ന്നു വരുന്നത് തടയുക എന്നതാണ് കുത്തക വിരുദ്ധ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം.  

കുത്തക പ്രവര്‍ത്തനം 

യുഎസ് കോണ്‍ഗ്രസ് ഈയിടെ പുറത്തുവിട്ട ഒരു സംയുക്ത പാര്‍ട്ടി റിപ്പോര്‍ട്ടില്‍ ഗൂഗിളും ആമസോണും ഫെയ്‌സ് ബുക്കും ആപ്പിളും കുത്തക പ്രവര്‍ത്തനം നടത്തുന്നതായി നിരീക്ഷിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ യുഎസില്‍ നടപ്പാക്കിയ കുത്തക വിരുദ്ധ നിയമ നിര്‍മ്മാണം കുത്തകകളാകാന്‍ സാധ്യതയുള്ള വന്‍കിട കമ്പനികളെ വിഭജിച്ചു. 1911ല്‍ യുഎസ് സുപ്രിം കോടതി എണ്ണ കുത്തകയായിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയെ 34 കമ്പനികളായി വിഭജിച്ചു. 1984ല്‍ ടെലികോം ഭീമന്മാരായ എ ടി ആന്റ് ടി കമ്പനിയെ ഏഴു പ്രാദേശിക കമ്പനികളാക്കി മാറ്റി. മൈക്രോ സോഫ്റ്റ്, ഐബിഎം തുടങ്ങിയ വമ്പന്‍മാര്‍ അവരുടെ കുത്തക ശക്തി ദുരുപയോഗിക്കുന്നതായി ആരോപണമുണ്ടായിരുന്നു. മുതലാളിത്തം പ്രവര്‍ത്തിക്കുന്നത് ''കൂടുതലാളുകള്‍ക്ക്  കൂടുതല്‍ നന്മ'' എന്ന ലക്ഷ്യത്തിനായിരിക്കണമെന്ന് ഉറപ്പു വരുത്താന്‍ ഇത്തരം നടപടികള്‍ ആവശ്യമാണ്. 

മതിയായ നിയന്ത്രണങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ ചില സ്ഥാപനങ്ങള്‍ വന്‍ വളര്‍ച്ച കൈവരിക്കുകയും, ഹൃസ്വ കാല ലക്ഷ്യങ്ങളോടെ ആപല്‍ക്കരമായ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെത്തന്നെ അതു തകര്‍ക്കാനും ഇടയാക്കും. ഏതാനും വന്‍കിടക്കാര്‍ ചേര്‍ന്ന്  ധനപരമായ കാര്യങ്ങളില്‍ കൈക്കൊള്ളുന്ന ചില തീരുമാനങ്ങള്‍ അതുമായി ബന്ധമില്ലാത്ത ദശ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനോപാധികളെ ബാധിച്ചേക്കാം. 

നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യം

മുതലാളിത്തം മത്സരം പ്രോത്സാഹിപ്പിക്കുന്നു. മത്സരാധിഷ്ഠിത വിപണികള്‍ അതില്‍ ഭാഗഭാക്കാവുന്ന ഏവര്‍ക്കും പ്രയോജനകരമാണ്. എന്നാല്‍ മുതലാളിത്തത്തിന് ഫലപ്രദമായ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്. മത്സരത്തിന്റെ അഭാവത്തില്‍, ഉപഭോക്താക്കളെ ചൂഷണം ചെയ്തുകൊണ്ട് കുത്തകകള്‍ വളര്‍ന്നു വികസിക്കുകയും എതിരാളികളെ നശിപ്പിക്കുകയും അവരുടെ ബൃഹത്തായ അധികാരം ഉപയോഗിച്ച്  വ്യവസ്ഥയെത്തന്നെ ദുഷിപ്പിക്കുകയും ചെയ്‌തേക്കാം. ചങ്ങാത്ത മുതലാളിത്തത്തിന് സമ്പദ് വ്യവസ്ഥയെ മാത്രമല്ല ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെത്തന്നെ തകര്‍ക്കാന്‍ കെല്‍പ്പുണ്ട്.  അതുകൊണ്ടാണ് വിപണി സമ്പദ് വ്യവസ്ഥയെ ശക്തമായി അനുകൂലിക്കുന്ന സാമ്പത്തിക വിദഗ്ധരും കുത്തകകളെ തടയണമെന്ന നിലപാടെടുക്കുന്നത്.

വലുപ്പം കൊണ്ടു മാത്രം കുഴപ്പമുണ്ടാകണമെന്നില്ല

കാര്യക്ഷമതയുള്ള മികച്ച  ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉദാരീകൃത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വമ്പന്‍മാരായി വളരാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഇത്തരം കമ്പനികള്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. എട്ടു ട്രില്യണ്‍ രൂപയുടെ വിപണി മൂല്യവുമായി രാജ്യത്ത്  ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കു വളര്‍ന്ന ടിസിഎസില്‍ ഇപ്പോള്‍ 450000 ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു.  സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടേതിനേക്കാള്‍ രണ്ടു ലക്ഷം കൂടുതലാണിത്. അങ്ങേയറ്റം മത്സരാധിഷ്ടിതമായ അന്തരീക്ഷത്തില്‍ വളര്‍ച്ച നേടിയ ടിസിഎസ് പോലുള്ള കമ്പനികള്‍ യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ല. ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. പ്രശ്‌നം സ്ഥാപനത്തിന്റെ വലിപ്പമല്ല, വിപണിയിലെ അതിന്റെ മേല്‍ക്കോയ്മയാണ്.   

ചില സുപ്രധാന മേഖലകളിലെ കുത്തക പ്രവണതകള്‍

വിപണി വിഹിതത്തില്‍ ആധിപത്യമുള്ള ചില മേഖലകളില്‍ കുത്തകയിലേക്കു നയിക്കാവുന്ന അനഭിഷണീയമായ പ്രവണതകള്‍ ഉയര്‍ന്നു വരുന്നുണ്ട്.    ഉദാഹരണത്തിന് ഇന്ത്യയുടെ ടെലികോം വിപണിയില്‍ ഇപ്പോള്‍ ഫലത്തില്‍ രണ്ടു കമ്പനികളേയുള്ളു. വിവിധ കാരണങ്ങളാല്‍ പല ടെലികോം കമ്പനികളും പാപ്പരായി. ഇക്കാരണത്താലുണ്ടായ കിട്ടാക്കടങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ ദുരന്തം വിതച്ചു. വിമാനത്താവളങ്ങള്‍ പോലെ പ്രധാനപ്പെട്ട ചില അടിസ്ഥാന മേഖലകളിലും  കുത്തക പ്രവണതകളുണ്ട് എന്നതാണ് അനഭിലഷണീയമായ മറ്റൊരു വസ്തുത. 2019ല്‍ നടന്ന വിമാനത്താവള ലേലത്തില്‍ ആറു വിമാനത്താവളങ്ങളും അദാനിയുടെ കയ്യിലായി. ഈ പ്രവണത തടയേണ്ടിയിരിക്കുന്നു.

നിയന്ത്രണച്ചുമതലയുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കണം

ഊര്‍ജ്ജസ്വലവും മത്സരാധിഷ്ഠിതവുമായി തുടരുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. എന്നാല്‍ ചില മേഖലകളില്‍ ഉയര്‍ന്നു വരുന്ന കുത്തക പ്രവണതകള്‍ അഭിലഷണീയമല്ല. ഈ പ്രവണതകള്‍ക്ക് പല കാരണങ്ങളുണ്ട്. ഹൃസ്വ ദൃഷ്ടികളായ റെഗുലേറ്റര്‍മാര്‍ , വ്യവസായത്തിന്റെ വളര്‍ച്ചയേക്കാള്‍ നികുതി പിഴിഞ്ഞെടുക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന സര്‍ക്കാരുകള്‍, പ്രശ്‌നങ്ങള്‍ സമഗ്രമായി നോക്കിക്കാണുന്നതിനു പകരം നിയമം വാച്യാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്ന നീതിന്യായ വ്യവസ്ഥ എന്നിവയെല്ലാം ചേര്‍ന്നു സൃഷ്ടിച്ചതാണ് അനഭിലഷണീയമായ ഈ പ്രവണത. പല ടെലികോം കമ്പനികളും പാപ്പരായത് ബാങ്കിങ് മേഖലയുടെ കിട്ടാക്കടങ്ങള്‍ വര്‍ധിപ്പിച്ചു.  റിലയന്‍സ് ജിയോ അഴിച്ചുവിട്ട കഴുത്തറപ്പന്‍ മത്സരം കാരണമാണ് ഇന്ത്യയിലെ പല ടെലികോം കമ്പനികളും പാപ്പരായത്.  വോയ്‌സ് കോള്‍ തീര്‍ത്തും സൗജന്യമാക്കുകയും ഡാറ്റ നാമമാത്രമായ വിലയ്ക്കു നല്‍കുകയും ചെയ്തുകൊണ്ട് ജിയോ ടെലികോം വിപണി പിടിച്ചു കുലുക്കിയപ്പോള്‍  എതിരാളികള്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപിച്ചെങ്കിലും ജിയോ അത്ര പ്രബല കമ്പനിയല്ല എന്ന നിലപാടെടുത്ത് അവര്‍ പരാതി തള്ളുകയായിരുന്നു. എന്നാല്‍ ഇന്ന് ജിയോ 35 ശതമാനത്തിലധികം വിപണി വിഹിതവുമായി  ഈ ബിസിനസ്  രംഗത്ത്  ലാഭത്തിലോടുന്ന ഏക കമ്പനിയായി മാറി. ഉയര്‍ന്നു വരുന്ന ഇത്തരക്കാരെ തിരിച്ചറിയാന്‍ മതിയായ ദീര്‍ഘ ദൃഷ്ടിയാണ് റെഗുലേറ്റര്‍മാര്‍ക്ക്  വേണ്ടത്.  എജിആര്‍ കേസിലെ സുപ്രിംകോടതി വിധി ഈ മേഖലയ്ക്ക് കൂടുതല്‍ ആഘാതമേല്‍പിച്ചു. ഫലത്തില്‍ ഇന്ത്യയിലെ ടെലികോം മേഖലയില്‍ ഇന്ന് രണ്ടു പ്രബല കമ്പനികള്‍ മാത്രമായി. 

ആറു വിമാനത്താവളങ്ങളും ലേലത്തില്‍ പിടിച്ച അദാനി ഗ്രൂപ്പിന്റെ നടപടിയില്‍ നിയമപരമായി തെറ്റൊന്നുമില്ല. എന്നാല്‍ മതിയായ വ്യവസ്ഥകള്‍ രൂപപ്പെടുത്തി അടുത്ത ലേലത്തിലെങ്കിലും ഇത്തരം പ്രവണതകള്‍ തടയേണ്ടത് ആവശ്യമാണ്.  

കോവിഡാനന്തരം സാമ്പത്തിക മേഖലയില്‍ ശക്തമായ തിരിച്ചു വരവോടെ ഇന്ത്യന്‍ സമ്പദ് രംഗം കുതിക്കാനിരിക്കുകയാണ്.  രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സുസ്ഥിരമായി ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ആവശ്യമാണ്. മത്സരാധിഷ്ഠിതമായ ഒരു വിപണി സമ്പദ് വ്യവസ്ഥയ്ക്കു മാത്രമേ നില നില്‍ക്കുന്ന സുസ്ഥിര ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിയൂ.  

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Need Move Against Monopoly

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com