ADVERTISEMENT

ദാഹിച്ചു വലഞ്ഞിരിക്കുമ്പോൾ ഇഞ്ചിയുടെയും ചെറുനാരങ്ങയുടെയും സത്ത് ചേർന്ന തണുത്ത കരിമ്പിൻ ജ്യൂസ് കഴിച്ചാലെങ്ങനെയുണ്ടാകും? ശരീരം മാത്രമല്ല, മനസു വരെ കൂളാവും. അതുകൊണ്ടാവും വഴിയരികിൽ കരിമ്പിൻ ജ്യൂസ് കാണുമ്പോഴൊക്കെ അറിയാതെ നാം വാഹനം നിർത്തിപ്പോകുന്നത്. ഇനി പറയാൻ പോകുന്ന കാര്യം ആദ്യം നിങ്ങളെ ചിന്തിപ്പിക്കും, പിന്നീട് കൂടുതൽ കൂളാക്കി മാറ്റും. വെറും അമ്പതിനായിരം രൂപ മുടക്കാൻ തയ്യാറാണെങ്കിൽ ഒരു കോമ്പാക്റ്റ് കരിമ്പിൻ ജ്യൂസ് മെഷീനും ഒരു റഫ്രിജറേറ്ററും വാങ്ങി നിങ്ങൾക്കും മികച്ച സംരംഭകരാകാം. കരിമ്പിൻ ജ്യൂസ് വിൽപ്പനയിലൂടെ ആയിരങ്ങൾ സമ്പാദിക്കാം. ലളിതമായി ഈ ബിസിനസ് നടത്തിക്കൊണ്ടു പോയാൽ ഒരു കുടുംബത്തിന് സുഭിക്ഷമായി തന്നെ ജീവിക്കാം. വഴിയരികിലോ ഉത്സവ പറമ്പിലോ പോകാതെ വീട്ടുമുറ്റത്തു തന്നെ വിജയകരമായി ബിസിനസ് നടത്തി ലാഭം കൊയ്യാം.

എന്തുകൊണ്ട് കരിമ്പിൻ ജ്യൂസ്

വില കുറവായതിനാൽ എല്ലാവരും പൊതുവിൽ ഇഷ്ടപ്പെടുന്നതാണ് കരിമ്പിൻ ജ്യൂസ്. എങ്കിലും വഴിയരികിൽ തയ്യാറാക്കുന്നതിനാലും വൃത്തിയില്ലാത്ത സാഹചര്യവും പൊടിയുമൊക്കെ കണക്കിലെടുത്തും കരിമ്പിൻ ജ്യൂസ് കഴിക്കാത്തവരുമുണ്ട്. വൃത്തിയായ വസ്ത്രം ധരിക്കാത്ത അന്യസംസ്ഥാന തൊഴിലാളികളായിരിക്കും മിക്കവാറും സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നത്. ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീനുകളായതിനാൽ കരിയും പുകയും കുടുതലുമാണ്. ജ്യൂസ്് തയ്യാറാക്കാനായി സംഭരിച്ചിരിക്കുന്ന കരിമ്പ് പലപ്പോഴും വൃത്തിഹീനമായ ചുറ്റുപാടിലാണ് സൂക്ഷിച്ചുവെയ്ക്കുന്നതും. ഇത്തരം മനംമടുപ്പിക്കുന്ന രംഗങ്ങളൊന്നും കോമ്പാക്റ്റ് മെഷീൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിൽ കരിയോ പുകയോ ശബ്ദമോ ഉണ്ടാകുന്നില്ല. നല്ല പച്ചകരിമ്പ് ചെത്തി വൃത്തിയാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ ആവശ്യത്തിന് അനുസരിച്ച് പുറത്തെടുത്താൽ മതിയാകും. കരിമ്പ് തണുത്തിരിക്കുന്നതിനാൽ ജ്യൂസിൽ വേറെ ഐസ് ഇടേണ്ട ആവശ്യം വരുന്നുമില്ല. മഴക്കാലം കുറവായതിനാൽ വർഷത്തിൽ മിക്ക സമയത്തും ഈ ബിസിനസിന് അനുകൂല സമയവുമാണ്.

പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഐസാണ് ജ്യൂസിൽ ചേർക്കാനായി ഉപയോഗിക്കുന്നത്. ഓട്ടോമേറ്റഡ് മെഷീനായതിനാൽ തണുത്ത കരിമ്പ് മെഷീനിലേക്ക് വെറുതെ വെച്ചുകൊടുത്താൽ മാത്രം മതി. കരിമ്പ് നടുവേ പൊളിച്ചാണ് ഇഞ്ചിയും ചെറുനാരങ്ങയും വെച്ചുകൊടുക്കുന്നത്. വേസ്റ്റ് പുറത്തേക്കും ജ്യൂസ് നേരെ പാത്രത്തിലേക്കുമെത്തും. അതിൽ നിന്നും നേരെ പേപ്പർ ഗ്ലാസിലേക്ക് പകർന്നാൽ രുചിയേറിയ പഞ്ചസാര ചേർക്കാത്ത പ്രകൃതിദത്തമായ ജ്യൂസ് നുകരാം. ഓട്ടോമാറ്റിക്കായതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും വരെ പ്രവർത്തിക്കാൻ കഴിയും വിധമാണ് മെഷീന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

കോമ്പാക്റ്റ് മെഷീൻ

മേശപ്പുറത്ത് വെച്ച് ഉപയോഗിക്കാവുന്ന ഈ ഓട്ടോമാറ്റിക് കോമ്പാക്റ്റ് മെഷീന് 25,000 മുതൽ ഒരു ലക്ഷം വരെ വിലവരും. ഫ്രീസറില്ലാത്ത വലിയ റഫ്രിജറേറ്ററിന് ശരാശരി 15,000 രൂപയാണ് വില. മേശയ്ക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും 5000 രൂപ ചെലവ് വരും. കരിമ്പ്, ഇഞ്ചി, ചെറുനാരങ്ങ, പേപ്പർ ഗ്ലാസ് എന്നിവയ്ക്ക് മറ്റൊരു അയ്യായിരം രൂപ കൂടെ നീക്കി വെയ്ക്കണം. അങ്ങനെ കണക്കാക്കുമ്പോൾ ആകെ വരുന്ന ചെലവ് വെറും 50,000 (അമ്പതിനായിരം) രൂപ. മണിക്കൂറിൽ 100 മുതൽ 200 ഗ്ലാസ് വരെ കരിമ്പിൻ ജ്യൂസുണ്ടാക്കാൻ കഴിയുന്ന മോഡലുകളുണ്ട്. കോയമ്പത്തൂരിൽ നിന്നാണ് പ്രധാനമായും മെഷീനുകൾ നമ്മുടെ നാട്ടിലെത്തുന്നത്. ഏതാണ്ട് ഒരു വർഷത്തിലധികമായി ഇത്തരം മെഷീനുകൾ നാട്ടിൽ വ്യാപകമാവാൻ തുടങ്ങിയിട്ട്. മിക്ക നഗരങ്ങളിലും വളരെ സാവധാനത്തിലാണ് ഓട്ടോമേറ്റഡ് മെഷീനുകളുടെ രംഗപ്രവേശം. ഓട്ടോമേറ്റഡ് മെഷീൻ ഉപയോഗിക്കുന്നതിലൂടെ കരിമ്പിൽ നിന്നും 73 മുതൽ 75 ശതമാനം വരെ ജ്യൂസ് ലഭിക്കും.

ചെറുകിട ജ്യൂസ് ഷോപ്പുകൾ, റസ്റ്ററന്റുകൾ, ചായക്കടകൾ തുടങ്ങിയവ നടത്തുന്നവർക്ക് വലിയ മുതൽമുടക്കില്ലാതെ എളുപ്പത്തിൽ തുടങ്ങാവുന്ന ബിസിനസാണിത്. പ്രധാന നിരത്തുകളിലും ജംഗ്ഷനുകളുടെ പരിസരത്തും വീടുള്ളവർക്ക് എളുപ്പത്തിൽ ഈ മെഷീൻ സ്ഥാപിക്കാനാവും. ഒരു മേശയും മെഷീനും റഫ്രിജറേറ്ററും വെദ്യുതി കണക്ഷനുമുണ്ടെങ്കിൽ ലാഭകരമായ ഈ ബിസിനസ് ചെയ്തു തുടങ്ങാം. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറിയ മോട്ടാർ പമ്പിനെ പോലെ 0.5 എച്ച് പി ശക്തിയുള്ള മോട്ടറാണ് ഈ കോമ്പാക്റ്റ് മെഷീനിലുള്ളത്. പ്രവർത്തിപ്പിക്കാനായി സിംഗിൾ ഫേസ് കണക്ഷൻ മതിയാകും. ഡീസലിലും മണ്ണെണ്ണയിലും പ്രവർത്തിക്കുന്ന മെഷീനുകളെപ്പോലെ എപ്പോഴും ഓൺ ചെയ്തിടേണ്ട ആവശ്യവും വരുന്നില്ല. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക്് ചെറിയ ജനറേറ്റർ ഉപയോഗിച്ചും ബിസിനസ് നടത്തിക്കൊണ്ടുപോകാനാവും. മെഷീൻ കൈകാര്യം ചെയ്യാനും ക്ലീൻ ചെയ്യാനുമൊക്കെ വളരെ എളുപ്പവുമാണ്. കരിമ്പ് മെഷീനിലേക്ക് വെച്ചുകൊടുക്കുമ്പോൾ കൈകളോ മറ്റോ കുടുങ്ങി അപകടമുണ്ടാകാനുള്ള സാദ്ധ്യത തീരെ കുറവാണെന്നു തന്നെ പറയാം.

എങ്ങനെ ലാഭകരമാകും

പ്രധാനമായും കർണ്ണാടകയിൽ നിന്നാണ് ജ്യൂസ് തയ്യാറാക്കുന്നതിനുള്ള പച്ചക്കരിമ്പ് എത്തുന്നത്. സ്ഥിരമായി വാങ്ങുമ്പോൾ കച്ചവടക്കാർ തന്നെ കെട്ടുകളായി അതത് സ്ഥലങ്ങളിൽ കരിമ്പ് എത്തിച്ചുതരും. ഒരു കെട്ട് നല്ല കരിമ്പിന് ഇരുനൂറു മുതൽ 240 രൂപ വരെ വിലവരും. കിലോയ്ക്ക് ശരാശരി 15 മുതൽ 20 രൂപ വരെയാണ് നൽകേണ്ടി വരിക. ഒരു കിലോ കരിമ്പിൽ നിന്ന് 4 ഗ്ലാസ് ജ്യൂസ് ലഭിക്കുമെന്നാണ് കണക്ക്. ഇഞ്ചിയും നാരങ്ങയും ഇല്ലാതെ ഒരു ഗ്ലാസ് ജ്യൂസിന് ചെലവ് വരുന്നത് ഏകദേശം 6 രൂപയാണ്. വൈദ്യുതി ചാർജ്ജും ഇഞ്ചിയുടെയും നാരങ്ങയുടെയും വിലയും മറ്റു ചെലവുകൾ ചേർത്താലും ഒരു ഗ്ലാസ്് കരിമ്പിൻ ജ്യൂസിന് വേണ്ടി വരുന്ന തുക കേവലം 10 രൂപയാണ്. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് 20 ഉം നഗര പ്രദേശങ്ങളിൽ 25 ഉം 30 ഉം മൊക്കെയാണ് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിന്റെ വില. ദിവസവും ശരാശരി 200 ജ്യൂസുകൾ വിൽക്കാനായാൽ ഒരു ഗ്ലാസിന് 10 രൂപ എന്ന കണക്കിൽ എല്ലാ ചെലവുകളും കഴിച്ച് 2000 രൂപ മിച്ചം വെയ്ക്കാനാവും. ഒരു മാസത്തെ കണക്കെടുത്താൽ ലാഭം അറുപതിനായിരം രൂപയാകും. അതായത് ഒരു ബിസിനസ് തുടങ്ങി ആദ്യമാസം തന്നെ മുടക്കുമുതൽ തിരിച്ചു പിടിക്കാമെന്നു മാത്രമല്ല പതിനായിരം രൂപ ലാഭവും നേടാം. രണ്ടാമത്തെ മാസം മുതൽ മാസം തോറും കുറഞ്ഞത് അറുപതിനായിരം രൂപ മിച്ചം വെയ്ക്കാം.

ബിസിനസ് എവിടെ തുടങ്ങാം

ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അധികം സ്ഥലം നഷ്ടപ്പെടുത്താതെ തന്നെ കരിമ്പിൻ ജ്യൂസ് മെഷീൻ സ്ഥാപിച്ച് ബിസിനസ് കൂടുതൽ ആദായകരമാക്കാൻ കഴിയും. വീടുകളോട് അനുബന്ധിച്ചും വിജയകരമായി ഈ ചെറുസംരംഭം നടത്തിക്കൊണ്ടുപോകാനാവും. പൊതുവിൽ രാവിലെ പതിനൊന്നു മണിക്കു ശേഷമാണ് കരിമ്പിൻ ജ്യൂസിന് ആവശ്യക്കാരെത്തുന്നത്. അതുകൊണ്ടുതന്നെ വീട്ടുജോലികൾ പൂർത്തിയാക്കി വീട്ടമ്മമാർക്ക് തന്നെ ഈ ബിസിനസ് ലളിതമായി നടത്താനാവും. കരിമ്പ്, ഇഞ്ചി, ചെറുനാരങ്ങ എന്നിവയെല്ലാം സ്ഥിരമായി വേണ്ടിവരുന്നതിനാൽ അവയെല്ലാം കച്ചവടക്കാർ തന്നെ സ്ഥലത്തെത്തിച്ച് തരികയും ചെയ്യും. തൃശൂർ – കാഞ്ഞാണി റോഡിൽ കരിമ്പിൻ ജ്യൂസ് ബിസിനസ് നടത്തുന്ന സോമൻ നേരത്തെ പെയിന്റിംഗ്് തൊഴിലാളിയായിരുന്നു. രണ്ടു വർഷത്തോളമായി വീടിനോട് ചേർന്നു തന്നെയാണ് ബിസിനസ് നടത്തിക്കൊണ്ടു പോകുന്നതും.

കോമ്പാക്റ്റ് മെഷീൻ എവിടെ ലഭിക്കും

കോയമ്പത്തൂർ കേന്ദ്രീകരിച്ച് നിരവധി കമ്പനികൾ കോമ്പാക്റ്റ് മെഷീൻ നിർമ്മിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഓർഡർ നൽകുന്നതിന് അനുസരിച്ചാണ് മെഷീനുകൾ നിർമ്മിച്ച് നൽകുന്നത്. ഇത് കൂടാതെ ആമസോൺ പോലെയുള്ള ഇ കോമേഴ്സ് സൈറ്റുകളിൽ വിവിധ കമ്പനികളുടെ വൈവിധ്യമേറിയ മോഡലുകൾ ലഭ്യമാണ്. വില കുറഞ്ഞതും കൂടിയതുമായ മെഷീനുകൾ നമ്മുടെ ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാം. ഈ 3 റോളർ മെഷീനുകൾക്കും മോട്ടോറിനുമൊക്കെ 2 വർഷം വരെ ഗ്യാരന്റി ലഭിക്കും. ഏറ്റവും വില കൂടിയ മെഷീന് 100 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മെഷിനുകൾക്ക് നാൽപ്പതു മുതൽ 50 കിലോഗ്രാം വരെ ഭാരമുണ്ടാകും. മേശപ്പുറത്ത് വെച്ച് പ്രവർത്തിപ്പിക്കാനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനൊക്കെ വളരെ എളുപ്പവുമാണ്.

English Summary: How to Start a Sugar Cane Juice Production Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com