ADVERTISEMENT

ഒറ്റ വർഷം കൊണ്ട് ഓഹരി വിപണിയിൽ നിന്ന് 43 ശതമാനം ലാഭം കൊയ്ത് ലോകത്തെ ഞെട്ടിച്ച ഒരു പയ്യനുണ്ട്! ദക്ഷിണ കൊറിയയിൽ നിന്നുള്ള പന്ത്രണ്ടു വയസ്സുകാരൻ ക്വാൻ ജൂൻ. വിപണിയിലെ നീക്കത്തിന് അനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞ് സമർത്ഥമായ കരുനീക്കങ്ങളിലൂടെയായിരുന്നു ജൂനിന്റെ വിജയം. വാറൻ ബുഫെ ആണ് ജൂനിന്റെ റോൾ മോഡൽ. അടുത്ത വാറൻ ബുഫെ ആവുകയാണ് തന്റെ ലക്ഷ്യമെന്ന് അവൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്തുകൊണ്ട് ഓഹരി വ്യാപാരം 

കോവിഡ് ലോക്ഡൗൺ സ്കൂളിൽ പോകലിന് വിരാമം ഇട്ടതോടെ ജൂനിന് ബോറടിക്കാൻ തുടങ്ങി. ടെലിവിഷനിലോ കമ്പ്യൂട്ടറിലോ മൊബൈലിലോ സമയം കളയുകയല്ലാതെ എന്തുചെയ്യാൻ? സമപ്രായക്കാർ കളിപ്പാട്ടങ്ങളിലും കാർട്ടൂണുകളിലും വിഡിയോ ഗെയിമുകളിലും സമയം കളഞ്ഞപ്പോൾ ടെലിവിഷനിലെ ബിസിനസ് പ്രോഗ്രാമുകൾ കാണുവാനായിരുന്നു ജൂനിന് ഇഷ്ടം. അങ്ങനെയാണ് ഓഹരി വിപണിയെ കുറിച്ച് അവൻ അറിയുന്നത്. ഓഹരി വിദഗ്ധർ നൽകുന്ന വിശകലനങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കും. ഓഹരി വ്യാപാരത്തെ കുറിച്ച് കിട്ടാവുന്ന അറിവുകൾ എല്ലാം അവൻ സമാഹരിച്ചുകൊണ്ടിരുന്നു. ദിവസം ചെല്ലുംതോറും ഓഹരി വ്യാപാരം വല്ലാത്ത ഒരു ഹരമായി അവനിൽ നിറഞ്ഞു. ആ സമയത്തായിരുന്നു കൊറിയൻ സൂചികയായ കോസ്പിയുടെ കനത്ത പതനം. ദശാബ്ദത്തിലെ ഏറ്റവും വലിയ തകർച്ചയായിരുന്നു അത്. ഓഹരി വിപണിയിൽ പ്രവേശിക്കുവാൻ ഇതു തന്നെ നല്ല അവസരം എന്ന് അവന് തോന്നി. ഒരു റീട്ടെയിൽ ട്രേഡിങ് അക്കൗണ്ട് തുടങ്ങണമെന്ന് അവൻ അമ്മ ലീ യൂനിനോട് ആവശ്യപ്പെട്ടു. 

മകന്റെ ഓരോ നീക്കങ്ങളും ശ്രദ്ധാപൂർവം നിരീക്ഷിച്ചു കൊണ്ടിരിരുന്ന ലീ യൂൻ മറുത്തൊന്നും ചിന്തിച്ചില്ല. മകന് ഓഹരി വിപണിയിലുള്ള അറിവും അവഗാഹവും അവർ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ജുൻ ആവശ്യപ്പെട്ടതു പോലെ ഒരു അക്കൗണ്ട് അവനു വേണ്ടി തുടങ്ങുവാൻ ലീ യൂൻ തീരുമാനിച്ചു. ദക്ഷിണ കൊറിയയിലെ ബ്രോക്കറേജ് സ്ഥാപനമായ കി വൂം സെക്യൂരിറ്റീസിൽ മകന്റെ പേരിൽ അക്കൗണ്ട് തുടങ്ങി. ദക്ഷിണ കൊറിയയുടെ കറൻസിയായ വോൺ 25 മില്യൻ അതായത് 22,400 ഡോളർ ഇട്ടു കൊണ്ടായിരുന്നു അരങ്ങേറ്റം.  അമ്മയുടെ പ്രോൽസാഹനവും പ്രചോദനവും കൂടിയായപ്പോൾ ജൂനിന് ആത്മവിശ്വാസം ഇരട്ടിയായി. അങ്ങനെ അവൻ ട്രേഡിംഗ് തുടങ്ങി.

ജൂനിന്റെ നിക്ഷേപ തന്ത്രങ്ങൾ

ആദ്യം തന്നെ ഏതെല്ലാം ഓഹരികളാണ് വാങ്ങേണ്ടത് എന്ന ലിസ്റ്റ് ഉണ്ടാക്കി. നന്നായി ഗവേഷണം ചെയ്ത് പഠിച്ചതിനു ശേഷം ആണ് ഓഹരികൾ തിരഞ്ഞെടുത്തത്. ടെക് ഓഹരികളായിരുന്നു അതിൽ ഭൂരിഭാഗവും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ മെസഞ്ചർ ആപ്പ് ഓപ്പറേറ്റർമാരായ കകാവോ മുതൽ ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിർമാതാതാക്കളായ സാംസങ് ഇലക്ട്രോണിക്സ് , ഹുണ്ടായ് മോട്ടോഴ്സ് എന്നീ ഓഹരികളെല്ലാം കറക്ഷന്റെ സമയത്ത് ജൂൻ വാങ്ങി കൂട്ടി. 

വാറൻ ബുഫെ പിന്തുടരുന്ന വാലു ഇൻവെസ്റ്റിംഗ് രീതി തന്നെയാണ് ജൂനും ഇഷ്ടം. ബാസ്ക്കറ്റിൽ ഏറെയും  ബ്ലൂചിപ്പ് ഓഹരികളാണ്. വിപണിയിലെ അപകട സാധ്യതകളെ കുറിച്ച് അവന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഡേ ട്രേഡിങോ ഹ്രസ്വകാല േട്രഡിങോ പരീക്ഷിക്കാൻ അവൻ തയ്യാറല്ല. 10 - 20 വർഷത്തെ ദീർഘകാല നിക്ഷേപത്തിലൂടെ പരമാവധി നേട്ടമെടുക്കുക.. ഇതാണ് തന്ത്രം.

ഈ ചെറുപ്രായത്തിൽ തന്നെ വളരെ പ്രായോഗികമായ സമീപനമാണ് ജീവിതത്തെ കുറിച്ച് ജുനിന് ഉള്ളത്. അത്യാവശ്യം വിദ്യാഭ്യാസം നേടണം. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കാൻ പ്ലാനില്ല. വലിയ നിക്ഷേപകനാകണം, അതുവഴി വലിയ പണക്കാരനാകണം. ജൂനിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കട്ടെ.

English Summary: South Korean Boy Who is an Expert in Share Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com