ADVERTISEMENT

ഉസ്താദ് ഹോട്ടല്‍ സിനിമയൊക്കെ ആസ്വദിച്ചെങ്കിലും കമ്യൂണിറ്റി കിച്ചനെന്ന സങ്കൽപം മലയാളികള്‍ക്കു കാര്യമായി പിടികിട്ടിയിരുന്നില്ല. എന്നാൽ വെള്ളപ്പൊക്കവും കൊറോണയും വന്നതോടെ സംഭവത്തിന് സ്വീകാര്യതയായി. അറിഞ്ഞോ അറിയാതെയോ ഈ ആശയത്തെ സ്വന്തം വീടിന്റെ അടുക്കളയിലേക്കു സന്നിവേശിപ്പിച്ച വീട്ടമ്മയാണ് അജിത. ഇപ്പോൾ മലയാളികളുള്ള ഇടങ്ങളിലൊക്കെ, രാജ്യം കടന്നും, ഇവരുടെ അടുക്കളയില്‍ തയാറാക്കുന്ന അച്ചാറുകള്‍ പറന്നെത്തുന്നു.

ബിസിനസിന്റെ തുടക്കം

തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളജിലെ ഇംഗ്ലിഷ് അധ്യാപികയും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് അജിത. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കമ്യൂണിറ്റി കിച്ചനിലേക്ക് അച്ചാർ നല്‍കാമോയെന്നു ചോദിച്ചത്. ഭക്ഷണം സൗജന്യമായി നല്‍കാനുള്ള ശ്രമമായതിനാല്‍ അച്ചാറും സൗജന്യമായി നല്‍കി.

അവിടെ അച്ചാറിന്റെ രുചി തിരിച്ചറിഞ്ഞവരാണ് ഇതു വിൽപന നടത്തിക്കൂടേയെന്നു ചോദിച്ചത്. ഈന്തപ്പഴം–ചെറുനാരങ്ങാ അച്ചാറായിരുന്നു കമ്യൂണിറ്റി കിച്ചനിലേക്ക് നല്‍കിയത്. വിൽപന തുടങ്ങിയപ്പോഴും തുടക്കം അതിൽത്തന്നെയായിരുന്നു. 

സോഷ്യൽ മീഡിയ എന്ന വിപണി

വിപണിയിലെ അവസരങ്ങൾ തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിലൂടെയായിരുന്നു. അതു കാണുന്ന സുഹൃത്തുക്കളിലൂടെയും ആവശ്യക്കാരും വിൽപനയും കൂടിക്കൂടി വന്നു. മകന്റെ കൂട്ടുകാരാണ് ആദ്യ ഓര്‍ഡറുകൾ നല്‍കിയത്. അച്ചാറുണ്ടാക്കുന്ന വിശേഷങ്ങൾ മുടങ്ങാതെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റുകൾ കണ്ട് പലർക്കും വായില്‍ കപ്പലോടി ത്തുടങ്ങിയതോടെ കമന്റുകളും ഓര്‍ഡറുകളും പടപടാന്നായി. അച്ചാര്‍ അടുപ്പത്തു കയറും മുൻപ് കച്ചവടം കഴിയുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 

കുടുംബാംഗങ്ങളെല്ലാം കൂടി

ഡിസൈനിങ്ങിനു പഠിക്കുന്ന മകളാണ് ‘അജൂസ് ഹോം മെയ്ഡ് പിക്കിള്‍സ്’ എന്ന പേരില്‍ അച്ചാറിനെ ബ്രാൻഡ് ചെയ്തെടുത്തത്. ഉണ്ടാക്കിയ അച്ചാറുകളുടെ മികച്ച ചിത്രങ്ങളെടുത്ത് ഫെയ്സ്ബുക്കിലിട്ട് മകനും ഒപ്പം കൂടി. റവന്യു വകുപ്പില്‍നിന്നു വിരമിച്ച ഭർത്താവ് ശശികുമാർ സാധനങ്ങളുടെ വാങ്ങലും അച്ചാർ പാക്ക് ചെയ്ത് കുറിയർ ചെയ്യുന്ന ജോലികളും ഏറ്റെടുത്തു. അങ്ങനെ പൂർണമായും ഒരു വീട്ടുസംരംഭം എന്ന നിലയിലായി കാര്യങ്ങൾ.

പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാതെയാണ് ടീച്ചർ അച്ചാറുകൾ തയാറാക്കുന്നത്. അതുപോലെ കുറിയറില്‍ അയച്ച് വീടുകളില്‍ എത്തിയ ശേഷമേ വില വാങ്ങൂവെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

നിലവിൽ ഒൻപതിനം അച്ചാറുകളാണ് ഉണ്ടാക്കി വിൽക്കുന്നത്. കച്ചവടത്തിലൂടെ അധിക വിൽപനയും അമിതലാഭവും പ്രതീക്ഷിക്കുന്നില്ലെങ്കിലും വീട്ടുചെലവെല്ലാം കഴി‍ഞ്ഞ് അൽപം സമ്പാദിക്കാനും ഈ സംരംഭം വഴിയാകുന്നുണ്ട്. വീട്ടിലിരുന്നു കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജോലി ചെയ്യാന്‍ കഴിയുന്നതിലെ സന്തോഷവും ടീച്ചർ മറച്ചുവയ്ക്കുന്നില്ല. മാങ്ങ, നാരങ്ങ, വടുകപ്പുളി, നെല്ലിക്ക, ഈന്തപ്പഴം, കടുമാങ്ങ തുടങ്ങിയവയെല്ലാം പെട്ടെന്ന് വിറ്റുപോകുന്നു. വീട്ടിലെ ഒഴിവു സമയങ്ങളിലാണ് അച്ചാർ നിർമാണം. 

വിലനിലവാരം

ഒരു കിലോയ്ക്ക്, മാങ്ങ- 400, നാരങ്ങ- 400, നെല്ലിക്ക- 400, എണ്ണ നെല്ലിക്ക- 500, എണ്ണ നാരങ്ങ- 500, എണ്ണ മാങ്ങ- 500, ഈന്തപ്പഴം- 700, ഈന്തപ്പഴം ചെറു നാരങ്ങ- 700, കടുമാങ്ങ- 700 എന്നിങ്ങനെയുള്ള നിരക്കിലാണ് പ്രത്യേകം പ്ലാസ്റ്റിക് ജാറുകളിലാക്കി കുറിയർ ചെയ്യുക. ചില്ലു കുപ്പിക്ക് തൂക്കം കൂടുതലും പൊട്ടിപ്പോകാൻ സാധ്യത ഉള്ളതിനാലും കുറിയറിൽ അയയ്ക്കുന്നില്ല. എന്നാൽ, നേരിട്ടുള്ള വിൽപനയെല്ലാം ചില്ലു കുപ്പികളിലാണ്. കൂടുതല്‍ നാൾ കേടു കൂടാതെയിരിക്കും എന്നതാണ് ഇതു കൊണ്ടുള്ള പ്രയോജനം. അച്ചാറുണ്ടാക്കാന്‍ മാങ്ങ എത്തിക്കുന്നതു മുതല്‍ കച്ചവടവും ലൈവാകുന്നു. മാങ്ങാക്കുലകളുടെ രസകരമായ ചിത്രമെടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയാണ് ആദ്യപടി. അതോടെ ഓർഡറുകള്‍ കമന്റുകളായും ഫോൺവിളിയായും എത്തുന്നു. ഓരോ തവണയും ആറു മുതല്‍ 10 കിലോഗ്രാം വരെയാണ് ഉൽപാദനമെന്നതിനാല്‍ ബുക്കിങ് പെട്ടെന്നു തന്നെ പൂര്‍ത്തിയാവും. 

സന്തോഷം ബോണസ്

കേരളത്തിനകത്ത് കുറിയര്‍ ചാർജ് ശരാശരി അര കിലോയ്ക്ക് 50 രൂപയും ഒരു കിലോയ്ക്ക് 80 രൂപയും വരും. അര കിലോ അച്ചാര്‍ നിറയ്ക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ജാറിന് 9 രൂപ വരെയും ചില്ലു കുപ്പിക്ക് 25 രൂപ വരെയും വിലയുണ്ട്. 

ചെറിയ അളവില്‍ ചെയ്യുന്നതിനാല്‍ വീട്ടിലുള്ള പാത്രങ്ങളും ഭരണികളുമൊക്കെത്തന്നെ ഉപയോഗിക്കാനും അധികച്ചെലവില്ലാതെ അച്ചാര്‍ നിർമാണം പൂര്‍ത്തിയാക്കാനും കഴിയുന്നുണ്ട്. കഴുകല്‍, അരിയല്‍, പാകം ചെയ്യല്‍, പാക്ക് ചെയ്യല്‍ തുടങ്ങിയവയൊക്കെയായി കുടുംബാംഗങ്ങളെല്ലാവരും ഒന്നിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷമാണ് ഈ ബിസിനസിലെ ബോണസ്.

നന്നായി ഭക്ഷണമുണ്ടാക്കുന്ന വീട്ടമ്മമാര്‍ക്കു മനസ്സുവച്ചാല്‍ ജീവിക്കാനുള്ള വരുമാനം നേടാന്‍ കഴിയും എന്നതിനു തെളിവാണ് തൃശൂര്‍ മുളംകുന്നത്തുകാവിലെ അധ്യാപികയും എഴുത്തുകാരിയുമായ ടി.ജി.അജിതയുടെ വീട്ടുസംരംഭം. 

പുതുസംരംഭകർ അറിയേണ്ടത്

അച്ചാർ ബ്രാൻഡിന് നല്ലൊരു പേരിടുകയാണ് ആദ്യഘട്ടം. അതു കഴിഞ്ഞാല്‍ മികച്ചൊരു ഡിസൈനറുടെ സഹായത്തോടെ ലോഗോയും ലേബലുമൊക്കെ തയാറാക്കാം. ഉൽപാദകരുടെ വിലാസം, ഫോണ്‍ നമ്പര്‍, ഫുഡ് സേഫ്റ്റി ലൈസന്‍സ് നമ്പര്‍, വില, തൂക്കം, 

ചേരുവകൾ തുടങ്ങിയവയെല്ലാം ലേബലിൽ നിർബന്ധമാണ്. 

കുപ്പിയുടെ ചുറ്റളവ് കണക്കാക്കി ലേബല്‍ തയാറാക്കിയാല്‍ സ്റ്റിക്കര്‍ രീതിയിൽ പ്രിന്റ് ചെയ്തെടുക്കാം. ഇത്തരം ഒരു ഷീറ്റിന് ഏകദേശം 35 രൂപയോളമാണ് ചെലവു വരിക. ഗുണത്തോടൊപ്പം ഉൽപന്നത്തിന്റെ പാക്കിങ്ങിലും കാര്യമുണ്ട്. ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇന്ന് വളരെ എളുപ്പത്തില്‍ നേടാൻ കഴിയും. അതിനായി സമീപത്തുള്ള അക്ഷയ സെന്ററിനെ സമീപിച്ചാൽ മതി.

English Summary : Teacher Who earns Income through Pickle Making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com