ADVERTISEMENT

ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ ഗണ്യമായി കുറഞ്ഞതോടെ പലിശ വരുമാനം മാത്രം ആശ്രയിച്ചു ജിവിക്കുന്നവർ നിക്ഷേപത്തിൽ നിന്നു അധികനേട്ടം ഉണ്ടാക്കാൻ മറ്റ് മാർഗങ്ങൾ തേടുന്നത് സ്വാഭാവികം. നിർഭാഗ്യവശാൽ ചില ധനകാര്യ സ്ഥാപനങ്ങൾ ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയും നിക്ഷേപകരെ വഞ്ചിക്കുകയും ചെയ്യുന്നു. പക്ഷേ അൽപം ഒന്നു ശ്രദ്ധിച്ചാൽ, ഒന്നു ഗൃഹപാഠം ചെയ്യാൻ  പത്തോ പതിനഞ്ചോ മിനിട്ടു ചെലവിട്ടാൽ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താം. അതുവഴി തട്ടിപ്പിൽ നിന്നു  രക്ഷപെടാനും കഴിയും.

റിസർവ് ബാങ്ക് മാർഗനിർദേശം പ്രകാരം എൻബിഎഫ്സി എന്നാൽ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അത് ഒരു ബാങ്കല്ല. എൻബിഎഫ്സികളെ മൂന്നു വിഭാഗമായി തരം തിരിച്ചിട്ടുണ്ട്. 

1. Non Systemically Important Non Deposit Taking Company (NBFC-ND), 

2. Systemically Important Non Deposit Taking Company (NBFC-ND-SI)

3. Systemically Important Deposit Taking Company (NBFC-D) 

ഇതിൽ മൂന്നാമത്തെ വിഭാഗത്തിനു മാത്രമേ പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളൂ. അതും വ്യക്തമായ മാര്‍ഗനിർദേശങ്ങളോടെ മാത്രം.

∙ഏതു സമയത്തു ആവശ്യപ്പെട്ടാലും തിരിച്ചുകൊടുക്കുന്ന നിക്ഷേപം (ഡിമാൻഡ് ഡെപ്പോസിറ്റ് ) സ്വീകരിക്കരുത്

∙ബാങ്കുകളെ പോലെ ചെക് ഇഷ്യു ചെയ്യരുത്

∙12 മുതൽ 60 മാസം വരെയുള്ള കാലയളവിലേക്കു മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ. (നിക്ഷേപം പുതുക്കുമ്പോഴും ഈ നിയമം ബാധകമാണ്)

∙12.5% ത്തിലധികം വാർഷിക പലിശ വാഗ്ദാനം ചെയ്യരുത്.

∙പ്രവാസികളിൽ നിന്നു എൻആർഇ നിക്ഷേപം സ്വീകരിക്കുകയാണെങ്കിൽ 12-36  മാസ കാലയളവിലേക്കു മാത്രമേ പാടുള്ളു

∙പ്രവാസികൾക്കു വാഗ്ദാനം ചെയ്യുന്ന പലിശ ആർബിഐ നിർദേശ പ്രകാരം, ഷെഡ്യൂൾ ബാങ്കുകൾ തത്തുല്യമായ നിക്ഷേപങ്ങൾക്ക് നൽകുന്നതിലും കൂടുതലാകരുത്.

∙എൻബിഎഫ്സികളിൽ ഇടുന്ന നിക്ഷേപങ്ങള്‍ക്ക് ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് (DICGC)പരിരക്ഷ ലഭ്യമല്ല. അതായത് സ്ഥാപനം പൊളിഞ്ഞാൽ പണം നൽകാൻ ബാധ്യതയില്ല എന്നു ചുരുക്കം.

നോൺ ഡെപ്പോസിറ്റ് ടേക്കിങ് എൻബിഎഫ്സികൾക്ക് പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കാൻ അനുവാദമില്ല. പകരം അവർക്ക് നോൺ കൺവർട്ടബിൾ ഡിബഞ്ചറുകൾ അഥവാ എൻസിഡി വഴി ധനം സമാഹരിക്കാം. എന്നാൽ ഈ ഡിബഞ്ചറുകൾ കമ്പനിയുടെ ഓഹരികളായി മാറ്റാൻ അനുവദമില്ലാത്തവയാണ്.

എൻസിഡി രസീത് എഫ്ഡി രസീതായി നിക്ഷേപകൻ തെറ്റിധരിക്കുന്നു

ഇവിടെയാണ് അടിസ്ഥാനപരമായ കെണി കിടക്കുന്നത്. പല ധനകാര്യ സ്ഥാപനങ്ങളും  ഈ വഴി ഉപയോഗപ്പെടുത്തിയാണ് ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതും തട്ടിപ്പിനു ഇരയാക്കുന്നതും.എൻസിഡി രസീത് സ്ഥിരനിക്ഷേപ രസീതായി  കാണിച്ചു വഞ്ചിക്കുന്നു. എൻസിഡിയിൽ നിക്ഷേപിക്കുന്നതിൽ ചില അപകടങ്ങളുണ്ടെന്നു മനസിലാക്കണം. ഏതെങ്കിലും കാരണവശാൽ എൻസിഡി ഇറക്കിയ കമ്പനി പ്രതിസന്ധിയിലാകുകയും പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്യപ്പെട്ടു എന്നു കരുതുക. അങ്ങനെ സംഭവിക്കുന്ന പക്ഷം കമ്പനിയുടെ മറ്റെല്ലാ ബാധ്യതകളും തീർത്ത ശേഷം മാത്രമേ എൻസിഡിയിൽ പണമിട്ടവർക്ക് അതു തിരിച്ചു ലഭിക്കാൻ അർഹതയുണ്ടാകൂ. അതായത് സ്ഥാപനം പണം നൽകാനുള്ളവരുടെ ക്യൂവിൽ എൻസിഡി നിക്ഷേപകരുടെ സ്ഥാനം ഏറ്റവും ഒടുവിലായിരിക്കും.

നിക്ഷേപം  സഹോദര സ്ഥാപനത്തിലേയ്ക്ക്

സമാഹരിക്കുന്ന നിക്ഷേപം സഹോദര സ്ഥാപനങ്ങൾക്ക് കടംകൊടുത്ത് ചില എൻബിഎഫ്സികൾ ഒരു പടി കൂടി കടന്നു നിക്ഷേപകരെ തട്ടിപ്പിനിരയാക്കുന്നുണ്ട്. എൻസിഡി വഴി സമാഹരിക്കുന്ന പണം സഹോദര സ്ഥാപനം രൂപീകരിച്ച് ഇന്റർകോർപ്പറേറ്റ് ഡെപ്പോസിറ്റ് (ഐസിഡി) ആയി അതിലേക്കു വക മാറ്റും. എന്നിട്ട് ഐസിഡി ഡെപ്പോസിറ്റ് രസീത് നിക്ഷേപകർക്കു നൽകുകയാണ് രീതി. സഹോദര സ്ഥാപനത്തിൽ നിന്നു പണം തിരിച്ചു കിട്ടിയാൽ മാത്രമേ ഈ തുക തിരിച്ചു നൽകൂവെന്നും ആ സർട്ടിഫിക്കറ്റിൽ പറഞ്ഞിട്ടുണ്ടാകും. പക്ഷേ നിക്ഷേപകന്റെ ശ്രദ്ധയിൽ പെടണമെന്നില്ല.

തട്ടിപ്പ് ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത്

ബാങ്ക് അല്ലാത്ത ധനകാര്യ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കും മുൻപ് ജാഗ്രത പുലർത്തുക. തീരുമാനമെടുക്കും മുമ്പ് രണ്ടു തവണ ചിന്തിക്കുക. എൻബിഎഫ്സി ഏതു വിഭാഗത്തിൽ പെട്ടതാണെന്നു പരിശോധിച്ചു ഉറപ്പു വരുത്തുക. ഇന്ത്യയിൽ പ്രവർത്തനാനുമതിയുള്ള ഈ മൂന്നു വിഭാഗങ്ങളിലും പെട്ട എൻബിഎഫ്സികളുടെ പട്ടിക റിസർവ് ബാങ്ക് (rbi.org.in) വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏതു പൗരനും എളുപ്പത്തിൽ പരിശോധിച്ചു ഉറപ്പു വരുത്താൻ വേണ്ടിയാണിത്. നിക്ഷേപം നടത്തും മുൻപ് ആ പട്ടിക പരിശോധിച്ചു ഉറപ്പു വരുത്തിയാൽ നിങ്ങൾക്കും ഇത്തരം തട്ടിപ്പിനു ഇരയാകാതിരിക്കാം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

ലേഖകൻ എസ്ബിഐ യുടെ മുൻ ഡിജിഎമ്മും സെൻചൂറിയൻ ഫിൻടെക്ക് ലിമിറ്റഡിന്റെ സീനിയർ കൺസൽട്ടന്റുമാണ്

English Summary : Financial Fraud in NBFC's, What is the Truth Behind it?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com