ADVERTISEMENT

അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി രാജ്യം ഭരിക്കാന്‍ എന്‍ഡിഎയ്ക്കു രാഷ്ട്രീയ ഭദ്രത ഉറപ്പു നല്‍കുന്നു. അനിവാര്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍ കടുത്തതാണ്. സമ്പദ് വ്യവസ്ഥ മുന്നോട്ടു പോകണമെങ്കില്‍ പുതിയ സര്‍ക്കാര്‍  ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുകയും പരിഷ്‌കരണ നടപടികളുമായി മുന്നോട്ടു പോവുകയും വേണം.

തളര്‍ച്ച നേരിടണം

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചാ നിരക്ക്  2019 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 5.8 ശതമാനത്തിലേക്കു താഴ്ന്നു. പിന്നിട്ട 20 പാദങ്ങളിലെ കണക്കുകളില്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്കും 6.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശക്തമായിരുന്ന ഉപഭോഗത്തില്‍ കുറവു വന്നിട്ടുണ്ട്. ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ (NBFC ) വായ്പ നല്‍കുന്ന വാഹന വിപണി പോലുള്ള രംഗങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യ നിക്ഷേപത്തില്‍ വര്‍ധനയുണ്ടാകാനുള്ള ഒരു ലക്ഷണവും കാണുന്നില്ല. ആഗോള സാമ്പത്തിക സാഹചര്യവും അനുകൂലമല്ലാതായി മാറിയിരിക്കുന്നു. 

വളര്‍ച്ചാ നിരക്കില്‍ താഴ്ച അനുഭവപ്പെടുമ്പോള്‍ വളര്‍ച്ച ഉത്തേജിപ്പിക്കുക എന്നതാണ് സാധാരണ നടപടിക്രമം. എന്നാല്‍ സാമ്പത്തിക ഞെരുക്കം മൂലമുണ്ടായ പണ ലഭ്യതയുടെ കുറവു കാരണം റിസര്‍വ് ബാങ്കിന്റെ പലിശ വെട്ടിക്കുറച്ചുള്ള പണനയം കൊണ്ട്  വിചാരിച്ച ഫലം ഉണ്ടായില്ല.  സമ്പദ് വ്യവസ്ഥയിലെ ഞെരുക്കവും ഉയര്‍ന്ന ധനകാര്യ കമ്മിയും കാരണം സര്‍ക്കാറിന് ചെലവു വര്‍ധിപ്പിച്ച് കൂടുതല്‍ ഉദാരമാകാന്‍ കഴിയുന്നുമില്ല.

വാഹന വിപണി പോലുള്ള മേഖലകളില്‍ മാന്ദ്യം കടുത്തതാണ്. ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുടെ (NBFC) പ്രതിസന്ധിയാണ് മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

NBFC പ്രതിസന്ധി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യക്തികള്‍ക്കും ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്കും  വായ്പകള്‍ നല്‍കി വരുന്ന ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ (NBFC) സാമ്പത്തിക രംഗത്ത്  സുപ്രധാന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ഹയര്‍ പര്‍ചേസ് മേഖലയില്‍ പണ്ടു മുതലേ അവരുടെ നില ശക്തമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോര്‍പറേറ്റ്  ബോണ്ട്  വിപണിയിലെ  70 ശതമാനവും NBFC കളുടേതാണ്. പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന മൂലധന ഞെരുക്കമാണ് NBFC വായ്പകള്‍ വര്‍ധിക്കാന്‍ കാരണം. NBFC കള്‍ക്ക് പണമെത്തുന്നത് പ്രധാനമായും മ്യൂച്വല്‍ ഫണ്ടില്‍ നിന്നാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന്   മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്കു വര്‍ധിക്കുകയും അവ കൂടുതല്‍ ആകര്‍ഷകമായിത്തീരുകയും ചെയ്തു. ILFS പ്രതിസന്ധിയും DHFL ല്‍ ഈയിടെയുണ്ടായ പ്രതിന്ധിയും ചില കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ വരുത്തിയ വീഴ്ചകളും ചേര്‍ന്ന്  പ്രശ്‌നം മൂര്‍ഛിക്കുകയും  വാഹന വിപണി പോലുള്ള വായ്പാ രംഗങ്ങളില്‍ വലിയ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുകയുമാണു ചെയ്തത്. NBFC പ്രതിസന്ധി തീര്‍ക്കാനും സാമ്പത്തിക ഞെരുക്കം കുറയ്ക്കാനും ആവശ്യമായ നടപടികള്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളേണ്ടിയിരിക്കുന്നു. വാഹന വിപണി പോലുള്ള സുപ്രധാന മേഖലകളില്‍ ബിസിനസ് വീണ്ടെടുക്കാന്‍ ഇത് തീര്‍ത്തും ആവശ്യമാണ്. 

ഭൂമി, തൊഴില്‍ വിപണികള്‍ പരിഷ്‌കരിക്കണം

ഘടനാപരമായ സുപ്രധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രകരിക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കു വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന തടസങ്ങള്‍ ഭൂമി, തൊഴില്‍ വിപണികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തോതില്‍ ഭൂമി ആവശ്യമാണ്. അതിവേഗം ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചൈനയ്ക്ക്   ഹൃസ്വകാലം കൊണ്ട്  ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയേ തീരു. ഭൂമിയുടെ അമിത വിലയും ഒരു പ്രശ്‌നം തന്നെയാണ്.

സമാനമായി തൊഴില്‍ വിപണിയിലും അടിയന്തിരമായ മാറ്റങ്ങള്‍ ആവശ്യമാണ്. അനുയോജ്യമായ തൊഴില്‍ വിപണി പരിഷ്‌കരണങ്ങളിലൂടെ ഉല്‍പന്ന നിര്‍മ്മാണ രംഗത്ത്  വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയും.

വിവരങ്ങളുടെ സുതാര്യത വെല്ലുവിളി

ഇന്ത്യയെപ്പോലെ ബൃഹത്തായ ഒരു രാജ്യത്ത് മൊത്ത ആഭ്യന്തര ഉല്‍പാദന (GDP) വിവര ശേഖരണം പോലെയുള്ള കണക്കെടുപ്പുകള്‍ എന്നും വെല്ലുവിളിയായിരുന്നു. മുമ്പൊരിക്കലും ഇത്തരം കണക്കെടുപ്പുകളുടെ സാധുത ഇന്നത്തേതുപോലെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ശരിയായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്  നയ രൂപീകരണം നടത്തേണ്ടതെന്നതിനാല്‍ രാജ്യത്തെ സ്ഥിതിവിവര സ്ഥാപനങ്ങളുടെ സത്യസന്ധത സംശയാതീതമാവുകയും നിര്‍ണായകമായ സാമ്പത്തിക വിവരങ്ങള്‍ ഉന്നത നിലവാരത്തിലുള്ളതും സുതാര്യവും ആവുകയും വേണം. പരക്കെ അംഗീകാരമുള്ള ബഹുമാന്യരായ പ്രൊഫഷണലുകളുടെ  ഒരു സംഘത്തെ ഈ ചുമതല ഏല്‍പിക്കാന്‍ തയാറാകണം. പുതിയ ഗവണ്മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിഗണനാ വിഷയങ്ങളിലൊന്നായിത്തന്നെ ഇക്കാര്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. 

ഗ്രാമങ്ങളിലെ ദുരവസ്ഥ 

രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ 50 ശതമാനവും തൊഴിലെടുക്കുന്നത് കാര്‍ഷിക മേഖലയിലാണെങ്കിലും മൊത്ത അഭ്യന്തര ഉല്‍പാദനത്തിന്റെ 16 ശതമാനം മാത്രമാണ് ഈ രംഗത്തു നിന്നു ലഭിക്കുന്നത്. ഗ്രാമങ്ങളിലെ ദുരവസ്ഥയുടെ അടിസ്ഥാന കാരണം ഇതാണ്. കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്റെ ഇടപെടലിലൂടെ മാത്രമേ ഇതു സാധ്യമാകൂ. സര്‍ക്കാര്‍ ഇടപെടല്‍ നേരായ വഴിക്കായിരിക്കണം എന്നേയുള്ളു. വ്യക്തികള്‍ക്കു നേരിട്ടു പ്രയോജനം ലഭിക്കുന്ന (DBT) PM കിസാന്‍ പോലുള്ള പദ്ധതികള്‍ ശരിയായ ചുവടുകളാണ്. വായ്പ എഴുതിത്തള്ളുന്നതുപോലെയുള്ള ജനപ്രിയ പരിപാടികള്‍ ആരോഗ്യകരമായ വായ്പാ സംസ്‌കാരത്തിന് തീര്‍ത്തും വിരുദ്ധമാണ്. ഗ്രാമീണ മേഖലയിലെ ശോച്യാവസ്ഥ മറികടക്കുന്നതിന് ഹൃസ്വകാല പദ്ധതികള്‍ക്കു പുറമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും തുടങ്ങേണ്ടിയിരിക്കുന്നു. 

ബാങ്കിംഗ് രംഗത്തെ പരിഷ്‌കരണങ്ങള്‍

ബാങ്കിംഗ് പോലുള്ള രംഗങ്ങളിലും മാറ്റം ആവശ്യമാണ്. ചൈനയൊഴികെ ലോകത്തൊരു രാജ്യത്തും ബാങ്കിംഗ് മേഖലയുടെ 70 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍  ഇല്ല. വന്‍ കിട്ടാക്കടങ്ങള്‍ ചുമക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ (2018 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 82,000 കോടി രൂപ) സമ്പദ് വ്യവസ്ഥയ്ക്ക്  വലിയ ഭാരമാണ്. സര്‍ക്കാറിന്റെ വിഭവങ്ങള്‍ക്ക്   വലിയ തോതില്‍ പരിക്കേല്‍പിക്കുകയും ചെയ്യുന്നു.  പൊതുമേഖലാ ബാങ്കുകള്‍ക്കു വീണ്ടും മൂലധനം നല്‍കിയ ഇനത്തില്‍ സര്‍ക്കാര്‍ ചിലവിട്ട വന്‍ തുക കൂടുതല്‍ പ്രയോജനകരമായി  അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ സേവനങ്ങള്‍ക്കും  ഉപയോഗിക്കാമായിരുന്നു.

പ്രതീക്ഷാ ഘടകം

ഹൃസ്വകാലത്തേക്ക്  ഓഹരി വിപണി വൈകാരികതയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഇടക്കാലത്തേക്ക്  അത്  പ്രതീക്ഷയുടെ ചുമലിലേറി സഞ്ചരിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയെ സ്വാധീനിക്കുക കമ്പനികളുടെ ലാഭം തന്നെയായിരിക്കും. ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക്  സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ കോര്‍പറേറ്റ് ലാഭത്തില്‍ വര്‍ധനയുണ്ടാകും. വിപണിയുടെ കുതിപ്പു നില നിര്‍ത്താന്‍ ഈ പ്രതീക്ഷയ്ക്കു സാധിക്കും. എന്നാല്‍ ആഭ്യന്തരമോ പുറത്തു നിന്നുള്ളതോ ആയ കാരണങ്ങളാല്‍ നടന്നേക്കാവുന്ന തിരുത്തലുകളുടെ അപകട സാധ്യതയും വലുതാണ്. അതിനാല്‍ നിക്ഷേപകര്‍ ശ്രദ്ധയോടെയിരിക്കണം. പ്രതീക്ഷയ്ക്കു വകയുണ്ട്, എങ്കിലും അതിരുവിട്ട ആഹ്ലാദം അരുത്്. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com