Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശത്തോടെ ആരാധകർ പറയുന്നു; അങ്കം ജയിച്ചുവാ, ഇന്ത്യ

മനോജ് തെക്കേടത്ത്
Kohli-India

ഇങ്ങനെയൊരു കലാശപ്പോരാട്ടം ഇക്കുറി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആരും പ്രതീക്ഷിച്ചിരിക്കില്ല. സൂപ്പർ സൺഡേയിലെ പോരാട്ടത്തിന് നേർക്കുനേർ നിൽക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും. പ്രവചനങ്ങളെ മുഴുവനും കാറ്റിൽപ്പറത്തിയാണ് പാക്കിസ്ഥാൻ ഫൈനലിലെത്തിയതെങ്കിൽ, മറുവശത്ത് ഇന്ത്യയുടെ മുന്നേറ്റം നേരത്തേ പ്രതീക്ഷിച്ചതാണ്. ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത് ഇത് അ‍ഞ്ചാംതവണ. നേരത്തേ നടന്ന മൽസരങ്ങളിൽ രണ്ടു വീതം ജയങ്ങളോടെ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും പാക്കിസ്ഥാനും.

എന്നാൽ അഞ്ചാം പോരാട്ടം ഇതുവരെയുള്ള കളികൾ പോലെയല്ല. തിരിച്ചുവരവിന് അവസരമില്ലാത്ത, റീ ടേക്കുകളില്ലാത്ത തകർപ്പൻ പ്രകടനം ഇവിടെ കൂടിയേ തീരൂ. അല്ലാത്തപക്ഷം കയ്യിൽനിന്നകന്നുപോകുന്നത് മിനി ലോകകപ്പെന്ന ഖ്യാതിയുള്ള വലിയൊരു കിരീടമാകും. ലോക ക്രിക്കറ്റിലെ എട്ടു മുൻനിരക്കാർ മൽസരിക്കുന്ന ടൂർണമെന്റിലെ കിരീടം ആരാണ് മോഹിക്കാതിരിക്കുക?.

Dhawan

ഇക്കുറി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിഫൈനൽ ലൈനപ്പ് പൂർത്തിയായപ്പോൾ വാട്സാപ്പിലും മറ്റും പ്രചരിച്ച ഒരു തമാശയുണ്ട്. റീയൂണിയൻ ഓഫ് 1947. സെമിയിലെത്തിയ നാലു ടീമുകളെയും സൂചിപ്പിച്ചുകൊണ്ടുള്ള ഏതോ വിരുതന്റെ തമാശയായിരുന്നു അത്. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലദേശിനുമൊപ്പം ഇംഗ്ലണ്ട് കൂടി ഉൾപ്പെട്ട നാൽവർസംഘത്തെയാണ് പുനഃസമാഗമ സന്ദേശത്തിൽ ഉദ്ദേശിച്ചിരുന്നത്.

ആ നാൽവർ സംഘത്തിൽനിന്ന് ബംഗ്ലദേശിനെ ഇന്ത്യയും ഇംഗ്ലണ്ടിനെ പാക്കിസ്ഥാനും പുറത്താക്കിയതോടെ, അവശേഷിക്കുന്നത് രണ്ടേ രണ്ടു ടീമുകൾ. 1947 വരെ ഒരു മനമായിരുന്ന ദേശത്തിന്റെ പിൽക്കാല പ്രതിനിധികൾ. രണ്ടു കൊടികൾക്കും രണ്ടു വികാരങ്ങൾക്കും രണ്ടുതരം ആവേശങ്ങൾക്കും കീഴിൽ ഇരുടീമുകളും ഇറങ്ങുമ്പോൾ പ്രവചനങ്ങൾ അസാധ്യം. ടൂർണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യ തോറ്റതു ശ്രീലങ്കയോടു മാത്രം; പാക്കിസ്ഥാനാകട്ടെ  ഇന്ത്യയോടും. പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും തോൽപ്പിച്ച് സെമിയിലെത്തിയപ്പോൾ ഇന്ത്യയുടെ സെമിപ്രവേശം പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ജയങ്ങളോടെ. 

ഇങ്ങനെയൊക്കെയാണെങ്കിലും സെമിഫൈനൽ ചൂടുപിടിച്ചില്ലെന്നു പറയാതെ വയ്യ. തീർത്തും ഏകപക്ഷീയ ജയങ്ങളോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും സെമിഫൈനൽ കടന്നത്. ടൂർണമെന്റിലെ ഏറ്റവും സന്തുലിത നിരയെന്ന വിശേഷണത്തോടെയെത്തിയ ഇംഗ്ലണ്ടിനെ നിലം തൊടാൻ അനുവദിക്കാതെയാണ് പാക്കിസ്ഥാൻ തകർത്തെറിഞ്ഞത്. അതും കിടിലൻ ഓൾറൗണ്ട് പ്രകടനത്തിലൂടെ. മറുവശത്ത് ഇന്ത്യ ബംഗ്ലദേശിനെതിരെ ചെയ്തതും വ്യത്യസ്തമായിരുന്നില്ല. ബംഗ്ലദേശ് ബാറ്റിങ് നിര കുറച്ചുകൂടി നന്നായി പൊരുതാൻ ശ്രമിച്ചെന്നു മാത്രം. 

ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയ പ്രകടനം ഇന്ത്യയും സെമിയിൽ ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനം പാക്കിസ്ഥാനും ഫൈനലിൽ പുറത്തെടുത്താൽ ചാംപ്യൻസ് ട്രോഫി കണ്ട ഏറ്റവും മികച്ച ഫൈനലാകും നാളത്തേത്. കാരണം, ഈ രണ്ടു പ്രകടനങ്ങളും കറതീർന്നവയായിരുന്നു. പക്ഷേ, ചിരവൈരികളെന്ന നിലയിൽ കളത്തിലും കളത്തിനുപുറത്തെ കാര്യങ്ങളിലും നിൽക്കുന്ന രണ്ടു ടീമുകൾ പോരാടുമ്പോൾ എന്തു സംഭവിക്കുമെന്നത് അപ്രവചനീയം. എങ്കിലും മാനസിക ബലത്തിലും സ്ഥിരതയാർന്ന പ്രകടനത്തിലും ഇന്ത്യ ഒരു പണത്തൂക്കം മുന്നിൽനിൽക്കുന്നു എന്നതു പറയാതെ വയ്യ.

96263243

‘പാക്കിസ്ഥാൻ ജയിക്കണമെന്നാണ് ആഗ്രഹമെങ്കിലും സാധ്യത ഇന്ത്യയ്ക്കാണെന്ന്’ ഗ്രൂപ്പ് മൽസരത്തിനു മുൻപ് മു‍ൻ പാക്ക് താരം ശാഹിദ് അഫ്രീദി ഏറ്റുപറഞ്ഞിരുന്നു. ടീമിന്റെ ശക്തിദൗർബല്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള വിലയിരുത്തലായിരുന്നു അത്. ഇപ്പോഴും അത് ബാധകമാണുതാനും. ശിഖർ ധവാൻ വിശ്വരൂപം പൂണ്ടുനിൽക്കുകയാണ് ചാംപ്യൻസ് ട്രോഫിക്കു മുകളിൽ. വിരാട് കോഹ്‌ലിയുടെ നായകത്വം മിന്നിത്തിളങ്ങുകയാണ് ബാറ്റിങ്ങിൽ. ഫോമിലെത്തിയ രോഹിത് ശർമയും ഭീഷണിയായി നിൽക്കുന്നു. കത്തിക്കയറുന്ന യുവരാജ് സിങ്ങും കൂർമബുദ്ധിയുള്ള മഹേന്ദ്രസിങ് ധോണിയും ചേരുമ്പോൾ ബാറ്റിങ്ങിലെ ഇന്ത്യ വേരുറപ്പേറെയുള്ള വൻമരമാകും.

മറുവശത്ത് ബോളിങ്ങാണ് പാക്കിസ്ഥാന്റെ ശക്തി. വാസിം അക്രത്തിന്റെയും വഖാർ യൂനിസിന്റെയും ശുഐബ് അക്തറിന്റെയുമൊക്കെ പിൻഗാമികൾ മോശക്കാരല്ല എന്ന് ഇപ്പോഴത്തെ പാക്ക് ബോളിങ് നിരയും വിളിച്ചു പറയുന്നു. ഇവർ തമ്മിലുള്ള പോരാട്ടം കൊഴുക്കാതിരിക്കുന്നതെങ്ങനെ? 

Pakistan celebrates

ടൂർണമെന്റിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരും ഇന്ത്യൻ ഓപ്പണർമാരാണ്. നാലു കളികളിൽനിന്ന് 317 റൺസോടെ ശിഖർ ധവാൻ ഒന്നാമതും 304 റൺസോടെ രോഹിത് ശർമ രണ്ടാമതും. കോഹ്‌ലിയാണ് (253) അഞ്ചാംസ്ഥാനത്ത്. ബോളിങ്ങിലാകട്ടെ, പാക്കിസ്ഥാന്റെ ഹസൻ അലിയാണ് 10 വിക്കറ്റുമായി ആദ്യസ്ഥാനത്ത്. ഏഴുവിക്കറ്റുള്ള ജുനൈദ് ഖാൻ നാലാമതുണ്ട്. ബാറ്റിങ്ങിലെ ആദ്യ അഞ്ചു പേരിൽ പാക്ക് താരമോ ബോളിങ്ങിലെ ആദ്യ അഞ്ചുപേരിൽ ഇന്ത്യൻ താരമോ ഉൾപെട്ടിട്ടില്ല എന്നതുതന്നെ ടീമുകളിലെ ശക്തിദൗർബല്യങ്ങൾ വ്യക്തമാക്കും. 

എന്തായാലും കലാശപ്പോരാട്ടത്തിലും സാധ്യത ഇന്ത്യക്കുതന്നെ. പാക്കിസ്ഥാനെ അപേക്ഷിച്ച് സമ്മർദത്തിൽ വീണുപോകാത്ത ടീം ഇന്ത്യയുടേതാണ്. സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യയോടു തുലനം ചെയ്യുമ്പോൾ പൊതുവെ ചാഞ്ചല്യമുള്ളവരാണ് പാക്ക് ടീം. വിശേഷിച്ചും എതിരാളികൾ ഇന്ത്യയാകുമ്പോൾ. അതുകൊണ്ടുതന്നെ കിരീടം കോഹ്‌ലിപ്പടയുടെ കയ്യിലെത്തുമെന്നു കരുതണം. പക്ഷെ, ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയതുപോലെ അനായാസമാകില്ല ഇന്ത്യയുടെ വിജയം എന്നു മാത്രം.

Pakistan cricket fans

പരസ്പരം മൽസരിച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും ടൂർണമെന്റിൽ തുടക്കം കുറിച്ചത്. ഇപ്പോഴിതാ അവസാനം കുറിക്കാനും ഈ രണ്ടു ടീമുകൾതന്നെ. വിജയകഥകളിൽ മാറ്റമുണ്ടാകാതിരിക്കട്ടെ. ആവേശപുളകിതരായി കയ്യടിക്കുമ്പോഴും ചങ്കിടിക്കുമ്പോഴും ഒന്നറിയണം; ഇതു ക്രിക്കറ്റാണ്. ഒരു പന്തു മതി തലവര മാറിമറിയാൻ!

related stories