Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേന്ദ്രസിങ് ധോണിക്ക് പത്മഭൂഷൺ നൽകണമെന്ന് കേന്ദ്രത്തോട് ബിസിസിഐ

Mahendra Singh Dhoni

മുംബൈ ∙ രാജ്യത്തെ ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ പേര് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് ശുപാർശ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംംഭാവനകൾ ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇത്തവണ പത്മ പുരസ്കാരങ്ങൾക്ക് ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്ന ഏക പേര് ധോണിയുടെതാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന, പത്മ ശ്രീ, അർജുന പുരസ്കാരങ്ങൾ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷൺ നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11–ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോണി മാറും. സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, പ്രഫ. ഡി.ബി. ഡിയോദാർ, കേണൽ സി.കെ. നായിഡു, ലാലാ അമർനാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ പത്മഭൂഷൺ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

പുരസ്കാരത്തിന് ധോണി അർഹനാണെന്ന കാര്യത്തിൽ ബിസിസിഐയിലെ ആർക്കും സംശയമില്ലെന്നും ബോർഡ് അംഗങ്ങൾ ഏകകണ്ഠമായാണ് അദ്ദേഹത്തിന്റെ പേരു ശുപാർശ ചെയ്തതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും ഇന്ത്യയ്ക്ക് നേടിത്തന്ന ക്യാപ്റ്റനാണ് ധോണി.

അടുത്തിടെ ഏകദിനത്തിൽ 300 മൽസരങ്ങളെന്ന നാഴികക്കല്ലു പിന്നിട്ട ധോണി 302 മൽസരങ്ങളിൽനിന്ന് 9737 റൺസ് നേടിയിട്ടുണ്ട്. 90 ടെസ്റ്റ് മൽസരങ്ങളിൽനിന്ന് 4876 റൺസും 78 ട്വന്റി20 മൽസരങ്ങളിൽനിന്ന് 1212 റൺസും ധോണി സ്വന്തമാക്കി. ടെസ്റ്റിൽ ആറ്, ഏകദിനത്തിൽ 10 എന്നിങ്ങനെ 16 രാജ്യാന്തര സെഞ്ചുറികളും ധോണി കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ മൽസരത്തിൽ 100 രാജ്യാന്തര അർധസെഞ്ചുറികളെന്ന റെക്കോർഡും പിന്നിട്ടു.

വിക്കറ്റ് കീപ്പറെന്ന നിലയിലും സമാനതകളില്ലാത്ത നേട്ടത്തിന് ഉടമയാണ് ധോണി. ടെസ്റ്റ് ഏകദിന, ട്വന്റി20 മൽസരങ്ങളിൽനിന്നായി 584 ക്യാച്ചുകളും (ടെസ്റ്റിൽ 256, ഏകദിനത്തിൽ 285, ട്വന്റി20യിൽ 43) 163 സ്റ്റംപിങ്ങും ധോണിയുടെ പേരിലുണ്ട്.  

related stories