Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനെ 131 റൺസിനു തകർത്ത് രഞ്ജി ട്രോഫിയിൽ കേരളം വീണ്ടും വിജയാകാശത്ത്

Saxena-Sanju കേരളത്തിനായി സെഞ്ചുറി നേടിയ ജലജ് സക്സേനയുടെ ആഹ്ലാദം. സക്സേനയും സഞ്ജു സാംസണുമാണ് രണ്ടാം ചിത്രത്തിൽ. കടപ്പാട്: കെസിഎ ഫെയ്സ്ബുക് പേജ്

തിരുവനന്തപുരം ∙ തിരുവനന്തപുരം വീണ്ടും കേരളത്തിന്റെ ഭാഗ്യമൈതാനമായി. തുമ്പയിലെ സെന്റ് സേവ്യേഴ്സ് കെസിഎ സ്റ്റേഡിയത്തിൽ കരുത്തരായ രാജസ്ഥാനെ 131 റൺസിന് തകർത്ത് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ചുണക്കുട്ടികൾ വീണ്ടും വിജയവഴിയിൽ. രണ്ടാം ഇന്നിങ്സിൽ തോൽവി ഒഴിവാക്കുന്നതിന് പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിന്ന രാജസ്ഥാൻ താരങ്ങളെ 211 റൺസിന് ചുരുട്ടിക്കെട്ടിയാണ് കേരളം സീസണിലെ രണ്ടാം ജയം കുറിച്ചത്. 343 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച രാജസ്ഥാൻ 71 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്തായി. 30.4 ഓവറിൽ 85 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫാണ് രണ്ടാം ഇന്നിങ്സിൽ രാജസ്ഥാനെ തകർത്തത്. മൽസരത്തിലാകെ 10 വിക്കറ്റും അർധസെഞ്ചുറിയും സെഞ്ചുറിയും ഉൾപ്പെടെ 184 റൺസുമെടുത്ത ജലജ് സക്സേനയാണ് കളിയിലെ കേമൻ.

സ്കോർ: കേരളം – 335, 250/4 ഡിക്ലയേർഡ്, രാജസ്ഥാൻ – 243, 211

വിജയത്തോടെ മൂന്നു മൽസരങ്ങളിൽനിന്ന് കേരളത്തിന് 12 പോയിന്റായി. തിരുവനന്തപുരത്തു നടന്ന ആദ്യ മൽസരത്തിൽ കരുത്തരായ ജാർഖണ്ഡിനെ തോൽപ്പിച്ച കേരളം രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോട് അവരുടെ മൈതാനത്ത് തോൽവി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് തുമ്പയിലെ കെസിഎ മൈതാനത്ത് കേരളം വീണ്ടും വിജയം തൊട്ടത്. ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച വിഖ്യാത പരിശീലകൻ ഡേവ് വാട്മോറിനു കീഴിലാണ് കേരളം ഇത്തവണ കളിക്കുന്നത്.

നാലാം ദിനത്തിലും കരുത്തു ചോരാതെ കേരളം

മൂന്നാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടിന് 217 റൺസ് എന്ന നിലയിലായിരുന്നു കേരളം. 102 റൺസോടെ ജലജ് സക്സേനയും 72 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. എന്നാൽ, നാലാം ദിനം തുടക്കത്തിലേ കേരളത്തിനു തിരിച്ചടിയേറ്റു. സഞ്ജു സാംസൺ തലേന്നത്തെ അതേ സ്കോറിൽ പുറത്തായി. അശോക് മെനേരിയയ്ക്കായിരുന്നു വിക്കറ്റ്. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി 16 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 30 റൺസെടുത്ത് പുറത്തായതിനു പിന്നാലെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന നിലയിലായിരുന്നു കേരളം അപ്പോൾ. 157 പന്തിൽ 105 റൺസുമായി സക്സേന പുറത്താകാതെ നിന്നു.

ഏതാണ്ട് അപ്രാപ്യമായ 343 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ വെറും ഒരു റണ്ണുള്ളപ്പോൾ ഓപ്പണർമാർ രണ്ടും ‘സംപൂജ്യ’രായി മടങ്ങി. ഗൗതമിനെ സന്ദീപ് വാര്യരും ഹിതേഷ് യാഗ്നിക്കിനെ എം.ഡി. നിധീഷും പുറത്താക്കി. മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത റോബിൻ ബിസ്റ്റ്–ബിഷ്ണോയി സീനിയർ സഖ്യം പൊരുതിയെങ്കിലും സ്കോർ 64ൽ എത്തിയപ്പോൾ സിജോമോൻ ജോസഫിന്റെ ഇരട്ടപ്രഹരം. 39 പന്തിൽ 35 റൺസുമായി ബിഷ്ണോയി സീനിയറും റണ്ണൊന്നുമെടുക്കാതെ അശോക് മെനേരിയയും സിജോയ്ക്ക് കീഴടങ്ങി.

പിന്നീടായിരുന്നു കേരളത്തെ ഏറ്റവുമധികം വെള്ളംകുടിപ്പിച്ച കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ഇരുവരും അർധസെഞ്ചുറിയും പിന്നിട്ടതോടെ രാജസ്ഥാന് സമനില നേടാമെന്ന ആത്മവിശ്വാസമായി. എന്നാൽ, സ്കോർ 160ൽ നിൽക്കെ റോബിൻ ബിസ്റ്റിനെ പുറത്താക്കിയ സിജോമോൻ കേരളത്തിനു വീണ്ടും പ്രതീക്ഷ നൽകി. 143 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 70 റൺസെടുത്ത റോബിനെ സിജോമോൻ എൽബിയിൽ കുരുക്കി. പിന്നീട് രാജസ്ഥാന്റെ പ്രതിരോധം അധികം നീണ്ടില്ല. അർധസെഞ്ചുറി നേടിയ ലോംറോർ (140 പന്തിൽ ആറു ബൗണ്ടറികളോടെ 53), ബിഷ്ണോയി ജൂനിയർ (മൂന്ന്) എന്നിവരെ സക്സേനയും ധില്ലൻ (എട്ട്), ചാഹർ (21) എന്നിവരെ സിജോമോനും പുറത്താക്കിയതോടെ കേരളം വിജയത്തിലേക്കെത്തി.

‘മറുനാടൻ കരുത്തി’ൽ കേരളം

ഒന്നാം ഇന്നിങ്സിൽ തകർപ്പൻ അർധസെഞ്ചുറി, എതിരാളികൾ ബാറ്റിങ്ങിനെത്തിയപ്പോൾ എട്ടു വിക്കറ്റ് നേട്ടം. രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയിലേക്കു വളർന്ന ബാറ്റിങ് പ്രകടന. എതിരാളികളുടെ രണ്ടാം ഇന്നിങ്സിൽ വീണ്ടും 4 വിക്കറ്റ്! മൽസരത്തിലാകെ 10 വിക്കറ്റും 184 റൺസുമായി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ജലജ് സക്സേനയെന്ന മറുനാടൻ താരമാണ് ഈ മൽസരത്തിൽ കേരളത്തിനായി ഏറ്റവുമധികം തിളങ്ങിയത്. മധ്യപ്രദേശ് താരമായ ജലജ് സക്സേന കരാർ അടിസ്ഥാനത്തിലാണ് കേരളത്തിനു കളിക്കുന്നത്.

ജാർഖണ്ഡിനെതിരായ മൽസരത്തിലും മികച്ച ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങി കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ ജലജ്, കൂടുതൽ മികച്ച പ്രകടനമാണ് തുമ്പയിലെ മൈതാനത്ത് രാജസ്ഥാനെതിരെ പുറത്തെടുത്തത്.

ഒന്നാം ഇന്നിങ്സിൽ ഓപ്പണറായി ഇറങ്ങിയ ജലജ് സക്സേന 157 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 79 റൺസാണെടുത്തത്. രോഹൻ പ്രേമിനൊപ്പം രണ്ടാം വിക്കറ്റിൽ സക്സേന കൂട്ടിച്ചേർത്ത 164 റൺസാണ് ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ നട്ടെല്ലായത്. പിന്നീട് ബാറ്റിങ്ങിനെത്തിയ രാജസ്ഥാന്റെ എട്ടു വിക്കറ്റുകൾ പിഴുത സക്സേന ബോളു കൊണ്ടും തന്റെ താരമൂല്യം തെളിയിച്ചു. 33.3 ഓവറിൽ 85 റൺസ് മാത്രം വഴങ്ങിയായിരുന്നു സക്സേനയുടെ വിക്കറ്റ് വേട്ട. ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ രാജസ്ഥാൻ 243 റണ്‍സിന് പുറത്താകുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിലും വിഷ്ണു വിനോദിനൊപ്പം കേരള ഇന്നിങ്സിന് തുടക്കം കുറിച്ച ജലജ് സക്സേന, ഇത്തവണ തിരിച്ചുകയറിയത് തകർപ്പനൊരു സെഞ്ചുറിയുമായി. 157 പന്തിൽ ഒൻപതു ബൗണ്ടറികൾ ഉൾപ്പെടെ 105 റൺസെടുത്തു പുറത്താകാതെ നിന്ന സക്സേന, മൂന്നാം വിക്കറ്റിൽ സഞ്ജു സാംസണിനൊപ്പം 160 റൺസും കൂട്ടിച്ചേർത്തു. മൽസരത്തിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി കൂട്ടുകെട്ട്. സക്സേനയുടെ സെഞ്ചുറി, സഞ്ജുവിന്റെ അർധസെഞ്ചുറി എന്നിവയ്ക്കു പുറമെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ അതിവേഗ അർധസെഞ്ചുറി കൂടിയായതോടെ രാജസ്ഥാന് മുന്നിൽ കേരളം ഉയർത്തിയത് 343 റൺസിന്റെ വിജയലക്ഷ്യം.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച രാജസ്ഥാനെ ചുരുട്ടിക്കെട്ടാനുള്ള നിയോഗം സിജോമോൻ ജോസഫ് ഏറ്റെടുത്തെങ്കിലും മൂന്നു വിക്കറ്റുകൾ പിഴുത സക്സേനയും മോശമാക്കിയില്ല. എല്ലാറ്റിനുമൊടുവിൽ എന്നെന്നും ഓർമിക്കാൻ കേരളത്തിനു വീണ്ടുമൊരു വിജയം.

പിന്തുണച്ച് ‘നാടൻ’ താരങ്ങളും

രാജസ്ഥാനെതിരെ കേരളത്തെ മുന്നിൽനിന്ന് നയിച്ചത് സക്സേനയാണെങ്കിലും കേരള താരങ്ങളും മോശമാക്കിയില്ല. സക്സേനയ്ക്കു പുറമെ ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി കുറിച്ച രോഹൻ പ്രേം (237 പന്തിൽ 86), ക്യാപ്റ്റൻ സച്ചിൻ ബേബി (142 പന്തിൽ 78) എന്നിവരാണ് മൽസരത്തിൽ കേരളത്തിനു മേൽക്കൈ സമ്മാനിച്ചത്. 42 റൺസുമായി സഞ്ജു സാംസണും തിളങ്ങിയതോടെ ഒന്നാം ഇന്നിങ്സിൽ കേരളം സ്വന്തമാക്കിയത് 335 റൺസ്.

സക്സേനയുടെ എട്ടു വിക്കറ്റ് നേട്ടത്തിന്റെ കരുത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളത്തിനായി രണ്ടാം ഇന്നിങ്സിലും കേരള താരങ്ങൾ സാന്നിധ്യമറിയിച്ചു. സെഞ്ചുറിയുമായി ഇത്തവണയും സക്സേന മുന്നിൽനിന്ന് നയിച്ചപ്പോൾ തകർപ്പൻ അർധസെഞ്ചുറിയുമായി സഞ്ജു സാംസണും തിളങ്ങി. സഞ്ജു പുറത്തായതിനു ശേഷമെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും അടിച്ചു തകർത്തതോടെ കേരളം രാജസ്ഥാനു മുന്നിൽവച്ചത് 343 റൺസ് വിജയലക്ഷ്യം.

രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച സിജോമോൻ ജോസഫിന്റെ മികവിൽ രാജസ്ഥാനെ 211 റൺസിനു ചുരുട്ടിക്കെട്ടി കേരളത്തിന് വീണ്ടും വിജയമധുരം.