Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശം വിതറി കൊൽക്കത്ത ടെസ്റ്റ് സമനിലയിൽ; അവസാനദിനം ആഞ്ഞടിച്ച് ഇന്ത്യ

Virat Kohli സെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയുടെ പ്രകടനത്തിൽനിന്ന്

കൊല്‍ക്കത്ത∙ മഴമൂലം വിരസമായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശമാക്കാൻ ഇന്ത്യ നടത്തിയ ഡിക്ലറേഷൻ ഫലം കണ്ടു. വിരസമായ സമനിലയിൽ അവസാനിക്കേണ്ട മൽസരത്തിന് ആവേശകരമായ അന്ത്യം. സ്കോർ ഇന്ത്യ: 172 & 352/8. ശ്രീലങ്ക: 294 & 75/7. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനിൽതന്നെ എട്ടിനു 352 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു വച്ചുനീട്ടിയത് 231 റൺസിന്റെ വിജയലക്ഷ്യമാണ്. 119 പന്തിൽ 12 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 104 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ചെറുതല്ലാത്ത വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 26.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്. 11 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ലങ്കൻ ഇന്നിങ്സിൽ നാശം വിതച്ചത്. ഭുവനേശ്വറിന്റെ എട്ട് ഓവറുകൾ മെയ്ഡനുകളുമായിരുന്നു. മുഹമ്മദ് ഷാമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

CRICKET-IND-SRI

ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (79), ശിഖർ ധവാൻ (94), ചേതേശ്വർ പൂജാര (22), എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. രഹാനെ റണ്ണൊന്നുമെടുക്കാതെയും ജഡേജ ഒൻപതു റൺസുമെടുത്തും പുറത്തായി.

നാലാം ദിനം പേസർമാരുടെ കരുത്തിൽ ശ്രീലങ്കയെ 294 റൺസിനു പുറത്താക്കിയശേഷം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയിരുന്നു. നാലു വിക്കറ്റിന് 165 എന്ന സ്കോറുമായി നാലാം ദിനം കളി ആരംഭിച്ച ലങ്ക സ്കോർ 200 കടക്കുംവരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പിന്നീടായിരുന്നു ഇന്ത്യൻ പേസർമാരുടെ മിന്നൽ പ്രഹരം. ക്രീസിൽ ഉറച്ചുനിന്ന ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിനെയും നിരോഷൻ ഡിക്‌വെല്ലയെയും അടുത്തടുത്ത ഓവറുകളിൽ മുഹമ്മദ് ഷമി മടക്കി. ഷനകയെ ഭുവനേശ്വർ കുമാർ വിക്കറ്റിനു മുൻപിൽ കുടുക്കി. വെറും പത്തു റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. വാലറ്റത്തെ കൂട്ടുപിടിച്ചുള്ള ഓൾറൗണ്ടർ രംഗന ഹെറാത്തിന്റെ ഇന്നിങ്സാണ് (67) സ്കോർ 294ൽ എത്തിച്ചത്. 112 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ലങ്ക നേടി. ‌

ഷമിയും ഭുവനേശ്വറും നാലു വിക്കറ്റ് നേടിയപ്പോൾ, ലങ്കൻ ഇന്നിങ്സിലെ മറ്റു രണ്ടു വിക്കറ്റുകൾ പിഴുതത് ഉമേഷ് യാദവാണ്. ഇന്ത്യൻ മണ്ണിൽ ഇതു മൂന്നാം തവണയാണ് ഇന്ത്യൻ പേസർമാർ ഒരു ഇന്നിങ്സിലെ പത്തു വിക്കറ്റും സ്വന്തമാക്കുന്നത്.

ഒന്നാം ഇന്നിങ്സിലെ ലങ്കൻ പേസർമാരുടെ തന്ത്രങ്ങളൊന്നും രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരെ വിലപ്പോയില്ല. ഒന്നാം ഇന്നിങ്സിൽ ലങ്കൻ പേസർ ലക്മ‍ൽ മാത്രം എറിഞ്ഞത് ആറു മെയ്ഡൻ ഓവറുകളെങ്കിൽ, ഇന്നലെ ലങ്കൻ താരങ്ങൾക്ക് ആകെ എറിയാനായത് ഒരു മെയ്ഡൻ ഓവർ. ആവേശത്തോടെ ബാറ്റ് വീശിയ ധവാൻ 116 പന്തുകളിൽ 11 ഫോറുകളും രണ്ടു സിക്സറുകളും പറത്തി. പ്രതിരോധത്തിലൂന്നി കളിച്ച രാഹുലും പക്ഷേ റൺനിരക്കു താഴാതെ നോക്കി. കഴിഞ്ഞ പതിനൊന്നു ടെസ്റ്റ് ഇന്നിങ്സുകളിലെ ഒൻപതാം അർധ സെഞ്ചുറിയാണ് കർണാടക താരം ഇന്നലെ നേടിയത്. കഴിഞ്ഞ 11 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നായി ലോകേഷ് രാഹുൽ നേടിയത് 9 അർധ സെഞ്ചുറികളാണ്.

related stories