Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെഞ്ചൂറിയനിലും കറക്കിവീഴ്ത്തി ‘സ്പിൻ ബ്രോസ്’; ഇന്ത്യയ്ക്ക് അനായാസ ജയം

Kuldeep Chahal Kohli വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചാഹലും കുൽദീപും കോഹ്‍ലിയും.

സെ‍ഞ്ചൂറിയൻ ∙ ആ മാന്ത്രികവിരലുകളുടെ തന്ത്രവിസ്മയങ്ങളിൽ ഇന്ത്യയ്ക്ക് ഒരു ഗംഭീര വിജയം കൂടി. കൈക്കുഴ സ്പിന്നിന്റെ മുന്നിൽ നിലയുറയ്ക്കാതെപോയ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 32.3 ഓവറിൽ 118 റൺസിന് അവസാനിച്ചപ്പോൾ 20.3 ഓവറിൽ ഒൻപതു വിക്കറ്റിന് ഇന്ത്യ വിജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിലെ ഏറ്റവും ചെറിയ സ്കോറിനു പുറത്താക്കിയ ഇന്ത്യ ഇതോടെ ഏകദിനത്തിൽ ലോക ഒന്നാം നമ്പർ പദവിയും സ്വന്തമാക്കി. പരമ്പരയിൽ 2–0ന് ഇന്ത്യ മുന്നിൽ.

8.2 ഓവറിൽ വെറും 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലും ആറോവറിൽ 20 റൺസിനു മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവും ചേർന്നാണു ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയത്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനമാണു ചാഹലിന്റേത്. 2003 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുവരാജ് സിങ് ആറു റൺസിനു നാലു വിക്കറ്റെടുത്തതിന്റെ റെക്കോർഡ് പഴങ്കഥയായി. ചാഹലാണു മാൻ ഓഫ് ദ് മാച്ച്. മൂന്നാം ഏകദിനം ഏഴിനു കേപ്ടൗണിൽ നടക്കും.

വിജയത്തിലേക്കുള്ള ബാറ്റിങ് കുതിപ്പിൽ ഇന്ത്യയ്ക്കു നഷ്ടമായതു രോഹിത് ശർമയുടെ (15) വിക്കറ്റ് മാത്രം. ശിഖർ ധാവനും (56 പന്തുകളിൽ ഒൻപതു ബൗണ്ടറിയുമായി 51 റൺസ്), വിരാട് കോഹ്‌ലിയും (50 പന്തുകളിൽ നാലു ബൗണ്ടറിയും ഒരു സിക്സറുമായി 46 റൺസ്) ടീമിനെ അനായാസം 20.3 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു. സ്വന്തം നാട്ടിൽ പേസ് ബോളിങ് മികവിൽ എതിരാളികളെ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി.

എത്രയെത്ര സ്വപ്നങ്ങൾ കണ്ടാവും ഏകദിനത്തലേന്ന് ഐഡൻ മർക്രാം ഉറങ്ങിയിട്ടുണ്ടാവുക ! 23–ാം വയസ്സിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നായകസ്ഥാനം, അതും സ്വന്തം നാട്ടിൽ ! മൽസരശേഷം, ഇന്നലെ രാത്രിയും മർക്രാം എത്രയെത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും; എല്ലാം ദുഃസ്വപ്നങ്ങളായിരിക്കുമെന്നു മാത്രം ! ദക്ഷിണാഫ്രിക്കയുടെ മറ്റു ബാറ്റ്സ്മാൻമാരുടെ സ്ഥിതിയും ഏറെയൊന്നും വ്യത്യസ്തമാവില്ല. നാണംകെട്ട തോൽവിയുടെ നിരാശമറന്ന് ഒരുവിധം ഉറക്കത്തിലേക്കു വഴുതുമ്പോഴാവും സ്വപ്നത്തിൽ ഒരു പന്തു വന്നു മുന്നിൽ വീഴുന്നത്. ഗതി തിരിച്ചറിയാനാവാതെ പകച്ചുനിൽക്കുമ്പോൾ പിന്നിൽ സ്റ്റംപുകൾ നിലം പൊത്തുന്ന ഒച്ച. റിസ്റ്റ് സ്പിൻ ഇത്രയും കുഴപ്പംപിടിച്ച സംഗതിയാണെന്ന് അവരിപ്പോൾ തിരിച്ചറിയുന്നു. ഇമ്രാൻ താഹിറിനെപ്പോലെ ഒരു ലോകോത്തര സ്പിന്നർ ടീമിലുണ്ടായിട്ടും അവരുടെ ബാറ്റ്സ്മാൻമാർക്ക് ഒന്നും പിടികിട്ടുന്നില്ല.

രണ്ടു ഘട്ടങ്ങളിലായിരുന്നു ദക്ഷിണാഫ്രിക്കൻ വീഴ്ച. ആദ്യ വിക്കറ്റ് നഷ്ടമായതു 39 റൺസിൽ. പിന്നീട് 26 പന്തുകളിൽ 12 റൺസ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ കൂടി. ഇതിൽ ഒരു വിക്കറ്റ് ഭുവനേശ്വറിന്റെ സംഭാവന. മറ്റു മൂന്നു വിക്കറ്റുകൾ സ്പിന്നർമാരുടെ വക. അടുത്ത ഘട്ടം വീഴ്ച 99 റൺസിൽ തുടങ്ങി. അഞ്ചാം വിക്കറ്റ് 99ൽ വീണു. പിന്നീട് 36 പന്തുകൾ, 19 റൺസ്, ശേഷിക്കുന്ന വിക്കറ്റുകളും നിലംപൊത്തി. തലകുനിച്ചു മടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ ലോകക്രിക്കറ്റിലെ അപൂർവ കാഴ്ചകളിലൊന്നായി. ഇന്ത്യയുടെ രണ്ടു സ്പിന്നർമാരും കൂടി എട്ടു വിക്കറ്റ് സ്വന്തമാക്കാൻ വിട്ടുകൊടുത്തതു 42 റൺസ് മാത്രം. പരിചയസമ്പന്നരായ എ.ബി.ഡിവില്ലിയേഴ്സിന്റെയും ഫാഫ് ഡുപ്ലെസിയുടെയും അസാന്നിധ്യം ദക്ഷിണാഫ്രിക്കൻ വീഴ്ചയ്ക്ക് ആക്കം കൂട്ടിയെന്നതും സത്യം. 

വിമർശനത്തിന്റെ ‘ഷോർട് ബ്രേക്ക്’

സെഞ്ചൂറിയൻ ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മൽസരത്തിന് അസമയത്ത് ഉച്ചഭക്ഷണ ഇടവേള നൽകിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജയിക്കാൻ ഇന്ത്യ രണ്ടു റൺസ് മാത്രം അകലെ നിൽക്കെയാണ് അംപയർ അലീം ദാറും അഡ്രിയാൻ ഹോൾഡ്സ്റ്റോക്കും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റും കൂടി 40 മിനിറ്റ് ഇടവേളയ്ക്കു തീരുമാനിച്ചത്. ടിവി കമന്റേറ്റർമാരും ക്രിക്കറ്റ് വിദഗ്ധരും ഈ നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു.

രണ്ടാം ഏകദിനത്തിൽ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനു വിട്ട ഇന്ത്യ അവരെ വെറും 118 റൺസിനു പുറത്താക്കിയിരുന്നു. പിന്നീട് 18 ഓവറിൽ ഒരു വിക്കറ്റിന് 117 റൺസിൽ ഇന്ത്യ നിൽക്കെ അംപയർമാർ കളി നിർത്തിവച്ചു. പ്രീ ലഞ്ച് സെഷൻ മൂന്ന് ഓവറോളം ദീർഘിപ്പിച്ച ശേഷമായിരുന്നു ഈ അസാധാരണ തീരുമാനം. ‘അസംബന്ധം’ എന്നാണ് വെസ്റ്റ് ഇൻഡീസിന്റെ മുൻ ബോളിങ് ഇതിഹാസം മൈക്കൽ ഹോൾഡിങ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ‘ഉച്ചഭക്ഷണം കഴിഞ്ഞുവരൂ’ എന്നു ബാങ്കുകൾ ഇടപാടുകാരോടു പറയുന്നതു പോലെയാണ് അംപയർമാരുടെ പെരുമാറ്റമെന്നു വീരേന്ദർ സേവാഗ് പരിഹസിച്ചു. ഇരു ടീമിലെയും താരങ്ങൾക്കും അസമയത്തെ ഈ ബ്രേക്ക് ഇഷ്ടമായില്ല.

കുറ്റപ്പെടുത്താനാവില്ല: കെ.എൻ.രാഘവൻ (മുൻ രാജ്യാന്തര അംപയർ)

അംപയർമാരെ കുറ്റപ്പെടുത്താനാവില്ല. കാരണം നിയമ പ്രകാരം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന ഉച്ചഭക്ഷണ സമയത്തിൽ മാറ്റം വരുത്താൻ അവർക്ക് അവകാശമുള്ളത് ആദ്യ ഇന്നിങ്സ് ഉച്ചഭക്ഷണ സമയത്തിനു മുൻപുള്ള അരമണിക്കൂറിനുള്ളിൽ തീർന്നാൽ മാത്രമാണ്. അങ്ങനെയെങ്കിൽ മുൻകൂട്ടി ലഞ്ച് ബ്രേക്ക് നൽകാം. അര മണിക്കൂറിനു മുൻപേ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ഇന്നിങ്സ് അവസാനിച്ചാൽ രണ്ടാം ടീമിന്റെ ഇന്നിങ്സ് തുടങ്ങി നിശ്ചിത സമയത്തു മാത്രമായിരിക്കും ഉച്ചഭക്ഷണ ഇടവേള. ഇനി മഴ കാരണമോ മറ്റേതെങ്കിലും തരത്തിലോ കളി തടസ്സപ്പെട്ടാൽ ആവശ്യമെങ്കിൽ ക്യാപ്റ്റൻമാരുമായി ആലോചിച്ച് ഇടവേള സമയം മാറ്റാനോ കുറയ്ക്കാനോ അംപയർമാർക്കു കഴിയും.

ഇന്നലെ ഇന്ത്യക്കു ജയിക്കാൻ രണ്ടു റൺസ് മാത്രമുള്ളപ്പോൾ അംപയർമാർ ഉച്ചഭക്ഷണ ഇടവേള നൽകി എന്നതാണല്ലോ വിവാദം. ആ രണ്ടു റൺസ് ഉടൻതന്നെ ഇന്ത്യ നേടും എന്നെങ്ങനെ ഉറപ്പിച്ചുപറയാനാവും. അടുത്ത ഓവറിൽ തുടർച്ചയായി വിക്കറ്റ് വീണാലോ? കളി നീണ്ടുപോകാം. അതിനാൽ അംപയർക്ക് അങ്ങനെയേ തീരുമാനിക്കാനാവുമായിരുന്നുള്ളൂ. പിന്നെ ഉച്ചഭക്ഷണ, ചായ ഇടവേളകളെല്ലാം ടിവി സംപ്രേഷണവുമായി ബന്ധപ്പെട്ടു കൂടിയാണു തീരുമാനിക്കുന്നത്. ആ സമയത്തെ പരസ്യവരുമാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിനു പിന്നിലുണ്ട്. അതു മറികടക്കാൻ അംപയർമാർക്കു കഴിയില്ല.

related stories