Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ട്വന്റി20യിലും ജയം ഇന്ത്യയ്ക്ക്; പരമ്പര

india-team

കേപ്ടൗൺ ∙ ചരിത്രം ഇന്ത്യയ്ക്കു മുൻപിൽ ബാറ്റുവച്ചു കീഴടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മൽസരങ്ങൾ ജയിച്ച് ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകൾ പരമ്പര സ്വന്തമാക്കി. ഏകദിന പരമ്പര രണ്ടു കൂട്ടരും നേരത്തെ സ്വന്തമാക്കിയിരുന്നു. 

നിർണായകമായ മൂന്നാം ട്വന്റി20യിൽ ഏഴു റൺസിനു ജയിച്ചതോടെ 2–1നാണ് പുരുഷ ടീമിന്റെ പരമ്പര വിജയം. ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും ബാറ്റിങ് കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 173 റൺസിന്റെ വിജയലക്ഷ്യം. ദക്ഷിണാഫ്രിക്ക അവസാന പന്ത് വരെ കളിച്ചെങ്കിലും ആറു വിക്കറ്റിന് 165 റൺസിലൊതുങ്ങി. അവസാന ഓവറിൽ 18 റൺസ് വേണ്ടിയിരുന്ന അവർക്ക് ഭുവനേശ്വർ വിട്ടു നൽകിയത് 11 റൺസ്. 55 റൺസെടുത്ത ക്യാപ്റ്റൻ ഡുമിനിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 24 പന്തിൽ 49 റൺസ് അടിച്ചെടുത്ത ക്രിസ്റ്റ്യൻ ജോങ്കർ അവസാനം വരെ ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നൽകി. ഭുവനേശ്വറാണ് പരമ്പരയുടെ താരം.  27 പന്തിൽ 43 റൺസെടുത്ത റെയ്ന മാൻ ഓഫ് ദ് മാച്ച്. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വേണ്ടി ശിഖർ ധവാൻ 47 റൺസ് നേടിയപ്പോൾ റെയ്ന വമ്പനടികളിലൂടെ റൺവേട്ടയുടെ വേഗംകൂട്ടി. ഇരുവരും ചേർന്ന്  രണ്ടാം വിക്കറ്റിൽ 65 റൺസ് നേടി. മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും (21) ബാറ്റിങ്ങിൽ തിളങ്ങി ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയർ ഡാലെ മൂന്നുവിക്കറ്റു വീഴ്ത്തി.

 പുറംവേദനയെത്തുടർന്നു പുറത്തിരുന്ന വിരാട് കോഹ്‌ലിക്കു പകരം  രോഹിത് ശർമയാണു ടീമിനെ നയിച്ചത്. ആദ്യ ഓവറിൽ രണ്ടു തവണ പന്ത് അതിർവര കടത്തിയ രോഹിത് ശർമ മിന്നും തുടക്കമാണു കുറിച്ചതെങ്കിലും ഡാലയുടെ രണ്ടാം ഓവറിൽ വീണു. 

അകത്തേക്കു തിരിഞ്ഞ പന്തിന്റെ ഗതിയറിയാതെ എൽബി. കഴിഞ്ഞ കളിയിൽ ഇതേ മട്ടിൽ പുറത്തായപ്പോൾ റിവ്യു അവസരം കൂടി നഷ്ടമാക്കി മടങ്ങിയ രോഹിത് ഇത്തവണ അതിനു ശ്രമിച്ചില്ല. തുടർച്ചയായി മൂന്നാം തവണയാണു ഡാലയുടെ പന്തിൽ രോഹിത് പുറത്താകുന്നത്. ആ ഓവറിൽത്തന്നെ സിക്സറോടെ സുരേഷ് റെയ്ന സ്കോറിങ് തുടങ്ങി. 5.2 ഓവറിൽ ഇന്ത്യ 50 റൺസ് പിന്നിട്ടപ്പോൾ റെയ്ന 15 പന്തുകളിൽ 30 റൺസിലെത്തിയിരുന്നു.  

മറുഭാഗത്തു ശിഖർ ധവാൻ പതിയെയാണ് തുടങ്ങിയത്. 11 പന്തുകളിൽ 10 റൺസെടുത്തു നിൽക്കെ ധവാൻ നൽകിയ ക്യാച്ച് ഷംസി നഷ്ടമാക്കിയത് ഇന്ത്യയ്ക്കു ഭാഗ്യമായി.