Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം നിരക്കാർ ഒന്നാമൻമാരായി ഫൈനലിൽ; ഇന്ത്യയ്ക്കിത് കുട്ടിക്കളിയില്ല!

Indian-Cricket-Team-2

കൊളംബോ∙ കളിക്കുന്നത് രണ്ടാം നിരക്കാരായാലെന്ത്, ഒന്നാമൻമാരായിത്തന്നെ ടീം ഇന്ത്യ ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നു. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്കയോടു തോൽവി വഴങ്ങിയ ശേഷമാണ് തുടർച്ചയായി മൂന്നു മൽസരങ്ങൾ ജയിച്ച് രോഹിതും സംഘവും ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെയും മൂന്നാം മൽസരത്തിൽ ശ്രീലങ്കയെയും നാലാം മൽസരത്തിൽ വീണ്ടും ബംഗ്ലദേശിനെയും തോൽപ്പിച്ചാണ് ടീം ഇന്ത്യയുടെ മുന്നേറ്റം. ഇനി ഫൈനലിൽ ആരെ നേരിടണമെന്നറിയാനുള്ള കാത്തിരിപ്പാണ്.

നായകൻ രോഹിത് ശർമ വീണ്ടും സൂപ്പർഫോമിൽ തിരിച്ചെത്തിയ പോരാട്ടത്തിൽ ബംഗ്ലദേശിനെ 17 റൺസിനു വീഴ്ത്തിയാണ് ഫൈനലി‍ൽ സ്ഥാനം പിടിച്ചത്. അവസാന ലീഗ് മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശർമ നേടിയ 89 റൺസിന്റെ കരുത്തിൽ മൂന്നു വിക്കറ്റിന് 176 റൺസെടുത്തു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ ബംഗ്ലദേശിന്റെ പോരാട്ടം ആറു വിക്കറ്റിന്  ഓവറിൽ 159 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദറെന്ന പുതുമുഖ സ്പിന്നറാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും തിളങ്ങിയത്. നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും സാന്നിധ്യമറിയിച്ചു.

ഓരോ താരങ്ങളുടെയും പ്രകടനത്തിലൂടെ.

ശിഖർ ധവാൻ

കുറേ നാളുകളായി തുടരുന്ന ഫോം ഈ മൽസരത്തിലും ധവാൻ തുടർന്നു. ഒന്നാം വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം 70 റൺസിന്റെ കൂട്ടുകെട്ട് തീർക്കാനും ധവാനായി. ഇതാദ്യമായാണ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർമാർ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത്. മികച്ച തുടക്കം മുതലാക്കാനാകാതെ 27 പന്തിൽ 35 റൺസുമായി ധവാൻ കൂടാരം കയറുകയായിരുന്നു. അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെട്ട ധവാന്റെ ഇന്നിങ്സ് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.

രോഹിത് ശർമ

ക്യാപ്റ്റന്റെ ഫോമിനെച്ചൊല്ലി ആശങ്കപ്പെട്ടിരുന്ന ആരാധകർക്കും ടീമിനും ഉണർത്തുപാട്ടായി മാറിയ ഇന്നിങ്സാണ് ഈ മൽസരത്തിൽ രോഹിത് കളിച്ചത്. കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും രോഹിത് ഫോമിലേക്കെത്തിയത് ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കും. 61 പന്തുകൾ നീണ്ട ഇന്നിങ്സിൽ 89 റൺസെടുത്ത രോഹിതിന്റേത് ആരാധകർ കാണാനിഷ്ടപ്പെടുന്ന താരത്തിന്റെ ഷോട്ടുകളെല്ലാം നിറഞ്ഞ ഒരു ബാറ്റിങ് വിരുന്നുതന്നെയായിരുന്നു. തുടക്കത്തിൽ പന്തും റൺസും തമ്മിൽ കാര്യമായ അകലമില്ലാതെ പോയെങ്കിലും അവസാനമായപ്പോഴേക്കും അതു തിരുത്താനും രോഹിതിനായി.

സുരേഷ് റെയ്ന

ഇന്ത്യൻ ക്രിക്കറ്റിന് സുരേഷ് റെയ്ന എന്ന താരം എന്തുകൊണ്ട് പ്രധാനപ്പെട്ടവനാകുന്നു എന്നു തെളിയിച്ച മറ്റൊരു ഇന്നിങ്സായിരുന്നു ഇത്. മികച്ച തുടക്കം വലിയൊരു സ്കോറിലേക്ക് പരിവർത്തനപ്പെടുത്താനാകാതെ ഒരിക്കൽക്കൂടി മടങ്ങിയെങ്കിലും തന്നെക്കൊണ്ട് എത്രത്തോളം നാശം വിതയ്ക്കാനാകുമെന്നതിന്റെ സൂചനകൾ നൽകാൻ താരത്തിനായി. 30 പന്തിൽ 47 റൺസെടുത്ത റെയ്ന അർഹിച്ച അർധസെഞ്ചുറിയാണ് നഷ്ടമായത്. അഞ്ചു ബൗണ്ടറിയും രണ്ടു കൂറ്റൻ സിക്സുകളും ഉൾപ്പെട്ട ഇന്നിങ്സ് കയ്യടി കൊടുക്കാവുന്ന ഒന്നുതന്നെ.

ദിനേഷ് കാർത്തിക്

ഈ മൽസരത്തിൽ കാര്യമായി സാന്നിധ്യമറിയിക്കാനാകാതെ പോയ താരമാണ് ദിനേഷ് കാർത്തിക്. അവസാന ഓവറിൽ റെയ്ന പുറത്തായപ്പോൾ ക്രീസിലെത്തിയ കാർത്തിക്കിന് നേരിടേണ്ടി വന്നത് രണ്ടു പന്തുകൾ മാത്രം. രണ്ടു റൺസും നേടി. പിന്നീട് വിക്കറ്റിനു പിന്നിലും സുരക്ഷിത കരങ്ങളുമായി കാർത്തിക് കളം നിറഞ്ഞു. ലിട്ടൻ ദാസിനെ സ്റ്റംപു ചെയ്ത നീക്കവും കൊള്ളാം.

മനീഷ് പാണ്ഡെ, ലോകേഷ് രാഹുൽ

മൽസരത്തിൽ സാന്നിധ്യമറിയിക്കാൻ സാധിക്കാതെ പോയ മറ്റു രണ്ടു പേർ. ഓപ്പണർമാരും മൂന്നാമനായിറങ്ങിയ സുരേഷ് റെയ്നയും ചേർന്ന് ബംഗ്ല ബോളർമാരെ കൈകാര്യം ചെയ്തതിനാൽ ഇരുവർക്കും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. ഫീൽഡിങ്ങിലും കാര്യമായ അധ്വാനം വേണ്ടിവന്നില്ല. ബംഗ്ലദേശ് ക്യാപ്റ്റൻ മഹ്മൂദുല്ലയെ ചാഹലിന്റെ പന്തിൽ പുറത്താക്കാൻ രാഹുൽ നേടിയ ക്യാച്ചുണ്ട് ഓർമിക്കാൻ.

വാഷിങ്ടൻ സുന്ദർ

ബാറ്റിങ്ങിലെ താരം ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നെങ്കിൽ ബോളിങ്ങിൽ അതു നിശ്ചയമായും വാഷിങ്ടൻ സുന്ദറായിരുന്നു. വിക്കറ്റുകൾ കൈവശം ഇരുന്നിട്ടും ബംഗ്ലദേശിന് വിജയത്തിലെത്താനാകാതെ പോയതിന് ഒരു കാരണം സുന്ദറിന്റെ കണിശതയാർന്ന ബോളിങ്ങായിരുന്നു. അപകടകാരികളായ തമിം ഇക്ബാൽ, ലിട്ടൻ ദാസ്, സൗമ്യ സർക്കാർ എന്നിവരെ പുറത്താക്കാനും സുന്ദറിനായി.

വിജയ് ശങ്കർ

അരങ്ങേറ്റത്തിനുശേഷം ഇതുവരെ ബാറ്റിങ്ങിൽ കാര്യമായ അവസരം കിട്ടാതെ പോയ താരമാണ് വിജയ് ശങ്കർ. ഈ മൽസരത്തിലും അതിനു മാറ്റമില്ല. ഇത്തവണ ബോളിങ്ങിൽ പക്ഷേ ശങ്കർ സാന്നിധ്യമറിയിച്ചു. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും ബംഗ്ലദേശുകാരെ റൺസെടുക്കുന്നതിൽനിന്ന് തടഞ്ഞുനിർത്താൻ ശങ്കറിനായി. നാല് ഓവറിൽ 28 റൺസാണ് ശങ്കർ വിട്ടുകൊടുത്തത്. ശങ്കറിന്റെ ഓവറിൽ ബംഗ്ലാ ബാറ്റ്സ്മാൻമാർക്കു േനടാനായത് രണ്ടു ബൗണ്ടറികൾ മാത്രം.

ശാർദുൽ താക്കൂർ

കഴിഞ്ഞ മൽസരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശാർദുൽ താക്കൂറിന് ഈ മൽസരത്തിൽ അതേ മികവ് ആവർത്തിക്കാനായില്ലെന്നു പറയണം. നാല് ഓവറിൽ ഒരു വിക്കറ്റ് നേടാനായെങ്കിലും 37 റൺസാണ് താക്കൂർ വഴങ്ങിയത്. അതായത് ഒരു ഓവറിൽ ഒൻപതു റൺസിലെ റൺസ്. നാലു ബൗണ്ടറിയും ഒരു സിക്സുമാണ് താക്കൂർ വഴങ്ങിയത്.

മുഹമ്മദ് സിറാജ്

ടൂർണമെന്റിൽ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജിനെ നിർദാക്ഷിണ്യമാണ് ബംഗ്ലദേശുകാർ അടിച്ചോടിച്ചത്. ജയ്ദേവ് ഉനദ്കടിനു പകരം ലഭിച്ച അസരം മുതലാക്കാൻ സിറാജിനായില്ല. നാല് ഓവറിൽ 50 റൺസാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും സിറാജ് നേടി.

യുസ്‍‌വേന്ദ്ര ചാഹൽ

റൺ വിട്ടു നൽകുന്നതിൽ ചാഹൽ കാട്ടിയ പിശുക്കും ഈ മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കുന്നതിൽ നിർണായകമായി. ഇന്ത്യൻ ബോളർമാരിൽ റൺ വിട്ടുകൊടുക്കുന്നതിൽ ഏറ്റവും പിശുക്കു കാട്ടിയ ബോളറും ചാഹൽ തന്നെ, ബംഗ്ല ക്യാപ്റ്റൻ മഹ്മൂദുല്ലയുടെ വിക്കറ്റു നേടാനും ചാഹലിനായി. 

related stories