ADVERTISEMENT

ഗോൾ∙ ശ്രീലങ്കയും ന്യൂസീലൻഡും തമ്മിൽ ഗോളിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് ബാറ്റ്സ്മാന്റെ ഹെൽമറ്റിൽ ‘ഒളിച്ചു’ ! ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റു ചെയ്യവെ 82–ാം ഓവറിലാണ് സംഭവം. കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിൽ നിൽക്കുന്നു. ക്രീസിൽ വാലറ്റക്കാരൻ ട്രെന്റ് ബോൾട്ട്. ശ്രീലങ്കൻ സ്പിന്നർ ലസിത് എംബുൽദേനിയ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സ്വീപ് ചെയ്യാനുള്ള ബോൾട്ടിന്റെ ശ്രമത്തിനിടെയാണ് പന്ത് ‘അപ്രത്യക്ഷമായത്’.

എംബുൽദേനിയയുടെ പന്ത് ബോൾട്ടിന്റെ ബാറ്റിലുരസി ഹെൽമറ്റിനു മുന്നിലുള്ള ഗ്രില്ലിൽ തറയ്ക്കുകയായിരുന്നു. കമ്പികൾക്കിടയിൽ തറച്ചുകയറിയ പന്ത് അവിടെത്തന്നെയിരുന്നു. പന്തെവിടെപ്പോയെന്ന് അറിയാതെ ബോൾട്ട് അന്ധാളിച്ചു നിൽക്കുമ്പോൾ, പന്തിന്റെ ഇരിപ്പുകണ്ട് ചിരിപൊട്ടിയ അവസ്ഥയിലായിരുന്നു ശ്രീലങ്കൻ താരങ്ങൾ. പന്ത് എവിടെപ്പോയെന്ന് അറിയാതെ ചുറ്റിലും പരതുന്ന ബോൾട്ടിന്റെ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വല്ലയുടെ നേതൃത്വത്തിൽ ബോൾട്ടിനു ചുറ്റും ഓടിക്കൂടിയ ശ്രീലങ്കൻ താരങ്ങൾ പന്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബോൾട്ടിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയാണ് മൽസരം പുനഃരാരംഭിച്ചത്. എന്തായാലും ബോൾട്ടിന്റെ ഹെൽമറ്റിൽ പന്തു കുരുങ്ങിയതിന്റെ ചിത്രം ഐസിസിയും ട്വീറ്റ് ചെയ്തു. ‘കോട്ട് ആൻഡ് ബോൾട്ട്’ എന്ന കുറിപ്പോടെയാണ് ഐസിസി ചിത്രം ട്വീറ്റ് ചെയ്തത്.

ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ 249 റൺസിനു പുറത്തായി. ബോൾട്ട് 22 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 18 റൺസെടുത്ത് ഒൻപതാമനായാണ് പുറത്തായത്. 30 ഓവറിൽ 80 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത അഖില ധനഞ്ജയ, 15.2 ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്‌മൽ എന്നിവരാണ് കിവീസിനെ തകർത്തത്.

English Summary: Sri Lanka players in splits after Trent Boult hits ball into his helmet grill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com