ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസ് ബോളർ മുഹമ്മദ് ഷമിയുടെ ബിരിയാണി പ്രേമം പ്രശസ്തമാണ്. നിരവധി അവസരങ്ങളിൽ ഷമിയുടെ ഇഷ്ട ഭക്ഷണം ബിരിയാണിയാണെന്നു താരം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്ക് ബിരിയാണി കൊടുത്തുവിട്ടിരിക്കുകയാണ് താരം. ലോക്ഡൗണിലാണെങ്കിലും റംസാൻ പ്രമാണിച്ച് ബിരിയാണി ഉണ്ടാക്കുമ്പോൾ പ്രിയപ്പെട്ട പരിശീലകനെ അങ്ങനെ മറക്കാൻ സാധിക്കുമോ? രവി ശാസ്ത്രിക്കും കിട്ടി ഷമിയുടെ വക ഒരു പൊതി മട്ടൻ ബിരിയാണി.

രവി ശാസ്ത്രിക്കു ബിരിയാണി കൊടുത്തു വിടുന്ന കാര്യം ഷമി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രവി ഭായ് നിങ്ങൾക്കായി സെവിയാൻ, ഖീർ, മട്ടൻ ബിരിയാണി എന്നിവ പാക്ക് ചെയ്തു കൊടുത്തുവിട്ടിട്ടുണ്ട്. അൽപ സമയത്തിനകം അതു സ്വീകരിക്കാം– ഷമി ട്വിറ്ററിൽ കുറിച്ചു. രവി ശാസ്ത്രിക്കായി കൊടുത്തുവിട്ട വിഭവങ്ങളുടെ ചിത്രങ്ങളും ഷമി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ലോക്ഡൗണിലാണെങ്കിലും ബോളിങ് പരിശീലനത്തിന് മുഖ്യപ്രാധാന്യം നൽകി ഐപിഎൽ സീസണ് വേണ്ടി തയാറെടുക്കുകയാണ് മുഹമ്മദ് ഷമി ഇപ്പോൾ.

യുപിയിലെ സഹസ്പൂർ‌ ഗ്രാമത്തിലെ വീട്ടിലാണു ഷമി ലോക്ഡൗൺ കാലം ചെലവഴിക്കുന്നത്. ഐപിഎൽ 13–ാം സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണു താരം കളിക്കുന്നത്. രാജ്യത്തു കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലും രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളും എന്നു തുടങ്ങാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി20 ലോകകപ്പ് ഉൾപ്പെടെ മാറ്റിവയ്ക്കുന്നതിനായി ചർച്ചകൾ തുടരുകയാണ്. വീടുകളിൽ ആണെങ്കിലും ക്രിക്കറ്റ് പരിശീലനം നടത്തി സമയം ചെലവിടുകയാണ് ഇന്ത്യന്‍ താരങ്ങൾ.

അതേസമയം ആരാധകരെ പ്രവേശിപ്പിക്കാതെ സ്റ്റേ‍ഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാമെന്ന് സർക്കാർ അറിയിച്ചതോടെ ഷാർദൂൽ താക്കൂർ, ആർ. അശ്വിൻ തുടങ്ങിയ താരങ്ങൾ പരിശീലനത്തിനായി പുറത്തിറങ്ങുന്നുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിവേഗത്തിലായതിനാൽ ഇന്ത്യന്‍ ടീം ക്യാപ്റ്റൻ വിരാട് കോലി, അജിൻക്യ രഹാനെ, രോഹിത് ശര്‍മ എന്നിവരെല്ലാം ഇൻഡോർ ട്രെയിനിങ്ങിനാണു ശ്രദ്ധ കൊടുക്കുന്നത്.

English Summary: Mohammed Shami sends mutton biryani, kheer to Ravi Shastri on the occasion of Eid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com