ADVERTISEMENT

ഷാർജ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 34 റൺസ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ അർധ സെഞ്ചുറി (44 പന്തിൽ 60) നേടി. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നും ജയിച്ച മുംബൈയ്ക്ക് നിലവിൽ ആറ് പോയിന്റുണ്ട്.

ഡി കോക്കിന് അര്‍ധസെഞ്ചുറി,തിളങ്ങി പൊള്ളാർഡ്, പാണ്ഡ്യ ബ്രദേഴ്സ്

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റൺസെടുത്തു. മുംബൈ ഓപ്പണർ ക്വിന്റൻ ‍ഡി കോക്ക് അർധ സെഞ്ചുറി നേടി. 39 പന്തിൽ 67 റണ്‍സെടുത്താണു താരം പുറത്തായത്. ആദ്യ ഓവറിൽ തന്നെ മുംബൈ ഇന്ത്യൻസിന് ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. ആറ് റൺസ് മാത്രമെടുത്ത രോഹിത് സന്ദീപ് ശർമയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകിയാണു പുറത്തായത്. തുടർന്ന് വമ്പൻ അടികളുമായി കളം നിറഞ്ഞ സൂര്യകുമാർ യാദവും ‍ഡികോക്കും മുംബൈ സ്കോർ ഉയർത്തി. 18 പന്തിൽ 27 റൺസെടുത്ത് സൂര്യകുമാര്‍ മടങ്ങി. സിദ്ധാർഥ് കൗളിന്റെ പന്തിൽ ടി. നടരാജൻ ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. 11.3 ഓവറിൽ (69 പന്ത്) മുംബൈ സ്കോർ 100 പിന്നിട്ടു.

de-cock
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ക്വിന്റൻ ‍ഡി കോക്കിന്റെ ബാറ്റിങ്

ഇതിനിടെ ക്വിന്റൻ ‍ഡി കോക്ക് അർധസെഞ്ചുറി പൂർത്തിയാക്കി. 32 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സും പറത്തിയാണ് ഡി കോക്ക് അർധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 39 പന്തിൽ 67 റൺസെടുത്ത് താരം മടങ്ങി. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ സ്വന്തം പന്തിൽ ക്യാച്ചെടുത്താണ് ഡി കോക്കിനെ മടക്കിയത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമായിരുന്നു ഡി കോക്കിന്റേത്. രണ്ട് കളികളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ താരം കൊൽ‌ക്കത്തയ്ക്കെതിരെ 1 റൺ നേടി. ചെന്നൈയ്ക്കെതിരായ ആദ്യ കളിയിൽ താരം 33 റൺസെടുത്തിരുന്നു.

മുംബൈ സ്കോർ 147ൽ നിൽക്കെ ഇഷാൻ കിഷനും പുറത്തായി. 23 പന്തിൽ 31 റൺസെടുത്ത ഇഷാൻ കിഷന്റെ വിക്കറ്റ് സന്ദീപ് ശർമയ്ക്കാണ്. 16–ാം ഓവറിൽ ആരംഭിച്ച പൊള്ളാർഡ്– ഹാർദിക് പാണ്ഡ്യ സംഘം ആഞ്ഞടിച്ചതോടെ മുംബൈ 180 സ്കോർ പിന്നിട്ടു. അവസാന ഓവറിൽ സിദ്ധാർഥ് കൗളിന്റെ പന്ത് നേരിടാൻ ശ്രമിച്ച പാണ്ഡ്യ ബൗൾഡായി. 19 പന്തുകൾ നേരിട്ട പാണ്ഡ്യ 28 റൺസെടുത്തു. അവസാന നാലു പന്തുകളിൽ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയ ക്രുനാൽ‌ പാണ്ഡ്യ 20 റൺസെടുത്തു പുറത്താകാതെനിന്നു. പൊള്ളാർഡ് 13 പന്തിൽ 25 റൺസും സ്വന്തമാക്കി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ നേടിയത് 208 റൺസ്. ഹൈദരാബാദിനായി സിദ്ധാർഥ് കൗൾ‌, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഡേവിഡ് വാർണർക്ക് അർധസെഞ്ചുറി; വിജയം ഉദിക്കാതെ ഹൈദരാബാദ്

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് സൺറൈസേഴ്സിന് ലഭിച്ചത്. ജോണി ബെയർസ്റ്റോ താളം കണ്ടെത്തിയെങ്കിലും വലിയ സ്കോർ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. 15 പന്തുകൾ നേരിട്ട താരം 25 റൺസെടുത്തു പുറത്തായി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ ക്യാച്ചെടുത്താണ് ബെയർസ്റ്റോയുടെ പുറത്താകൽ. മനീഷ് പാണ്ഡെയും ഡേവിഡ് വാർണറും വിക്കറ്റ് കളയാതെ ബാറ്റ് വീശിയതോടെ ഹൈദരാബാദ് സ്കോർ ഉയർന്നു. 19 പന്തുകൾ നേരിട്ട പാണ്ഡെ 30 റൺസുമായാണു മടങ്ങിയത്. ജെയിംസ് പാറ്റിൻസന്റെ പന്തിൽ പൊള്ളാർ‌ഡാണ് പാണ്ഡെയുടെ ക്യാച്ചെടുത്തത്.

david-warner
മുംബൈയ്ക്കെതിരെ ഡേവിഡ് വാർണറുടെ ബാറ്റിങ്

ഇതിനിടെ ഡേവിഡ് വാർണർ അര്‍ധസെഞ്ചുറി പൂർത്തിയാക്കി. 34 പന്തുകൾ‌ നേരിട്ട വാർണർ നാല് ഫോറും രണ്ട് സിക്സും പറത്തിയാണ് അര്‍ധസെഞ്ചുറി തികച്ചത്. ട്രെന്റ് ബോൾട്ടിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് മൂന്നു റൺസ് മാത്രം നേടിയ കെയ്ൻ വില്യംസന്റെ പുറത്താകൽ‌. പ്രിയം ഗാർഗിനും കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. സ്കോർ 142ല്‍ നിൽക്കെ ഹൈദരാബാദിന്റെ അഞ്ചാം വിക്കറ്റ് വീണു. 44 പന്തിൽ 60 റൺസെടുത്ത ഡേവിഡ് വാർണറെ പാറ്റിന്‍സൻ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ ബൗണ്ടറികൾക്കായി തുടർ ശ്രമങ്ങൾ നടത്തിയ അഭിഷേക് ശർമ– അബ്ദുൽ സമദ് കൂട്ടുകെട്ടിനെയും മുംബൈ അധിക നേരം തുടരാൻ അനുവദിച്ചില്ല. ബുമ്ര എറിഞ്ഞ പന്ത് സമദ് ഉയര്‍ത്തിയടിച്ചപ്പോൾ അത് അനായാസം പിടിച്ചെടുത്തത് രോഹിത് ശർമ.

13 പന്തിൽ 10 റൺസെടുത്തു നിൽക്കെ അഭിഷേക് ശർമ ബൗൾഡായി. ഇരുപത് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ആകെ നേടിയത് 174 റൺസ്. മുംബൈ ഇന്ത്യൻസിന് 34 റൺസ് വിജയം. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിൻസൻ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary: IPL, Mumbai Indians vs Sunrisers Hyderabad, 17 th Match Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com