ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയശേഷം രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന്റെ വൈറൽ നൃത്തം. ഇന്നിങ്സിലെ ആദ്യപന്തിൽ തന്നെ പൃഥ്വി ഷായെ ക്ലീൻ ബൗൾഡാക്കിയാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആർച്ചർ ‘ബിഹു നൃത്തം’ പുറത്തെടുത്തത്. നമ്മുടെ വടക്കു–കിഴക്കൻ സംസ്ഥാനമായ അസമിലെ പരമ്പരാഗത നൃത്തമായ ‘ബിഹു നൃത്തം’ ആർച്ചറിനെങ്ങനെയാണ് പരിചയമെന്നല്ലേ? രാജസ്ഥാൻ ടീമിൽ സഹതാരമായ റിയാൻ പരാഗിനെ അനുകരിച്ചാണ് ആർച്ചർ കളത്തിലും നൃത്തച്ചുവടുകൾ പയറ്റിയത്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം പുരോഗമിക്കുന്തോറം വിക്കറ്റ് സ്ലോ ആകുമെന്നതിനാൽ, മികച്ച ടോട്ടൽ ലക്ഷ്യമിട്ടാണ് ‍ഡൽഹി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചത്. കളത്തിൽ പക്ഷേ, ഈ തീരുമാനം തിരിച്ചടിച്ചു. ആദ്യ ഓവർ ബോൾ ചെയ്ത ആർച്ചറിന്റെ ആദ്യ പന്ത് പ്രതിരോധിക്കാനുള്ള ഷായുടെ ശ്രമം പരാജയപ്പെട്ടു. താരം ക്ലീൻ ബൗൺഡ്. മാത്രമല്ല, ഗോൾഡൻ ഡക്കും!

വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് ആർച്ചർ കളത്തിൽ രസകരമായ ചുവടുകൾ പുറത്തെടുത്തത്. വിക്കറ്റ് നേട്ടത്തിൽ താരത്തെ അഭിനന്ദിക്കാനെത്തിയ റിയാൻ പരാഗ് ഉൾപ്പെടെയുള്ള താരങ്ങളെ സാക്ഷിനിർത്തിയായിരുന്നു ആർച്ചറിന്റെ നൃത്തം. റിയാൻ പരാഗും നൃത്തച്ചുവടുമായി ആർച്ചറിനൊപ്പം ചേർന്നു. മത്സരത്തിനായി കളത്തിലിറങ്ങും മുൻപ് ഡഗ്ഔട്ടിനു സമീപവും ആർച്ചറും റിയാൻ പരാഗും ‘ബിഹു’ ചുവടുകൾ വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇതേ വേദിയിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ച സിക്സർ കുറിച്ചതിനു പിന്നാലെയാണ് റിയാൻ പരാഗ് ഈ നൃത്തച്ചുവടുകൾ ആദ്യമായി പുറത്തെടുത്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടൊണ് ‘ബിഹു ഡാൻസി’ലെ ചുവടുകളാണ് ഇതെന്ന് വെളിപ്പെടുത്തിയത്. മത്സരശേഷം സഹതാരം രാഹുൽ തെവാത്തിയയെ പരാഗ് ഈ നൃത്തച്ചുവടുകൾ പഠിപ്പിക്കുന്ന വിഡിയോയും വൈറലായിരുന്നു.

English Summary: Jofra Archer Bihu Dance After Dismissing Prithvi Shaw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com