ADVERTISEMENT

കൊളംബോ∙ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോർഡ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഗ്ലൗ അണിഞ്ഞ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിച്ചതിന്റെ കൗതുകം മാറും മുൻപേ ലങ്കൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിലും സമാനമായൊരു വാർത്ത. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ വെസ്റ്റിൻഡീസിന്റെ ആന്ദ്രെ റസ്സലാണ് ഇക്കുറി കഥാനായകൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഗ്ലൗ അണിഞ്ഞ് ലങ്കൻ പ്രീമിയർലീഗിൽ കളിക്കാനിറങ്ങിയ റസ്സൽ, അതിവേഗ അർധസെഞ്ചുറിയുമായി റെക്കോർഡും സ്വന്തമാക്കി. വെറും 14 പന്തിൽനിന്നാണ് റസ്സൽ അർധസെ‍ഞ്ചുറി നേടിയത്.

മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് കൊളംബോ കിങ്സിനായി ആന്ദ്രെ റസ്സൽ ഐതിഹാസിക പ്രകടനം പുറത്തെടുത്തത്. ഓപ്പണറായിറങ്ങിയ റസ്സൽ, വെറും 14 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ടു. മത്സരത്തിലാകെ 19 പന്തുകൾ നേരിട്ട റസ്സൽ, ഒൻപതു ഫോറും നാലു സിക്സും സഹിതം 65 റൺസുമായി പുറത്താകാതെ നിന്നു. 10 പന്തിൽ പുറത്താകാതെ 21 റൺസെടുത്ത ലൗറി ഇവാൻസിന്റെ സംഭാവന കൂടി ചേർന്നതോടെ കൊളംബോ കിങ്സ് നിശ്ചിത അഞ്ച് ഓവറിൽ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ്.

പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ, ശ്രീലങ്കൻ താരം അഷിത ഫെർണാണ്ടോ, ഷാഹിദ് അഫ്രീദി തുടങ്ങിയവർ ഉൾപ്പെടുന്ന ബോളിങ് നിരയ്ക്കെതിരെ ആയിരുന്നു റസ്സലിന്റെ കടന്നാക്രമണം. ഐപിഎലിൽ മോശം ഫോമിലായിരുന്ന റസ്സലിന് കൊൽക്കത്തയ്ക്കായി ഈ സീസണിൽ കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും, കൊൽക്കത്തയുടെ ഗ്ലൗ അണിഞ്ഞ് ലങ്കൻ ലീഗിൽ അദ്ദേഹം കരുത്തുകാട്ടി. പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ രണ്ടു സിക്സും മൂന്നു ഫോറുമാണ് റസ്സൽ അടിച്ചുകൂട്ടിയത്. ഐപിഎലിൽ ഈ സീസണിൽ 10 മത്സരങ്ങളിൽനിന്ന് ആകെ 117 റൺസാണ് റസ്സൽ നേടിയത്. 25 റൺസായിരുന്നു ഉയർന്ന സ്കോർ.

കൊളംബോ കിങ്സ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോൾ ഗ്ലാഡിയേറ്റേഴ്സിന് നേടാനായത് അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് മാത്രം. റസ്സലിന്റെയും സംഘത്തിന്റെയും വിജയം മഴനിയമപ്രകാരം 34 റൺസിന്. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ് നയിക്കുന്ന കൊളംബോ കിങ്സിന്റെ തുടർച്ചയായ രണ്ടാം ജയം കൂടിയാണിത്.

English Summary: Andre Russell hits 14-ball fifty in Lanka Premier League as Colombo Kings score record 96 in five overs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com