ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായ വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത് എന്നിവരെ മാറ്റിമാറ്റി പരീക്ഷിക്കാനുള്ള തീരുമാനം താരങ്ങളെ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുകയെന്ന് ഗംഭീര്‍ ആരോപിച്ചു. രണ്ട് വിക്കറ്റ് കീപ്പർമാരോടുമുള്ള അനീതിയാണ് ഇതെന്നും ഗംഭീര്‍ ആരോപിച്ചു. ഇന്ത്യ– ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ സാഹയാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. എന്നാൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.

തുടര്‍ന്ന് ബോക്സിങ് ഡേ ടെസ്റ്റിനുള്ള ടീമിൽനിന്ന് സാഹയെ ഒഴിവാക്കി പകരം ഋഷഭ് പന്തിനെ എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്. പന്ത് പരാജയപ്പെട്ടാൽ ഇന്ത്യൻ ടീം വീണ്ടും ഇതുതന്നെ ആവർത്തിക്കുമോയെന്നും ഗംഭീർ ചോദിച്ചു. ഇതു ദൗർഭാഗ്യകരമാണ്. വൃദ്ധിമാൻ സാഹ ആകെ ഒരു ടെസ്റ്റ് മത്സരം മാത്രമാണു കളിച്ചത്. അതിൽ മികച്ച പ്രകടനം ഇല്ലാത്തതിനാൽ അദ്ദേഹത്തെ പുറത്താക്കി. ഇനിയുള്ള മത്സരങ്ങളിൽ പന്തും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? വീണ്ടും സാഹയെ തന്നെ കളിപ്പിക്കുമോ?– ഒരു യൂട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗംഭീർ ചോദിച്ചു.

കളിക്കാരെ സുരക്ഷിതമാക്കുന്നതിനു സംസാരമല്ല, പകരം പ്രവർത്തിക്കുകയാണു വേണ്ടതെന്നും ഗംഭീർ ആവശ്യപ്പെട്ടു. എന്നാല്‍ ടീം മാനേജ്മെന്റ് അതിൽ പരാജയപ്പെട്ടു. ഇതേ കാരണം കൊണ്ടാണ് ടീം സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതെന്നും ഗംഭീർ ആരോപിച്ചു. നമ്മളെല്ലാം പിന്തുണയ്ക്കാനുണ്ടെന്ന ഉറപ്പാണ് കായികതാരങ്ങൾക്കു വേണ്ടത്. ഇന്ത്യയല്ലാതെ വേറെ ഒരു ടീമും സാഹചര്യങ്ങൾക്ക് അനുസരിച്ച് വിക്കറ്റ് കീപ്പർമാരെ മാറ്റുന്നില്ല. ഇന്ത്യൻ ടീം ബോളർമാരോടും ഇതേ കാര്യമാണ് ചെയ്യുന്നതെന്നും ഗംഭീർ ആരോപിച്ചു. വിദേശരാജ്യങ്ങളിൽ കളിക്കുമ്പോൾ സാഹചര്യം നോക്കി രണ്ട് സ്പിന്നർമാരെ കളിപ്പിക്കുന്നു. അതു മനസ്സിലാക്കാം. എന്നാല്‍ കീപ്പർമാരുടെ കാര്യത്തിൽ വേറെ ഏതു ടീമാണ് ഇങ്ങനെ പരീക്ഷണങ്ങൾ നടത്തുന്നതെന്നും ഗംഭീർ ചോദിച്ചു.

English Summary: Indian team management has been unfair to both Wriddhiman Saha and Rishabh Pant: Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com