ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ നികുതിയിളവു നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് നടത്തിപ്പിനായി നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ടി വരിക 906 കോടിയോളം രൂപ! വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേന്ദ്രസർക്കാർ ഭാഗിക ഇളവു നൽകാൻ തയാറായാൽപ്പോലും 227 കോടിയോളം രൂപ ബിസിസിഐ നികുതിയായി അടയ്ക്കണം.

നികുതിയിളവിനായുള്ള ബിസിസിഐയുടെ അപേക്ഷയിൽ കേന്ദ്ര സർക്കാർ ഇനിയും തീരുമാനം അറിയിക്കാത്ത സാഹചര്യത്തിൽ, ഏഴാം ട്വന്റി20 ലോകകപ്പിന്റെ റിസർവ് വേദിയായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യുഎഇയെ നിശ്ചയിച്ചു. കേന്ദ്ര സർക്കാരിന്റെ പക്കൽനിന്ന് നികുതിയളവ് നേടിയെടുക്കുന്നതിൽ ബിസിസിഐ പരാജയപ്പെട്ടാൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് നടത്തിപ്പ് അവകാശം യുഎഇയ്ക്ക് പോകുമെന്ന് അർഥം.

നികുതിയിളവിനായി ബിസിസിഐ നൽകിയ അപേക്ഷ ദീർഘ നാളായി കേന്ദ്ര ധനകാര്യവകുപ്പിന്റെ മേശപ്പുറത്ത് തീർപ്പ് കാത്തുകിടക്കുകയാണ്. നികുതിയിളവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കുന്നതിന് 2019 ഡിസംബർ 31, 2020 ഡിസംബർ 31 എന്നീ തീയതികൾ സമയപരിധിയായി ഐസിസി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇതുവരെയും അന്തിമ തീരുമാനം അറിയിക്കാൻ ബിസിസിഐയ്ക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് വ്യാപനം നിമിത്തം ലോകകപ്പ് നടത്തിപ്പ് നീണ്ടുപോയതോടെ ഇക്കാര്യത്തിൽ ഐസിസി സമയപരിധി വീണ്ടും നീട്ടിനൽകിയിട്ടുണ്ട്.

നിലവിൽ ബിസിസിഐയ്ക്കു മുന്നിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ രണ്ട് സാധ്യതകളാണ് വച്ചിരിക്കുന്നത്. ഒന്ന്, ലോകകപ്പ് നടത്തിപ്പ് അവകാശം യുഎഇയ്ക്ക് നൽകുക. രണ്ട്, നികുതിയിളവ് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അതിന്റെ ഭാരം ബിസിസിഐ സ്വയം വഹിക്കുക. ഇളവ് ഒട്ടും ലഭിച്ചില്ലെങ്കിൽ 906.33 കോടി രൂപയും ഭാഗിക ഇളവു ലഭിച്ചാൽ 226.58 കോടി രൂപയുമാണ് ഇത്തരത്തിൽ ബിസിസിഐ കേന്ദ്ര സർക്കാരിന് നൽകേണ്ടി വരിക.

ഇതിനു മുൻപ് ഇന്ത്യ ആതിഥ്യം വഹിച്ച 2011 ലോകകപ്പിന്റെ സമയത്തും നികുതിയിളവിനായുള്ള ബിസിസിഐയുടെ അപേക്ഷയിൽ തീരുമാനമെടുക്കുന്നത് അന്നത്തെ മൻമോഹൻ സിങ് സർക്കാർ ദീർഘകാലത്തേക്ക് വൈകിച്ചിരുന്നു. ഒടുവിൽ ഐസിസി നൽകിയ അവസാന സമയപരിധിക്കു തൊട്ടുമുൻപാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് നികുതിയിളവ് അനുവദിച്ചത്.

അതേസമയം, ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്റി20 ലോകകപ്പിന് നരേന്ദ്ര മോദി സർക്കാർ 10 ശതമാനം നികുതിയിളവ് മാത്രമാണ് അനുവദിച്ചത്. ഇതേത്തുടർന്ന് ടൂർണമെന്റിന്റെ ലാഭ വിഹിതത്തിൽ ബിസിസിഐയ്ക്ക് ലഭിക്കേണ്ട തുകയിൽ ഐസിസി വലിയ കുറവു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടുമില്ല.

English Summary: 2021 T20 World Cup: Hosts BCCI may end up paying Rs 906 crore tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com