ADVERTISEMENT

ജൊഹാനാസ്ബർഗ്∙ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ രണ്ടര ദിവസത്തോളം കളി ബാക്കിനിൽക്കെ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. രണ്ടാം ഇന്നിങ്സിൽ 67 റൺസിന്റെ ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക, വെറും 13.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാക്കാതെ വിജയത്തിലെത്തി. ഓപ്പണർമാരായ എയ്ഡൻ മക്രം 53 പന്തിൽ 36 റണ്‍സോടെയും ഡീൻ എൽഗാർ 27 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സിനും 45 റൺസിനും ജയിച്ചിരുന്നു.

ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ ഡീൻ എൽഗാറാണ് കളിയിലെ കേമൻ. പരമ്പരയുടെ താരവും എൽഗാർ തന്നെ. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ എൽഗാർ 95 റൺസെടുത്ത് പുറത്തായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 211 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 67 റൺസായി നിശ്ചയിക്കപ്പെട്ടത്. പൊരുതി നേടിയ സെഞ്ചുറിയുമായി കരുത്തുകാട്ടിയ ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയ്ക്കു മാത്രമാണ് ലങ്കയുടെ രണ്ടാം ഇന്നിങ്സിൽ തിളങ്ങാനായത്. കരുണരത്‌നെ 128 പന്തിൽ 19 ഫോറുകളോടെ 103 റൺസെടുത്തു. കരുണരത്‌നെയ്ക്കു പുറമെ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ലഹിരു തിരിമാന്നെ 57പന്തിൽ 31 റൺസും വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ല 68 പന്തിൽ 36 റൺസും വാനിന്ദു ഹസരംഗ 32 പന്തിൽ 16 റൺസുമെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാലും ലൂഥോ സിംപാല മൂന്നും ആൻറിജ് നോർട്യ രണ്ടും വിയാൻ മുൾഡർ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ നോർട്യ മത്സരത്തിലാകെ എട്ട് വിക്കറ്റ് സ്വന്തമാക്കി.

English Summary: South Africa vs Sri Lanka, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com