ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കിന് ഇത് അത്ര നല്ല കാലമല്ല. ധോണി വിരമിച്ചെങ്കിലും കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരെ മറികടന്ന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ കാർത്തിക്കിന് സാധിച്ചിട്ടില്ല. യുഎഇയിൽ നടന്ന ഐപിഎല്ലിലും മോശം പ്രകടനമായിരുന്നു കാർത്തിക്കിന്റേത്. ബാറ്റിങ്ങില്‍ തിളങ്ങാൻ സാധിക്കാതിരുന്ന താരത്തിന് സീസണിന്റെ പകുതിക്കുവച്ച് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു.

ക്വാറന്റീനിലുള്ളപ്പോൾ സമയം കളയാൻ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാമെന്ന് കാർത്തിക്ക് കഴിഞ്ഞ ദിവസം ട്വിറ്ററിൽ അറിയിച്ചിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ താരത്തോടു ചോദിച്ചത്. ഹാർദിക് പാണ്ഡ്യയെക്കുറിച്ച് ഒരു വാക്കിൽ അഭിപ്രായം പറയാമോയെന്നാണ് ഒരു ആരാധകൻ കാർത്തിക്കിനോട് ചോദിച്ചത്. എന്നാൽ പാണ്ഡ്യയുമായുള്ള സൗഹൃദത്തെ ഒരു വാക്കിൽ‌ വിശേഷിപ്പിക്കാൻ സാധിക്കില്ലെന്നാണ് കാർത്തിക്കിന്റെ പക്ഷം. പകരം ഒരുവാക്യം തന്നെ പറയാമെന്നും കാർത്തിക്ക് പ്രതികരിച്ചു.

മറ്റൊരു അമ്മയിൽനിന്നുള്ള സഹോദരൻ എന്നായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ഹാർദിക് പാണ്ഡ്യയുടെയും ശ്രദ്ധയിൽപെട്ടിരുന്നു. കാർത്തിക്കിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പാണ്ഡ്യ കുറിച്ചു– നിങ്ങള്‍ എന്നെ കരയിക്കും. എന്തായാലും രണ്ടു താരങ്ങളുടെയും ട്വിറ്ററിലെ പ്രതികരണങ്ങൾ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമി ഫൈനലിലാണ് കാർത്തിക്ക് ഒടുവിൽ കളിച്ചത്.

2004ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും ഇന്ത്യൻ ടീമില്‍ സ്ഥിരം സാന്നിധ്യമാകാൻ ദിനേഷ് കാർത്തിക്കിന് സാധിച്ചിരുന്നില്ല. 26 ടെസ്റ്റും 94 ഏകദിനങ്ങളും 32 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 16 അർധസെഞ്ചുറികളും ദിനേഷ് കാർത്തിക്ക് ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.

English Summary: ‘You will make me cry’ – Hardik Pandya after Dinesh Karthik calls him brother from another mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com